മാർച്ച് 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.
അശ്വതി: പ്രയോജനമില്ലാത്ത കാര്യങ്ങളിൽപ്പെട്ട് സമയനഷ്ടവും സാമ്പത്തിക നഷ്ടവും സഹിക്കേണ്ടതായി വരും. സ്വന്തം സ്ഥാനമാനങ്ങൾ സംരംക്ഷിക്കാനുള്ള ശ്രമത്തിൽ മറ്റുള്ളവരുമായി അഭിപ്രായ വ്യത്യാസത്തിനിടയുണ്ട്. നന്നായി ജപം ചെയ്യുക. യുക്തമായ തീരുമാനം സ്വീകരിക്കുവാൻ അനുഭവജ്ഞാനമുള്ളവരുടെ നിർദേശം തേടുക.
ഭരണി: എന്തു കാര്യത്തിനും ചെറിയ തടസ്സങ്ങളും പ്രശ്നങ്ങളും നേരിടുമെങ്കിലും ഒടുവിൽ ദൈവാധീനത്താൽ എല്ലാം ശരിയാകും.എല്ലാം തുറന്നു പറയുന്നതു മറ്റുള്ളവരുടെ അതൃപ്തിക്കിടയാക്കും. അനിയന്ത്രിതമായ ക്ഷോഭ്യം പല വിപത്തുകൾക്കും വഴിയൊരുക്കും. മറ്റുള്ളവർക്ക് അനിഷ്ടമുണ്ടാക്കുന്ന സംസാരം ഒഴിവാക്കണം. പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കുക. ധൂർത്ത് ഒഴിവാക്കണം.
കാർത്തിക: ഉദ്യോഗാർഥികൾക്ക് നല്ല അവസരങ്ങൾ വരും. ധനാഗമം വർധിക്കുന്നതോടൊപ്പം ചെലവുകളും കൂടുതലുണ്ടാകും. ബാധ്യതകൾ തീർക്കുന്നതിന് അക്ഷീണം പ്രയത്നിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും പലരേയും സഹായിക്കാൻ ശ്രമിക്കുന്നതാണ്. സാമ്പത്തിക കാര്യങ്ങൾ ആലോചിച്ച് മാത്രമെ നടത്താവു. ആരേയും അന്ധമായി വിശ്വസിക്കരുത്.
രോഹിണി: പുതിയ ഗൃഹം, ഗൃഹോപകരണങ്ങൾ എന്നിവയുടെ ലഭ്യത തുടങ്ങി സന്തോഷം തരുന്ന അവസരങ്ങളുണ്ടാകും. അധികാരികളുടെ പ്രീതി നേടും. അതിഥി സൽക്കാരത്തിനും ആധ്യാത്മിക കാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനും അവസരം ലഭിക്കും. പല പ്രകാരത്തിൽ ധനലാഭമുണ്ടാകുമെങ്കിലും അമിതവ്യയം വരാതിരിക്കാൻ ശ്രദ്ധിക്കണം.
മകയിരം: കരാറുകാർക്ക് കിട്ടാനുള്ള പണലഭ്യത കാണുന്നു. ഭൂമി വാങ്ങുകയോ കരാറായി ഏറ്റെടുക്കുകയോ ചെയ്യാൻ സാധിക്കും. തൊഴിൽ രംഗത്ത് ഉന്നതി ഉണ്ടാകും. സന്താനങ്ങളുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധ ആവശ്യമാണ്. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവാതെ നോക്കണം. ശത്രുക്കളെ കരുതിയിരിക്കുക.
തിരുവാതിര: ഊർജസ്വലതയോടെ പ്രവർത്തിച്ച് കാര്യങ്ങൾ തനിക്ക് അനുകൂലമാക്കാൻ ശ്രമിക്കുന്നത് ഫല പ്രാപ്തിയുണ്ടാക്കും. സാമ്പത്തിക ഭദ്രതയും കുടുംബാഭിവൃദ്ധിയും കാണുന്നു. പുണ്യ- തീർഥ- ഉല്ലാസ വിനോദയാത്രയ്ക്ക് അവസരം വന്നു ചേരും. വേർപെട്ടു താമസിക്കുന്ന ദമ്പതികൾക്ക് പുനസ്സമാഗമം സാധ്യമാകും. നഷ്ടപ്പെട്ടു എന്ന് കരുതിയ രേഖകളും ആഭരണങ്ങളും തിരികെ ലഭിക്കും.
