പട്‌ന: ബിജെപി ഭരണത്തിൽ ദളിത് പ്രാതിനിധ്യം നാമമാത്രമാണെന്നും യഥാർത്ഥ അധികാരം ദളിതർക്ക് നിഷേധിക്കപ്പെടാൻ സാധ്യതയില്ലെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.
തീരുമാനങ്ങളെടുക്കുന്നത് അണിയറയിലാണെങ്കിൽ ദളിതരെ വേദിയിൽ ഇരുത്തുന്നതു കൊണ്ട് പ്രയോജനമില്ല. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ജഗ്‌ലാൽ ചൗധരിയുടെ ജയന്തി ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിദ്യാഭ്യാസ, ആരോഗ്യ, കോർപ്പറേറ്റ്, ജുഡീഷ്യറി മേഖലകളിൽ ദളിത് പങ്കാളിത്തം എത്ര മാത്രമാണെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.
എല്ലാ ജാതിയിലും പെട്ടവർക്കു തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയത് ഫാഷനായെങ്കിലും അധികാരം പങ്കിടുന്നില്ല. ലോക്സഭ എംപിമാർക്കു പോലും തീരുമാനങ്ങളെടുക്കുന്നതിൽ പങ്കാളിത്തമില്ല. ഭരണത്തിൽ മന്ത്രിമാരെക്കാൾ അധികാരം ആർഎസ്എസ് നിയോഗിക്കുന്ന ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിക്കാർക്കാണ്.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്കു മറുപടിയായി ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നര മണിക്കൂർ നീണ്ട പ്രസംഗം നടത്തിയതിൽ ഒരിടത്തുപോലും ജാതി സെൻസസ് പരാമർശിക്കപ്പെട്ടില്ലെന്നു രാഹുൽ പറഞ്ഞു. അംബാനിയുടെയും അദാനിയുടെയും ആശുപത്രികൾക്കായി സർക്കാർ ഭൂമിയും ആനുകൂല്യങ്ങളും നൽകുന്നു. ദളിതരുടെ പേരിൽ ആശുപത്രികളൊന്നും ഉയർന്നു വരുന്നില്ല രാഹുൽ കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.