ദമ്മാം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍റെ പിതാവ് അബ്ദുറഹീം നാട്ടിലേക്ക് തിരിയ്ക്കും. വ്യാഴാഴ്ച രാത്രി ദമ്മാമിൽനിന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുറപ്പെടുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെ 7.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും.
കുടുംബാംഗങ്ങൾ ഓരോരുത്തർ മരണപെടുമ്പോൾ ഇതൊന്നും അറിയാതെ ദമ്മാമിലെ കാർ ആക്സസറീസ് കടയിലെ ജോലിയിലായിരുന്നു അബ്ദുറഹീം. വൈകീട്ട് നാട്ടിൽനിന്ന് സഹോദരിയുടെ മകനാണ് വിളിച്ച് ഞെട്ടിക്കുന്ന വിവരമറിയിച്ചത്. ജ്യേഷ്ഠൻ അബ്ദുൽ ലത്തീഫും ഭാര്യ ഷാഹിദയും കൊല്ലപ്പെട്ട വിവരമാണ് ആദ്യം അറിഞ്ഞത്. കൃത്യം ചെയ്തത് തന്റെ മൂത്ത മകൻ അഫാനാണെന്നുകൂടി അറിഞ്ഞതോടെ അബ്ദുറഹീം സകല ആശയും അറ്റ പിതാവിന് എങ്ങനെ നാട്ടിലെത്താമെന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു.
7 വർഷത്തോളം കടക്കെണിയിൽ പെട്ടും സാമ്പത്തിക പരാധീനത മൂലവും ഇഖാമ പുതുക്കാതെ നിയമപ്രശ്നത്തിലുമായി നാട്ടിൽ പോകാനാകാതെ കഴിയുന്നതിനിടയിൽ ഉറ്റവരുടെ കൂട്ടക്കൊലപാതകമെന്ന വലിയ ദുരന്തമുഖത്ത് സർവതും തകർന്നുനിന്ന അബ്ദുറഹീമിന് ദമാം ജീവകാരുണ്യ പ്രവർത്തകൻ നാസ് വക്കമാണ് രക്ഷകനായത്. നാസ് വക്കത്തിന്‍റെ ഇടപെടലിലൂടെയാണ് യാത്രാരേഖകൾ ശരിയാക്കി നാടണയാൻ വഴിയൊരുങ്ങിയത്.
വിവരമറിഞ്ഞെത്തിയ നാസ് വക്കം ഇദ്ദേഹത്തെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോയി ജവാസത് (സൗദി പാസ്പോർട്ട് വകുപ്പ്) സിസ്റ്റം പരിശോധിച്ചപ്പോൾ ഒരു തരത്തിലുള്ള കേസും ഇദ്ദേഹത്തിന്‍റെ പേരിലില്ലാത്തത് കാര്യങ്ങൾ എളുപ്പമാക്കി. എന്നാൽ ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ട് മൂന്ന് വർഷമായിരുന്നു. മൂന്ന് വർഷത്തെ ഇഖാമ ഫീസും ലെവിയും പുതുക്കാൻ വൈകിയതിലുള്ള പിഴയും സഹിതം ഏതാണ്ട് അരലക്ഷത്തോളം റിയാൽ അടച്ചാൽ മാത്രമേ നിയമകുരുക്ക് ഒഴിയുമായിരുന്നുള്ളു. എന്നാൽ സൗദി നാടുകടത്തൽ (തർഹീൽ) കേന്ദ്രം, പാസ്പോർട്ട് വിഭാഗം എന്നിവയുടെ അധികൃതർ കനിഞ്ഞപ്പോൾ ഒറ്റ ദിവസം കൊണ്ട് എല്ലാ നിയമകുരുക്കും അഴിച്ച് എക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നാസ് വക്കത്തിനായി. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇതെല്ലാം പൂർത്തിയാക്കി.
മറ്റ് തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ പരമാവധി രഹസ്യമായാണ് ഇതുവരെയുള്ള നടപടിക്രമങ്ങൾ പിന്തുടർന്നത്. കഴിഞ്ഞ രണ്ട് ദിവസമായി അന്താരാഷ്ട്ര മാധ്യമങ്ങൾ സഹിതം നിരവധി പേരാണ് തന്നെ ഫോണിൽ ബന്ധപ്പെട്ടതെന്നും ആരോടും ഇക്കാര്യങ്ങൾ വിശദീകരിക്കാൻ സാധിക്കാത്തതിനാൽ വിവരങ്ങൾ മറച്ചുവെക്കുകയുമായിരുന്നെന്നും നാസ് വക്കം പറഞ്ഞു.
ദീർഘകാലം റിയാദിൽ കാർ ആക്സറീസ് ബിസിനസിൽ ഏർപ്പെട്ടിരുന്നു, അതൊക്കെ നഷ്ടമായ ശേഷം ഒന്നര മാസം മുമ്പാണ് ദമ്മാമിലേക്ക് വന്നതും. കുറെക്കാലമായി സ്പോൺസറെ കണ്ടിട്ടുമില്ല. എന്നാൽ തനിക്കെതിരെ അങ്ങനെയൊരു കേസും
സ്പോൺസർ നൽകിയിട്ടില്ലെന്ന് രേഖകൾ പരിശോധിച്ചപ്പോൾ ബോധ്യമായി.
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങോട് പൊലീസ് ആണ് അഫാനെ അറസ്റ്റ് ചെയ്തത്. അഫാന്റെ അമ്മൂമ്മ സൽമാബീവിയുടെ കൊലപാതകത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് തീരുമാനിക്കും. കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
കൊലപാതകങ്ങൾക്കിടെ അഫാൻ അമ്മൂമ്മയുടെ മാല പണയം വച്ച് കിട്ടിയ പണം കടക്കാർക്ക് നൽകിയെന്ന് പൊലീസ്. അഫാൻ 72 മണിക്കൂർ നിരീക്ഷണത്തിൽ, ഇന്ന് ചോദ്യം ചെയ്യില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.