എറണാകുളം;യുദ്ധം ജയിച്ചാലും നാശനഷ്ടങ്ങളുണ്ടാകും. വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ചന്ദർകുഞ്ജ് ആർമി ടവേഴ്സിലെ പോരാളികളുടെ അവസ്ഥയും ഇതുതന്നെയാണ്. നേരിട്ട അനീതിക്കെതിരെ കോടതിയിൽ യുദ്ധം ചെയ്തു വിജയിച്ചവരാണവർ.
എന്നാൽ ആശങ്കകൾ ബാക്കിയാണ്. ഇനിയെന്ത് എന്ന ചോദ്യം എല്ലാവരുടെയും മുന്നിലുണ്ട്. എത്രത്തോളം നഷ്ടം തങ്ങൾക്കുണ്ടാകുമെന്ന ചിന്തയാണു ഭൂരിപക്ഷത്തിനും.ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ നിർമിച്ച അപകടാവസ്ഥയിലായ രണ്ടു ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ നിർദേശം നൽകിയിരിക്കുകയാണു ഹൈക്കോടതി.ചന്ദർകുഞ്ജ് ആർമി ടവേഴ്സ് പദ്ധതിയിൽ ആകെയുള്ള മൂന്നു ഫ്ലാറ്റ് സമുച്ചയങ്ങളിൽ ബി, സി ടവറുകൾ പൊളിക്കാനും പുനർനിർമിക്കാനുമാണു ഹൈക്കോടതി ഉത്തരവിട്ടത്.മൂന്നു ടവറുകളിലായി ആകെ 264 അപ്പാർട്മെന്റുകൾ. ഇതിൽ പൊളിക്കാൻ ഉത്തരവിട്ട 29 നിലകളുള്ള ബി,സി ടവറുകളിൽ 206 അപ്പാർട്മെന്റുകൾ.ഉത്തരവ് നടപ്പായാൽ മരടിലെ പോലെ മറ്റൊരു ഫ്ലാറ്റ് പൊളിക്കലിനു കൂടി സാക്ഷിയാകാൻ പോകുകയാണ് കൊച്ചി നഗരം. തീരപരിപാലന നിയമലംഘനം ആയിരുന്നു മരട് ഫ്ലാറ്റിനെ ഇല്ലാതാക്കിയതെങ്കിൽ നിർമാണത്തിലെ അപാകതയാണ് ചന്ദർകുഞ്ജ് ഫ്ലാറ്റിനു വിനയായത്.വൈറ്റില സിൽവർ സാൻഡ് ഐലൻഡിൽ 1991ൽ 4.25 ഏക്കർ സ്ഥലം വാങ്ങി, ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷന്റെ (എഡബ്ല്യുഎച്ച്ഒ) നേതൃത്വത്തിൽ ചന്ദർകുഞ്ജ് ആർമി ടവേഴ്സ് പദ്ധതിയുടെ നിർമാണം തുടങ്ങിയത് 2013ൽ. 2017ൽ നിർമാണം പൂർത്തിയാക്കി ഉടമകൾക്കു കൈമാറി. 2018ൽ തന്നെ പ്രശ്നങ്ങൾ കണ്ടു തുടങ്ങി.
എഡബ്ല്യുഎച്ച്ഒയെ ബന്ധപ്പെട്ടു പ്രശ്നങ്ങൾ അറിയിച്ചെങ്കിലും പരിഹാരം കാണാതെ വന്നതോടെയാണു ഫ്ലാറ്റ് ഉടമകൾ കോടതിയെ സമീപിച്ചത്.തുടക്കവും ഒടുക്കവും ആർമി ക്വാർട്ടേഴ്സിലെ കുടുസ്സു മുറികളിൽ നിന്നു സ്വന്തം നാട്ടിൽ വായുവും വെളിച്ചവും സമാധാനവും നിറഞ്ഞ വിശ്രമ ജീവിതം ആഗ്രഹിച്ചാണു വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ചന്ദർകുഞ്ജ് ആർമി ടവേഴ്സ് പദ്ധതിയിലെ ഫ്ലാറ്റിലേക്കു സൈനികരും സൈന്യത്തിൽ നിന്നു വിരമിച്ചവരും എത്തിയത്.