പുണർതം: അമിതാവേശം അബദ്ധങ്ങൾക്ക് വഴിയൊരുക്കും. ലളിതമായ ജീവിതശൈലി അവലംബിക്കുന്നതു വഴി മന:സമാധാനമുണ്ടാകും. വാഹന ഉപയോഗം വളരെ സൂക്ഷ്മതയോടു കൂടി ആവണം. അന്യവ്യക്തികളോടു ആഗ്രഹങ്ങൾ തോന്നുകയും തൽഫലമായി അപകീർത്തിയുണ്ടാവുകയും ചെയ്യും. വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടി വരും.
പൂയം: വിദ്യാർഥികൾക്ക് ഉദാസീന മനോഭാവം, ശ്രദ്ധക്കുറവ്, അലസത, അനുസരണമില്ലായ്മ തുടങ്ങിയവ വർധിക്കും. അശ്രാന്ത പരിശ്രമത്താല്‍ പ്രവർത്തന മേഖലകളിൽ പുരോഗതി ഉണ്ടാകും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. സഹോദരങ്ങളുമായി അകലാം. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നു ചേരും.
ആയില്യം: അല്‍പം ശാരീരിക അസ്വസ്ഥതകളും മടി പോലുള്ള അവസ്ഥകളുമുണ്ടാകും. ഉൻമേഷക്കുറവും അലസതയും കൊണ്ട് പല കാര്യങ്ങൾക്കും മുടക്കം വരും. ശരീരത്തിൽ മുറിവ്, പൊള്ളൽ എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. നന്നായി ശ്രദ്ധിക്കുക. ബന്ധുക്കളുമായോ പരിസരവാസികളുമായോ കലഹം വരാതെ നോക്കണം.
മകം: ആരോഗ്യ പ്രശ്നങ്ങൾ അലട്ടും. പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ വളരെ ശ്രദ്ധിക്കേണ്ടതാണ്. ആചാരപരമായ പ്രാർഥനകൾ നന്നായി നടത്തുക. സഹോദരങ്ങളുമായും സുഹൃത്തുക്കളുമായും അഭിപ്രായ വ്യത്യാസം ഉണ്ടാകാനിടയുണ്ട്. ദൂരയാത്രകൾ ചെയ്യേണ്ട സാഹചര്യം ഉണ്ടാകും. യാത്രകൾ വളരെ കരുതലോടെയാവണം.
പൂരം: മുൻകോപവും ക്ഷമയില്ലായ്മയും കൊണ്ട് ധാരാളം വൈഷമ്യങ്ങൾ ഉണ്ടാകും. അനാവശ്യ ചെലവുകൾ വർധിക്കും. സർക്കാർ ജീവനക്കാർ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കാൻ ശ്രമിക്കണം. വിചാരിക്കാതെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു നടത്തേണ്ടി വരും.ശത്രുക്കളെ കരുതിയിരിക്കുക.
ഉത്രം: ക്ഷേത്രദർശനവും തീർഥയാത്രകളും കൊണ്ട് മാനസിക പിരിമുറുക്കം കുറയ്ക്കാൻ ശ്രമിക്കും. പിതൃസ്ഥാനീയരിൽ നിന്നും ഉപദേശങ്ങളും സഹായങ്ങളും ഉണ്ടാകും. സന്താനങ്ങളുടെ കാര്യത്തിൽ നല്ല ശ്രദ്ധവേണം. വിഷ ഭീതിയുണ്ടാവാതെ സൂക്ഷിക്കണം. ദൈവാധീനം കൊണ്ട് പല പ്രതിസന്ധികളെയും തരണം ചെയ്യും.
അത്തം: കർമരംഗത്ത് മാറ്റങ്ങൾ ഉണ്ടാകും. വസ്തു സംബന്ധമായ കൊടുക്കൽ വാങ്ങലുകൾ നടക്കുവാനിടയുണ്ട്. വരുമാനത്തിൽ നല്ലൊരു ശതമാനം കടം വീട്ടാൻ ഉപയോഗിക്കും. ഉദരസംബന്ധമായ ചില അസുഖങ്ങൾ ശല്യം ചെയ്തേക്കാം. പൊതുചടങ്ങിൽ നേതൃസ്ഥാനത്ത് അവരോധിക്കപ്പെടും. ആത്മപ്രഭാവത്താൽ ദുഷ്പ്രചരണങ്ങൾ നിഷ്പ്രഭമാകും.
