ബാഗ്ലൂർ:രാമനഗരയിലെ നഴ്സിങ് കോളേജിലെ വിദ്യാർഥി അനാമികയുടെ ആത്മഹത്യയിൽ നഴ്സിങ് കോളേജിനും പൊലീസിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ബന്ധുക്കൾ.
കോളേജിന്റെ ഭാഗത്ത് നിന്ന് അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനമാണെന്ന് ബന്ധു അഭിനന്ദ് പറഞ്ഞു. പ്രിൻസിപ്പൽ ശാന്തം സ്വീറ്റ് റോസ്, ക്ലാസ് കോർഡിനേറ്റർ സുജിത എന്നിവർക്കെതിരെയാണ് ബന്ധു ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.അനാമികയെ കോപ്പിയടിച്ചു എന്നാരോപിച്ച് നാല് ദിവസം സസ്പെൻഡ് ചെയ്തിരുന്നുവെന്ന് അഭിനന്ദ് പറഞ്ഞു. തിരിച്ചു ക്ലാസിൽ കയറാനോ സർട്ടിഫിക്കറ്റ് കിട്ടാനോ വൻ തുക പിഴ ഇനത്തിൽ കോളേജ് അധികൃധർ ആവശ്യപ്പെട്ടിരുന്നു. അനാമികയെ വിളിച്ചു വരുത്തി മണിക്കൂറുകളോളം ശകാരിച്ചു.
ഇനി ഇവിടെ പഠനം തുടരാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് അനാമിക വീട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. അനാമികയുടെ റൂം മേറ്റ് ആയ കുട്ടിയും ആത്മഹത്യാ ശ്രമം നടത്തിയിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ആ കുട്ടി പിന്നീട് പഠനം നിർത്തി നാട്ടിലേക്ക് തിരിച്ചു പോയി. പൊലീസിൽ പരാതി പറഞ്ഞിട്ടും ഒരു തരത്തിലും സഹായം നൽകുന്നില്ല. കോളേജ് അധികൃതർ പ്രതികരിക്കുകയോ മാതാപിതാക്കളോട് പോലും സംസാരിക്കുകയോ ചെയ്യുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു.കർണാടകയിലെ രാമനഗരയിലാണ് നഴ്സിംഗ് വിദ്യാർത്ഥിനിയായ കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമികയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാമനഗരയിലെ ദയാനന്ദ് സാഗർ നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു അനാമിക. സംഭവത്തിൽ ഹരോഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോളേജ് അധികൃതരുടെ മാനസികപീഡനം സഹിക്കാനാവാതെയാണ് അനാമിക ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. ഇന്നലെ വൈകിട്ട് വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെത്തുടർന്നാണ് സഹപാഠികൾ മുറി തള്ളിത്തുറന്ന് അകത്ത് കയറിയത്. അനാമിക ആത്മഹത്യ ചെയ്യാൻ കാരണം കോളേജ് മാനേജ്മെന്‍റാണെന്നും കർശനനടപടി വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.
മാനേജ്മെന്‍റിൽ നിന്നുള്ള മാനസികപീഡനം മൂലം വലിയ സമ്മർദ്ദത്തിലായിരുന്നു കുട്ടി എന്ന് സഹപാഠികൾ തന്നെ പറഞ്ഞിരുന്നുവെന്നും കുടുംബം പറയുന്നു. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി ഹാരോഹള്ളി പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ ബെംഗളൂരുവിൽ മാത്രം വിവിധ സ്വകാര്യ നഴ്സിംഗ് കോളേജുകളിലായി 15 മലയാളി വിദ്യാർത്ഥികൾ ജീവനൊടുക്കിയെന്നാണ് കണക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.