ജോലിയിൽ നിന്നു വിരമിച്ചപ്പോൾ ലഭിച്ച എല്ലാ ആനുകൂല്യങ്ങളും ഫ്ലാറ്റ് വാങ്ങാൻ ചെലവഴിച്ചു. താമസം തുടങ്ങി ഒരു വർഷമായപ്പോഴേയ്ക്കും വിണ്ടുകീറുന്ന ചുമരുകളും തറയിൽ നിന്ന് ഇളകി വരുന്ന ടൈലുകളും ചോരുന്ന പൈപ്പുകളുമാണ് ഇവർക്കു കാണേണ്ടി വന്നത്. ഫ്ലാറ്റ് ഏതു നിമിഷവും തകർന്നു വീഴാമെന്ന സ്ഥിതിയിലാണ്. ലിഫ്റ്റിനോടു ചേർന്നുള്ള ടൈലുകളെല്ലാം ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവച്ചിരിക്കുകയാണ്.കോണിപ്പടികൾക്ക് ഇടയിലും ബീമുകളിലും കോൺക്രീറ്റ് അടർന്നു തുരുമ്പിച്ച കമ്പികൾ കാണാം. ചിലതെല്ലാം സിമന്റിട്ട് അടച്ചിട്ടുണ്ട്. ടൈലുകൾ ഇളകി പൊങ്ങി നിൽക്കുന്നു. ചുമരുകളിൽ പലയിടത്തും വലിയ വിള്ളലുകൾ. താഴെ കാർ പാർക്കിങ് സ്ഥലത്തു ചോരുന്ന പൈപ്പുകൾക്കു താഴെ ബക്കറ്റുകൾ നിരത്തിവച്ചിരിക്കുന്നു. മേൽക്കൂരയിൽ നിന്നു സീലിങ് അടർന്നു താഴെ വീഴുമോ എന്ന പേടിയിലാണു കാർ പാർക്ക് ചെയ്യുന്നതെന്നു ഫ്ലാറ്റ് ഉടമകൾ പറഞ്ഞു.ഇത്രയും വലിയ ഫ്ലാറ്റ് സമുച്ചയത്തിൽ 42 അപാർട്മെന്റുകളിൽ മാത്രമാണ് ഉടമകൾ താമസമുള്ളത്.
ബാക്കിയുള്ളതിൽ കുറച്ചു ഫ്ലാറ്റുകൾ വാടകയ്ക്കു നൽകിയിട്ടുണ്ട്. ബാക്കിയെല്ലാം ഒഴിഞ്ഞു കിടക്കുകയാണ്, പലരും പേടിച്ചു താമസം മാറിയതാണ്. തുക അപര്യാപ്തമെന്ന് ഉടമകൾ കൊച്ചി ∙ ചന്ദർകുഞ്ജ് ആർമി ടവേഴ്സ് പൊളിച്ച് പുതിയത് നിർമിക്കാൻ ഉത്തരവിട്ട െഹെക്കോടതി കെട്ടിടം പൊളിക്കാനും പുനർനിർമിക്കാനും 175 കോടി രൂപ കൈമാറാനാണ് ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷനോട് (എഡബ്ല്യുഎച്ച്ഒ) പറഞ്ഞതെന്നും ഇതു കൊണ്ട് ഇവ പൊളിക്കാനും പുനർനിർമിക്കാനും സാധിക്കില്ലെന്നും ഉടമകൾ.
പുതിയ ഫ്ലാറ്റുകൾ നിർമിച്ചു കൈമാറുമ്പോൾ തങ്ങളിൽ നിന്നു കൂടുതൽ തുക ആവശ്യമെങ്കിൽ ഈടാക്കാമെന്ന നിർദേശവും അംഗീകരിക്കാൻ പറ്റില്ല. വാടകത്തുക നൽകുന്നതിലെ നിർദേശം വ്യക്തമല്ല.സമുച്ചയത്തിലെ എ ടവർ നിലനിർത്തിയാണോ മറ്റു ടവറുകൾ പൊളിക്കുന്നത്, എ ടവറിന്റെ സുരക്ഷ എങ്ങനെ ഉറപ്പാക്കും, അവിടെയുള്ളവരെ മാറ്റിപ്പാർപ്പിക്കുമോ തുടങ്ങിയ കാര്യങ്ങളിലും വ്യക്തതയില്ല.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിക്കുന്ന കാര്യം ആലോചനയിലാണെന്നു ചന്ദർകുഞ്ജ് വെൽഫയർ മെയിന്റനൻസ് സൊസൈറ്റി ജോയിന്റ് സെക്രട്ടറി സജി തോമസ്, ഫ്ലാറ്റ് ഉടമകളും വിരമിച്ച സൈനികരുമായ വി.വി. കൃഷ്ണൻ, സ്മിത റാണി, ജോർജ് ആന്റണി, ആനി ജോൺസ് എന്നിവർ അറിയിച്ചു
സേഫ്റ്റി പാക്ക്... ചന്ദർകുഞ്ജ് ഫ്ലാറ്റിന്റെ ഭിത്തിയിലെ ടൈലുകൾ വീഴാതിരിക്കാൻ പാക്കിങ് ടേപ്പ് കൊണ്ട് ഒട്ടിച്ചിരിക്കുന്നു. ലിഫ്റ്റിലേക്കു കയറുമ്പോൾ വലിയ ടൈലുകൾ ഇളകി വീഴുന്നതു പതിവായപ്പോഴാണ് ഈ സുരക്ഷാ സംവിധാനം ഒരുക്കിയത്.
മരട് എന്ന അനുഭവം തീരദേശ നിയമം ലംഘിച്ചതിനു സുപ്രീംകോടതി ഉത്തരവിൽ മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചതു 2020ൽ ആയിരുന്നു. കുണ്ടന്നൂർ ഹോളി ഫെയ്ത് എച്ച്ടുഒ, കണ്ണാടിക്കാട് ഗോൾഡൻ കായലോരം, നെട്ടൂർ കേട്ടേഴത്തുകടവ് ജെയിൻ കോറൽ കോവ്, നെട്ടൂർ ആൽഫ സെറിൻ എന്നീ വൻകിട ഫ്ലാറ്റുകൾ സ്ഫോടക വസ്തു ഉപയോഗിച്ചു പൂർണമായി പൊളിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.