കൊച്ചി: കാക്കനാട് കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെയും കുടുംബത്തിന്റെയും ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ തേടി പോലീസ്. ക്വാട്ടേഴ്സിലെ അടുക്കളയിൽ ചില രേഖകൾ കത്തിച്ചു കളഞ്ഞതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചതായാണ് വിവരം. ഝാർഖണ്ഡ് സ്വദേശികളായ മനീഷ് വിജയ്, സഹോദരി ശാന്തിനി വിജയ്, അമ്മ ശകുന്തള എന്നിവരെയാണ് വ്യഴാഴ്ച വൈകിട്ട് കാക്കനാട് കസ്റ്റംസ് ക്വാട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിലെ ഒരു മുറിയിൽ നിന്നും പോലീസിന് ഒരു ഡയറി ലഭിച്ചിട്ടുണ്ട്. ഇതിലെ വിവരങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചുവരുകയാണ്. വിദേശത്തുള്ള സഹോദരിയെ തങ്ങളുടെ മരണവിവരമറിയിക്കണമെന്ന് ഡയറിയിൽ കുറിച്ചിട്ടുണ്ടെന്നാണ് വിവരം.മുമ്പ് കോഴിക്കോടായിരുന്നു മനീഷ് ജോലി ചെയ്തുവന്നിരുന്നത്. കൊച്ചിയിലെത്തിയിട്ട് വളരെ കുറച്ചു കാലം മാത്രമേ ആയിട്ടുള്ളൂ.
ഇദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മനീഷിന്റെ സഹോദരി ശാന്തിനി വിജയ് 2006 ൽ ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ഡെപ്യൂട്ടി കളക്ടർ പദവിയിലെത്തിയിരുന്നു. ആ റാങ്ക് പട്ടിക സംബന്ധിച്ച് ചില ആക്ഷേപങ്ങൾ ഉയർന്നിരുന്നു. തുടർന്ന് ഈ പട്ടിക റദ്ദാക്കുകയും ശാന്തിനിയുടെ ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു.റാങ്ക് പട്ടികയിലെ തിരിമറി സംബന്ധിച്ച് 2012 ൽ സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു. 2024ൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയായിരുന്നു ഇവരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. എന്നാൽ റാങ്ക് പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയങ്ങളാണോ കൃത്യത്തിന് പിന്നിലെന്നതിൽ വ്യക്തത വന്നിട്ടില്ല.അമ്മയുടെ മൃതദേഹം വെള്ളതുണിക്കൊണ്ട് മൂടിയിരുന്നു. ഇതിന് മുകളിൽ പൂക്കളുമുണ്ടായിരുന്നു. മനീഷിനെയും സഹോദരിയെയും രണ്ടുമുറികളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. അമ്മയുടെ മരണം ഉണ്ടാക്കിയ ആഘാതത്തിൽ ജീവനൊടുക്കാനുള്ള സാധ്യതയും പോലീസ് തള്ളികളയുന്നില്ല. വിദേശത്ത് നിന്നും സഹോദരിയെത്തിയതിന് ശേഷം പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കും. രണ്ടുപേരുടെ മൃതദേഹങ്ങൾ കളമശ്ശേരി ഗവ മെഡിക്കൽ കോളേജിലും ഒരാളുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.