വളാഞ്ചേരി: യാത്രയ്ക്കിടെ തീവണ്ടിയില്‍വെച്ച് വയോധികദമ്പതിമാരുമായി സൗഹൃദം സ്ഥാപിച്ച് അടുത്ത ദിവസംതന്നെ അവരുടെ വീട്ടിലെത്തി ജ്യൂസില്‍ മയക്കുഗുളികയിട്ട് ബോധംകെടുത്തി സ്വര്‍ണവുമായി മുങ്ങിയ യുവാവ് അറസ്റ്റില്‍. തൃശ്ശൂര്‍ വാടാനപ്പള്ളി തിണ്ടിക്കല്‍ ബാദുഷ(33)യാണ് അറസ്റ്റിലായത്.
കഴിഞ്ഞ 12-നാണ് ബാദുഷ വളാഞ്ചേരി കോട്ടപ്പുറം പെട്രോള്‍പമ്പിനു സമീപം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രന്റെ (75) വീട്ടിലെത്തി ഭാര്യ ചന്ദ്രമതി(63)യുടെ ആഭരണങ്ങളുമായി കടന്നത്. കൊട്ടാരക്കരയില്‍നിന്ന് ഡോക്ടറെ കണ്ട് കുറ്റിപ്പുറത്തേക്കു മടങ്ങുമ്പോള്‍ തീവണ്ടിയില്‍ ഇരിക്കാന്‍ സീറ്റ് തരപ്പെടുത്തിക്കൊടുത്തതിലൂടെയാണ് സൗഹൃദം സ്ഥാപിച്ചത്. മുട്ടുവേദനയ്ക്ക് ഡോക്ടറെ കാണാന്‍ പോയതാണെന്നു പറഞ്ഞപ്പോള്‍ താന്‍ നാവികസേനാ ഉദ്യോഗസ്ഥനാണെന്നും സേനാ ആശുപത്രിയില്‍ കുറഞ്ഞ ചെലവില്‍ മുട്ടിന് ശസ്ത്രക്രിയ നടത്താന്‍ താന്‍ സൗകര്യപ്പെടുത്താമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.
ചേര്‍ത്തലയില്‍ ഇറങ്ങുന്നതിനിടെ ഇയാള്‍ മൊബൈല്‍ നമ്പറും വാങ്ങി. തീവണ്ടിയില്‍വെച്ച് കണ്ടപ്പോള്‍ ഇയാള്‍ തന്റെ പേര് നീരജ് ആണെന്നാണു പറഞ്ഞിരുന്നത്.അടുത്തദിവസം രാവിലെ ചന്ദ്രന്റെ ഫോണില്‍ വിളിച്ച് ഓപ്പറേഷന് തീയതി ലഭിച്ചിട്ടുണ്ടെന്നും മുന്‍പ് നടത്തിയ ചികിത്സകളുടെ പേപ്പറുകള്‍ വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്തപ്രകാരം കോട്ടപ്പുറത്തെ വീട്ടിലെത്തി. തുടര്‍ന്നായിരുന്നു ജ്യൂസില്‍ മയക്കുഗുളിക നല്കിയതും സ്വര്‍ണാഭരണവുമായി രക്ഷപ്പെട്ടതും.
വളാഞ്ചേരി പോലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തിരുവനന്തപുരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ആറുപവന്‍ തൂക്കംവരുന്ന സ്വര്‍ണാഭരണങ്ങളാണു മോഷ്ടിച്ചത്.
തൃശ്ശൂരിലെ ജൂവലറിയില്‍നിന്ന് ഇത് വീണ്ടെടുത്തതായി പോലീസ് പറഞ്ഞു. കുറ്റിപ്പുറത്തും തിരുവനന്തപുരം, തൃശ്ശൂര്‍, ഇടുക്കി, കോഴിക്കോട് ജില്ലകളിലുമായി നാല്‍പ്പതോളം കേസുകള്‍ ഇയാളുടെ പേരിലുണ്ട്.
മയക്കുഗുളിക എറണാകുളത്തുനിന്നാണ് വാങ്ങിയതെന്ന് പ്രതി സമ്മതിച്ചതായും വളാഞ്ചേരി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ബഷീര്‍ സി. ചിറക്കല്‍ പറഞ്ഞു. ബാദുഷയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.എസ്.പി.യുടെ നിര്‍ദേശപ്രകാരം തിരൂര്‍ ഡിവൈ.എസ്.പി.യുടെ മേല്‍നോട്ടത്തില്‍ വളാഞ്ചേരി സി.ഐ. ബഷീര്‍ സി. ചിറക്കല്‍, പോലീസ് ഉദ്യോഗസ്ഥരായ ജയപ്രകാശ്, ബാബുരാജ്, ജയപ്രകാശ്, ജോബ്, ശൈലേഷ്, മനു, ഗിരീഷ്, നാസര്‍ തുടങ്ങിയവരും ചേര്‍ന്നാണ് അറസ്റ്റ്ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.