കോട്ടയം ; അപേക്ഷകരിൽ നിന്നു റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) പ്രിന്റ് ചെയ്തു നൽകുന്നതിനായി 28 കോടി വാങ്ങിയ ശേഷം ഇതിന്റെ പ്രിന്റിങ് മോട്ടർ വാഹന വകുപ്പ് അവസാനിപ്പിച്ചു.
ഡിജിറ്റലാക്കാനുള്ള തീരുമാനത്തിന്റെ മറവിലാണു നിലവിലുള്ള അപേക്ഷകർക്കു പ്രിന്റ് നൽകാതെ പ്രിന്റിങ് അവസാനിപ്പിച്ചത്. വാങ്ങിയ പണം തിരികെക്കൊടുക്കുന്ന കാര്യത്തിൽ പക്ഷേ മിണ്ടാട്ടമില്ല. ഇന്നലെ മുതലുള്ള അപേക്ഷകളിലാണു ഡിജിറ്റൽ ആർസി സംവിധാനം വരുന്നത്.2024 ഓഗസ്റ്റ് വരെയുള്ള ആർസി മാത്രമാണു പ്രിന്റ് ചെയ്തു നൽകിയിട്ടുള്ളത്. ഡ്രൈവിങ് ലൈസൻസിന്റെ പ്രിന്റിങ് ഇക്കഴിഞ്ഞ നവംബറിൽ അവസാനിപ്പിച്ചിരുന്നു. എന്നാൽ നവംബർ വരെയുള്ള ഒരു ലക്ഷം അപേക്ഷകർക്കു ലൈസൻസിന്റെ പ്രിന്റ് നൽകാനുമുണ്ട്.
നിലവിൽ ഒരു കോടിയിലധികം ആർസിയാണു പ്രിന്റ് ചെയ്തു നൽകാനുള്ളത്.വാഹനം ഈടു കാണിച്ചു വായ്പയെടുക്കുന്നതിനും വാഹനം വിൽക്കുന്നതിനും ആർസി വേണം. വിൽക്കുന്നതിന് ആർസിയുടെ പകർപ്പ് പരിവഹൻ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.
വിദേശത്തു പോകുന്നവർക്ക് അവിടെ ലൈസൻസ് വേഗം ലഭിക്കുന്നതിനു ഹോളോഗ്രാം മുദ്രയുള്ള ലൈസൻസ് ഹാജരാക്കണം. ഇനി മുതൽ അതും നടക്കില്ല. ആർടി ഓഫിസിൽ നിന്ന് 7 ദിവസത്തിനകം ഇവയുടെ പ്രിന്റ് എടുത്ത് അയച്ചിരുന്ന സംവിധാനം അവസാനിപ്പിച്ചാണു സെൻട്രലൈസ്ഡ് പ്രിന്റിങ് ആരംഭിച്ചത്. ഇനിയുള്ള അപേക്ഷകർ ഡിജിലോക്കറിൽ നിന്നു ലൈസൻസും ആർസിയും ഡൗൺലോഡ് ചെയ്യാനാണു നിർദേശം.
സ്മാർട്ഫോൺ ഇല്ലാത്തവരും ഇംഗ്ലിഷ് വായിക്കാൻ അറിയാത്തവരും എന്തു ചെയ്യണം എന്നു പറയുന്നില്ല. ആർസിയുടെയും ലൈസൻസിന്റെയും പ്രിന്റ് വേണ്ടവർ അക്ഷയയിൽ നിന്നു പ്രിന്റ് എടുക്കാനും നിർദേശിക്കുന്നുണ്ട്. ഓരോ അക്ഷയകേന്ദ്രത്തിലും ഓരോ തരത്തിലുള്ള പ്രിന്ററായിരിക്കും. പ്രിന്റിങ് മെറ്റീരിയലും വ്യത്യസ്തമായിരിക്കും. അതിനാൽ ഇനി മുതൽ ലൈസൻസിന്റെ പ്രിന്റുകൾക്ക് ഏകീകൃതസ്വഭാവം ഉണ്ടാകുകയുമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.