ചിത്തിര: ചില എതിർപ്പുകൾ നേരിടേണ്ടി വരുമെങ്കിലും മാനസികമായ ശക്തി കൊണ്ട് എല്ലാം ഇല്ലാതാകും. ഉന്നതമായ ചിന്തയും ബുദ്ധിയും എല്ലാ കാര്യങ്ങളിലും പ്രകടിപ്പിക്കും. പക്വതയോടെയുള്ള സമീപനം മൂലം കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാകും. ദുഷ്പേരുകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം.
ചോതി: ആരോഗ്യ ശ്രദ്ധ വേണം. ചില ശത്രുക്കൾ തടസ്സങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കും. സ്വത്ത് ഭാഗം വെക്കുന്നത് സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടായേക്കാം. ദൂരയാത്രകൾ ചെയ്യേണ്ടതായി വരും. യാത്രകൾ വളരെ കരുതലോടെ ആവണം. അനാവശ്യ ചിന്തകൾ മനസ്സിനെ സദാ അലട്ടിക്കൊണ്ടിരിക്കും. അനാവശ്യ അഭിപ്രായ സംഘട്ടനങ്ങൾ ഗൃഹാന്തരീക്ഷം ദോഷമാക്കും. ദമ്പതികൾ കഴിയുന്നതും അനാവശ്യ പിണക്കം ഒഴിവാക്കണം.
വിശാഖം: പാഴ്ച്ചെലവുകൾ കൂടും. രോഗ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചില്ലെങ്കിൽ ദൂരവ്യാപകമായ ദോഷഫലങ്ങൾ ഉണ്ടാകും. തനിക്ക് ശരിയെന്ന് തോന്നുന്നത് നിർഭയം ചെയ്യാൻ തയ്യാറാകുന്നത് മൂലം പലരുടെയും അതൃപ്തിക്കിടയാക്കും. കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം. പ്രലോഭനങ്ങളിൽ അകപ്പെടരുത്.
അനിഴം: നിസ്സാര കാര്യങ്ങൾക്കു പോലും മറ്റുള്ളവരുമായി കലഹിക്കുന്നതാണ്. മുൻകോപം നിയന്ത്രിച്ചില്ലെങ്കിൽ പല വിധ ആപത്തുകളും ഉണ്ടാകുന്നതാണ്. ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധ വേണം. അഭിമാനത്തിന് ക്ഷതം സംഭവിക്കുന്ന ഇടപാടുകളിൽ ഉൾപ്പെടാതിരിക്കാൻ നോക്കണം. വാക്കു തർക്കങ്ങളിൽ നിന്ന് യുക്തിപൂർവം പിൻമാറുക.
തൃക്കേട്ട: കൂട്ടു ബിസിനസിൽ നഷ്ടത്തിനിടവരുന്നതാണ്. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. സ്ത്രീകൾ മൂലം മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയുണ്ട്. ഈശ്വരാനുഗ്രഹത്താൽ മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും. ദമ്പതികൾ പിണക്കങ്ങൾ കഴിവതും ഒഴിവാക്കി രമ്യതയിൽ വർത്തിക്കാൻ ശ്രമിക്കണം.
മൂലം: മികച്ച തൊഴിലവസരങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ആശയ കുഴപ്പം വരാതെ ശ്രദ്ധിക്കണം. ദൂരദേശത്തെ കുഴഞ്ഞു മറിഞ്ഞ പ്രശ്നങ്ങളിൽ നിന്നും രക്ഷനേടുന്നതിന് സുഹൃത്തുക്കൾ സഹായിക്കും. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. ഭൂമി ക്രയവിക്രയങ്ങളിൽ നേട്ടം കുറയും. ആരോഗ്യ ശ്രദ്ധ വേണം.
പൂരാടം: ദാമ്പത്യ ജീവിതത്തിൽ ചില താളപ്പിഴകൾ ഉണ്ടാകുവാനിടയുണ്ട്. തൊഴിൽപരമായ പ്രാരാബ്ധങ്ങളാൽ പലപ്പോഴും കുടുംബാംഗങ്ങളുടെ കാര്യങ്ങൾ വേണ്ട വിധത്തിൽ ശ്രദ്ധിക്കുവാൻ കഴിയില്ല. അപവാദങ്ങളിൽ ചെന്നു ചാടരുത്. സത്യസന്ധമായ പ്രവൃത്തികൾ ലക്ഷ്യപ്രാപ്തിയിൽ എത്തിച്ചേരും.
