തിരുവനന്തപുരം: പഴയവാഹനങ്ങളുടെ റോഡ് നികുതി സംസ്ഥാനസര്‍ക്കാര്‍ കുത്തനെ കൂട്ടിയതിനുപിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഫിറ്റ്നസ് ടെസ്റ്റിങ് ഫീസുയര്‍ത്തുന്നു. നികുതിയില്‍ സംസ്ഥാനം 50 ശതമാനം വര്‍ധനയാണ് വരുത്തിയതെങ്കില്‍ ടെസ്റ്റിങ് ഫീസ് എട്ടിരട്ടിവരെ കൂട്ടാനാണ് കേന്ദ്രനീക്കം. പഴയവാഹനങ്ങള്‍ ഉപേക്ഷിക്കാന്‍ ഉടമകളെ നിര്‍ബന്ധിതരാക്കുന്ന ഫീസ് വര്‍ധനയാണ് വരാന്‍പോകുന്നത്.
15 വര്‍ഷംകഴിഞ്ഞ ഇരുചക്രവാഹനത്തിന് 1000 രൂപയും മുച്ചക്രവാഹനങ്ങള്‍ക്ക് 2500 രൂപയും കാറുകള്‍ക്ക് 5000 രൂപയുമാണ് നിര്‍ദേശിച്ചിട്ടുള്ളത്. വാഹനത്തിന്റെ പഴക്കംകൂടുന്നതനുസരിച്ച് ഫീസും ഇരട്ടിക്കും. ഇരുചക്രവാഹനങ്ങള്‍ക്ക് 300 രൂപയും കാറുകള്‍ക്ക് 600 രൂപയുമാണ് ഇപ്പോള്‍ നല്‍കേണ്ടത്.
ഓള്‍ട്ടോ, മാരുതി 800, നാനോ പോലുള്ള ചെറുകാറുകള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ ബജറ്റില്‍ വര്‍ധിപ്പിച്ച നികുതിയും, ഫിറ്റനസ് ടെസ്റ്റ് ചെലവുമായി 14,600 രൂപ വേണ്ടിവരും. വാഹനത്തിന്റെ അറ്റകുറ്റപ്പണിച്ചെലവുമുണ്ടാകും.സ്വകാര്യവാഹനങ്ങള്‍ 15 വര്‍ഷത്തിനുശേഷവും തുടര്‍ന്ന് അഞ്ചുവര്‍ഷം കൂടുമ്പോഴും, ടൂറിസ്റ്റ്, ടാക്സി വാഹനങ്ങള്‍ നിശ്ചിത ഇടവേളകളിലും പരിശോധിപ്പിക്കേണ്ടതുണ്ട്. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരാണ് ഇപ്പോള്‍ വാഹനം പരിശോധിക്കുന്നത്.
ഫീസ് സംസ്ഥാനസര്‍ക്കാരിനാണ് ലഭിക്കുന്നത്. ഇതിനുപകരം യന്ത്രവത്കൃത വാഹനപരിശോധനയാണ് കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത്.2021-ല്‍ നിയമനിര്‍മാണം നടത്തിയെങ്കിലും ടെസ്റ്റിങ് കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനായി നടപ്പാക്കല്‍തീയതി പലതവണ മാറ്റിവെച്ചു. പുതുക്കിയ വിജ്ഞാപനപ്രകാരം 2025 ഏപ്രിലിനുമുന്പ് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കണം.
സംസ്ഥാനങ്ങള്‍ സ്വന്തംനിലയ്ക്ക് കേന്ദ്രങ്ങള്‍ തുടങ്ങിയില്ലെങ്കില്‍ സ്വകാര്യമേഖലയില്‍ അനുവദിക്കാനാണ് കേന്ദ്രതീരുമാനം. നിലവിലുള്ള ഒന്‍പത് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ നവീകരിക്കാനും 19 പുതിയകേന്ദ്രങ്ങള്‍ ആരംഭിക്കാനും സംസ്ഥാനസര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. വാഹനപരിശോധനാ കേന്ദ്രങ്ങളില്‍ ഈടാക്കാന്‍ ഉദ്ദേശിക്കുന്ന ഫീസ് ഘടനയുടെ കരട് കേന്ദ്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.