ചങ്ങനാശേരി ;കുറെയേറെ ബാറുകൾ അനുവദിക്കുന്നതല്ലാതെ യുവതലമുറയ്ക്ക് ഭാവിയിൽ ആവശ്യമായ സാധ്യതകൾ മനസ്സിലാക്കി പദ്ധതികൾ ഒരുക്കാൻ ഭരണത്തിലുള്ളവർ ശ്രമിക്കുന്നില്ലെന്ന് ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ് മാർ തോമസ് തറയിൽ.
അപ്പർ കുട്ടനാട് വികസനസമിതിയുടെ പ്രതിഭാപുരസ്കാര സമർപ്പണവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യം വിറ്റ് പണമുണ്ടാക്കി ഭരിക്കുന്ന നാട് എന്നറിയപ്പെടുന്നതു കഷ്ടമാണ്. പണം അന്വേഷിച്ച് യുവതീയുവാക്കൾ മറ്റു രാജ്യങ്ങളിലേക്കു പോകുന്നു.കുട്ടനാട് പോലെ അനന്തസാധ്യതകളുള്ള പ്രദേശത്ത് ടൂറിസം രംഗങ്ങളിലും മറ്റു മേഖലകളിലും നിക്ഷേപം നടത്തിയാൽ ഭാവിതലമുറയ്ക്കു നേട്ടമായിരിക്കുമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
അപ്പർ കുട്ടനാട് വികസനസമിതി രക്ഷാധികാരി ഫാ. ഡോ. ജയിംസ് മുല്ലശേരി അധ്യക്ഷത വഹിച്ചു. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് രാജു മാത്യു, തനത് കുട്ടനാട് പുസ്തക രചയിതാവ് ഫാ. ഡോ. സാംജി വടക്കേടം എന്നിവർക്ക് ആർച്ച്ബിഷപ് മാർ തോമസ് തറയിൽ പ്രതിഭാ പുരസ്കാരം കൈമാറി.
ബാസ്കറ്റ്ബോൾ അക്കാദമിയായ സെന്റ് എഫ്രേംസ് അക്കാദമിക്കുള്ള സ്നേഹോപഹാരം ഫാ. ആന്റണി കാഞ്ഞിരത്തിങ്കൽ ഏറ്റുവാങ്ങി. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോബ് മൈക്കിൾ, ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാൻ അപു ജോൺ ജോസഫ്, ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുലിക്കാട്ടിൽ, അപ്പർ കുട്ടനാട് വികസന സമിതി പ്രസിഡന്റ് അജി കെ.ജോസ്, ജനറൽ സെക്രട്ടറി കുഞ്ഞ് കളപ്പുര എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.