ഉത്രാടം: പ്രയത്നങ്ങൾക്ക് ഫലം ലഭിക്കും. ഇഷ്ടജനങ്ങൾ ശത്രു ചേരിയിലാകാനിടയുണ്ട്. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുള്ള ആർജവം കാണിക്കും. ക്രയവിക്രയങ്ങളിൽ നേട്ടം കാണുന്നു. ജീവിത പങ്കാളിയുടെ നിർദേശങ്ങൾ അംഗീകരിക്കും. ആധ്യാത്മിക - ആത്മീയ പ്രഭാഷണങ്ങൾ മനസ്സമാധാനത്തിന് വഴിയൊരുക്കും.
തിരുവോണം: ഉൻമേഷക്കുറവും അലസതയും കൊണ്ട് പല കാര്യങ്ങളും മുടക്കം വരാതെ ശ്രദ്ധിക്കണം. എന്നാൽ അവസരങ്ങൾ കുറയുകയില്ല. ദീർഘ യാത്രകൾ വേണ്ടി വരും. യാത്രകൾ കരുതലോടെയാവണം. സംസാരത്തിൽ വളരെയധികം ശ്രദ്ധയും സൗമ്യതയും ശീലിക്കേണ്ടതായുണ്ട്. സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകാതെ ശ്രദ്ധിക്കണം.
അവിട്ടം: പുതിയ കർമമേഖലകൾ തേടും. ചില നിഗുഢശാസ്ത്രങ്ങളിൽ മനസ്സ് വ്യാപരിക്കും. അതിലേക്കായി സമയവും ധനവും ചെലവഴിക്കും. പൊതു പ്രവർത്തകർക്ക് പല എതിർപ്പുകളും ഉണ്ടായേക്കും. ഇത് മനസ്സിനെ വല്ലാതെ ക്ഷീണിപ്പിക്കും. സംസാരത്തിൽ നിയന്ത്രണം ഇല്ലെങ്കിൽ നല്ല ബന്ധങ്ങളിൽ പാളിച്ച സംഭവിക്കും. കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം.
ചതയം: മനസ്സ് ഒന്നിലും സ്ഥിരത കാണിക്കില്ല. ചില ശത്രുക്കൾ തടസ്സങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കും. അയൽക്കാരുമായി വാക്കു തർക്കങ്ങളിൽ ഏർപ്പെടരുത്. മുൻകോപം നിയന്ത്രിക്കേണ്ടതാണ്. അശുഭ ചിന്തകളും ദു:സംശയങ്ങളും ഒഴിവാക്കണം. അലർജി, ആസ്മ, അസ്ഥിരോഗങ്ങൾ എന്നിവ ഉള്ളവർക്ക് നല്ല ശ്രദ്ധ വേണം. ശരീരത്തിനും മനസ്സിനും പൊതുവെ ക്ഷീണം അനുഭവപ്പെടുന്നതാണ്.
പൂരൂരുട്ടാതി: വിദ്യാർഥികൾ അലസത വെടിയണം. നാഡീ ഉദര രോഗങ്ങൾ അവഗണിക്കരുത്. വിദഗ്ദ ചികിത്സകളാൽ രോഗശമനമുണ്ടാകും. ഭഷ്യവിഷബാധ ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. വീഴ്ച, ചതവ് ഇവ വരാതെ നോക്കണം. ദുഷ്ട ജനങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണം. മക്കളുടെ സംരക്ഷണം ആശ്വാസത്തിന് വഴിയൊരുക്കും.
ഉത്തൃട്ടാതി: ഊർജസ്വലതയോടെ പ്രവർത്തിക്കാത്തതിനാൽ പല അവസരങ്ങളും നഷ്ടപ്പെടും. ഒരു പരിധിയിലധികം പണം മുടക്കിയുള്ള പ്രവർത്തനമേഖലകളിൽ ഏർപ്പെടരുത്. ജാമ്യം നിൽക്കുന്നതും സ്വന്തം ചുമതലകൾ അന്യരെ ഏൽപ്പിക്കുന്നതും അബദ്ധമാകും. അസുഖങ്ങളാൽ ദുഃശ്ശീലങ്ങൾ ഒഴിവാക്കും. ആരോഗ്യ ശ്രദ്ധ വേണം.
രേവതി: കുടുംബ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. മടിയും കാര്യതടസ്സങ്ങളും അനുഭവപ്പെടാം. ഊഹാപോഹങ്ങൾ പലതും കേൾക്കുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. പരോപകാരം ചെയ്യാനുള്ള മനഃസ്ഥിതി ഉണ്ടാകുമെങ്കിലും കുടുംബ സംരംക്ഷണച്ചുമതല മറക്കരുത്. സുതാര്യതയുള്ള സമീപനത്താൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളെ അതിജീവിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.