കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മുന്നേറ്റമുറപ്പിക്കാന്‍ ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്കുപിന്നാലെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം മുന്നോട്ടുവെക്കുന്നത് ബഹുമുഖ കര്‍മപദ്ധതി. പാര്‍ട്ടിയില്‍ നേതാക്കള്‍ ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന സന്ദേശം പുറത്തേക്ക് നല്കാനുതകുന്ന വിധത്തിലാണ് പദ്ധതി. സംസ്ഥാന സര്‍ക്കാരിനെതിരായ പോരാട്ടം കടുപ്പിക്കുന്നതിനൊപ്പം തിരഞ്ഞെടുപ്പുകളില്‍ എല്ലാവിഭാഗം വോട്ടര്‍മാരേയും ഒപ്പംനിർത്തുന്നതിനുള്ള നടപടികളും കൈക്കൊള്ളാനാണ് തീരുമാനം.
സംസ്ഥാന സര്‍ക്കാരിനെതിരേ വിട്ടുവീഴ്ചയില്ലാതെ പോരാടാനാണ് നേതൃത്വത്തിന്റെ നിര്‍ദേശം. സഭയില്‍ സര്‍ക്കാരിനെതിരായ പോരാട്ടത്തിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും നേതൃത്വം നല്‍കും. ഇരുവരും സഭയില്‍ വിഷയങ്ങള്‍ ഉന്നയിക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ചൊല്ലി സതീശനും ചെന്നിത്തലയും തമ്മില്‍ തര്‍ക്കമുണ്ടെന്ന സി.പി.എം പ്രചാരണത്തിന്റെ മുനയൊടിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.
കോണ്‍ഗ്രസിന്റെ നിക്ഷേപ-തൊഴില്‍ അനുകൂല നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടുന്നതിനുമുള്ള പ്രചാരണത്തിന് ശശി തരൂര്‍ എം.പി. നേതൃത്വം നല്‍കിയേക്കും. ഈ രംഗങ്ങളിലെ പാര്‍ട്ടിയുടെ നയരൂപവത്കരണത്തിലും തരൂര്‍ സജീവമാകും. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ സ്റ്റാര്‍ട്ട്- അപ്പ് നയങ്ങളെ പ്രകീര്‍ത്തിച്ച് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയ തരൂരിനേത്തന്നെ ഇതിനായി നിയോഗിക്കുന്നതിലൂടെ സി.പി.എമ്മിന് തിരിച്ചടി നല്‍കാമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. പാര്‍ട്ടിയില്‍നിന്ന് വലിയ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ തരൂരിന് പിന്തുണയുമായി സി.പി.എം. നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. തരൂരിന്റെ ലേഖനം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച സി.പി.എമ്മിന് അതേ നാണയത്തിലുള്ള തിരിച്ചടി നല്കാന് കഴിയുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടല്‍.
കേരളത്തിലെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് മുന്‍ സംസ്ഥാന അധ്യക്ഷന്മാര്, മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും. പ്രധാനപ്പെട്ട തീരുമാനങ്ങളിലും അടിതട്ടില്‍ പാര്‍ട്ടിയെ ചലിപ്പിക്കുന്നതിനും മുന്‍ അധ്യക്ഷന്മാര് അടക്കമുള്ളവരുടെ നേതൃപരിചയം ഉപയോഗപ്പെടുത്താനും നിര്‍ദേശമുണ്ട്.
എ.ഐ.സി.സി.യുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി യുവാക്കള്‍, കന്നി വോട്ടര്‍മാര്‍, മത- സാമൂഹിക സംഘടനകള്‍ എന്നിവരുമായി ഫലപ്രദമായി ഇടപെടുന്നതിനും കെ.പി.സി.സി. കര്‍മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. യുവാക്കളെയും പുതിയ വോട്ടര്‍മാരെയും ലക്ഷ്യമിട്ടുള്ള സാമൂഹികമാധ്യമ കാമ്പയ്നുകളില്‍ സജീവമാകാന്‍ യുവ നേതാക്കള്‍ക്ക് എ.ഐ.സി.സി. നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനുമൊരുങ്ങാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനായി ഹൈക്കമാന്‍ഡ് ഡല്‍ഹിയില്‍ കേരള നേതാക്കളുടെ യോഗം വിളിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി നീങ്ങാനും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാനും ഏകകണ്ഠമായി തീരുമാനമെടുത്താണ് യോഗം പിരിഞ്ഞത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാല്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
ജനങ്ങള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ജനവികാരം മാനിച്ചാവണം നേതാക്കള്‍ മുന്നോട്ടുപോകേണ്ടതെന്നുമുള്ള വികാരമാണ് യോഗത്തില്‍ സംസാരിച്ച എം.പി.മാരടക്കമുള്ള എല്ലാ നേതാക്കളും പങ്കുവെച്ചത്. നേതൃസ്ഥാനത്തേക്ക് ഒരാളെയും എടുത്തുകാണിച്ചുള്ള പ്രചാരണം വേണ്ടെന്നും സംയുക്തനേതൃത്വമാണ് വേണ്ടതെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു.
പ്രിയങ്കാഗാന്ധി, വി.ഡി. സതീശന്, കെ. സുധാകരന്, രമേശ് ചെന്നിത്തല, വി.എം. സുധീരന്, പി.ജെ. കുര്യന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. എം.എം. ഹസന്, റോജി എം. ജോണ്‍, ടി.എന്‍. പ്രതാപന്, പി.സി. വിഷ്ണുനാഥ്, ബിന്ദുകൃഷ്ണ, ഷാനിമോള്‍ ഉസ്മാന്, പി.കെ. ജയലക്ഷ്മി, എം.പി.മാരായ കൊടിക്കുന്നില്‍, രാജ്മോഹന്‍ ഉണ്ണിത്താന്, അടൂര്‍ പ്രകാശ്, ബെന്നി ബെഹനാന്, ഹൈബി ഈഡന്, ഷാഫി പറമ്പില്‍, വി.കെ. ശ്രീകണ്ഠന്, എം.കെ. രാഘവന്, ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ്, ജെബി മേത്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരനും അസൗകര്യം അറിയിച്ചിരുന്നു.
ഏപ്രിലില്‍ കേരളത്തില്‍ വാര്‍ഡ് പ്രസിഡന്റുമാരുടെ സമ്മേളനം വിളിക്കുമെന്ന് യോഗശേഷം സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി അറിയിച്ചിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.