പഞ്ചാബ്: പഞ്ചാബിൽ AAP മന്ത്രി 20 മാസം ഭരിച്ചത് ഇല്ലാത്ത വകുപ്പെന്ന് കണ്ടെത്തൽ. പഞ്ചാബ് മന്ത്രി കുൽദീപ് സിംഗ് ധലിവാളാണ് 20 മാസത്തോളമായി മന്ത്രാലയത്തിൽ നിലവിലില്ലാത്ത ഒരു വകുപ്പ് ഭരിച്ചിരുന്നതായി കണ്ടെത്തിയത്. സംസ്ഥാന ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തെ ഉദ്ധരിച്ച് ദി ട്രിബ്യൂൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മന്ത്രിമാർക്കിടയിൽ വകുപ്പുകൾ അനുവദിക്കുന്നത് സംബന്ധിച്ച് പഞ്ചാബ് സർക്കാരിറക്കിയ മുൻ വിജ്ഞാപനത്തിന്റെ ഭേദഗതിയിൽ ധലിവാളിന് മുമ്പ് അനുവദിച്ചിരുന്ന ഭരണപരിഷ്കാര വകുപ്പ് ഇപ്പോൾ നിലവിലില്ലെന്നാണ് പറയുന്നത്. കുൽദീപ് സിംഗ് ധലിവാൾ എൻആർഐ വകുപ്പ് മാത്രമായിരുക്കും ഇനി പഞ്ചാബ് മന്ത്രിസഭയിൽ കൈകാര്യം ചെയ്യുക. മുഖ്യമന്ത്രി ഭഗവത് മന്നിന്റെ ഉത്തരവനുസരിച്ച് ധലിവാളിന്റെ വകുപ്പിൽ ഭേദഗതി വരുത്താനുള്ള തീരുമാനം 2025 ഫെബ്രുവരി 7 മുതൽ പ്രാബല്യത്തിൽ വന്നതായി വിജ്ഞാപനത്തിൽ പറയുന്നു.തുടക്കത്തിൽ കൃഷി, കർഷക ക്ഷേമ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ധലിവാളിനെ 2023 മെയ് മാസത്തിൽ നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ ആ വകുപ്പിൽ നിന്ന് മാറ്റിയിരുന്നു. ഇതിനുശേഷമാണ് അദ്ദേഹത്തിന് എൻആർഐ വകുപ്പും ഭരണപരിഷ്കാര വകുപ്പും നൽകിയത്. എന്നാൽ 2024 സെപ്റ്റംബറിൽ വീണ്ടും മന്ത്രിസഭാ പുനഃസംഘടന നടന്നിട്ടും കടലാസിൽ മാത്രമുണ്ടായിരുന്ന ഭരണപരിഷ്കാര വകുപ്പിൽ ധലിവാൾ തുടരുകയായിരുന്നു.ഭരണപരിഷ്കാര വകുപ്പ് ധലിവാളിന് നൽകിയ ശേഷം, തന്റെ വകുപ്പിന് സെക്രട്ടറി ഇല്ലാത്തതിനാൽ അദ്ദേഹം സർക്കാരിനോട് ഇത് സംബന്ധിച്ച് വ്യക്തത തേടിയിരുന്നു. ഭരണപരിഷ്കാര വകുപ്പിന് ജീവനക്കാരെ അനുവദിച്ചിട്ടില്ലെന്നും അവർ ഒരു മീറ്റിംഗും നടത്തിയിട്ടില്ലെന്നും പേര് വെളിപ്പെടുത്താത്ത വൃത്തങ്ങൾ പറഞ്ഞതായി ദി ട്രിബ്യൂണിൺ റിപ്പോർട്ട് ചെയ്തു. പഞ്ചാബ് സർക്കാരിന്റെ പ്രമുഖ മന്ത്രിമാരിൽ ഒരാൾക്ക് നിയോഗിക്കപ്പെട്ട ഒരു വകുപ്പ് യഥാർത്ഥത്തിൽ നിലവിലില്ലെന്ന് മനസ്സിലാക്കാൻ ഏകദേശം 20 മാസമെടുത്തെങ്കിൽ, അതിലെ പ്രതിസന്ധി നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ എന്ന് ബിജെപി നേതാവ് അമിത് മാളവ്യ സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു.ആം ആദ്മി പാർട്ടി പഞ്ചാബിലെ ഭരണം ഒരു തമാശയാക്കിയെന്നും ഒരു മന്ത്രി നിലവിലില്ലാത്ത വകുപ്പ് നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രിക്ക് 20 മാസമായിട്ടുപോലും അറിയാനായില്ലെന്നും ബിജെപിയുടെ ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.