കൊച്ചി: സെന്‍ട്രൽ ജിഎസ്ടി ഓഫിസിലെ അഡീഷണൽ കമ്മിഷണർ മനീഷ് വിജയ് (43), സഹോദരി ശാലിനി വിജയ് (49), അമ്മ ശകുന്തള അഗർവാൾ (77) എന്നിവരുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്. അമ്മയാണ് ആദ്യം മരിച്ചതെന്നും പിന്നീടാണ് മക്കൾ രണ്ടുപേരും മരിച്ചതെന്നുമാണ് കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‍മോർട്ടത്തിൽ വ്യക്തമായത്. ആദ്യം തൂങ്ങി മരിച്ച അമ്മയുടെ മൃതദേഹം അഴിച്ചു താഴെക്കിടത്തി തുണികൊണ്ടു മൂടി പൂക്കൾ വിതറിയ ശേഷം മക്കളും ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ അനുമാനം.
മരിച്ചവരുടെ ആന്തരികാവയവങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. അബുദാബിയിൽ താമസിക്കുന്ന ഇവരുടെ സഹോദരി പ്രിയ അജയ് എത്തിയ ശേഷമാണ് ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം വിട്ടുകൊടുത്ത മൃതദേഹം കാക്കനാട് തന്നെ സംസ്കരിക്കും എന്നാണ് നിലവിലെ വിവരം.ഈ മാസം 20നാണ് ക്വാർട്ടേഴ്സിൽ ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. മാതാവ് മരിച്ചതിന്റെ ദുഃഖത്തിൽ മക്കൾ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നായിരുന്നു പ്രാഥമിക നിഗമനം.
മനീഷിനെ ക്വാർട്ടേഴ്സിന്റെ വലത്തേ മുറിയിലും ശാലിനിയെ പിറകു വശത്തുള്ള മുറിയിലും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. അമ്മയുടെ മൃതദേഹം ഇടതുവശത്തെ മുറിയിലെ കട്ടിലിൽ വെള്ള പുതപ്പിച്ച് പൂക്കൾ വിതറിയ നിലയിലുമായിരുന്നു. എല്ലാ മൃതദേഹങ്ങളും അഴുകി ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. വീട്ടിൽ നിന്ന് കണ്ടെടുത്ത ബില്ലിൽ പൂക്കൾ വാങ്ങിയ തീയതി 14 ആണ് രേഖപ്പെടുത്തിയിരുന്നത്. അമ്മ മരിച്ചത് ഇതിനോട് അടുത്താണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. മുറിയിൽനിന്ന് കണ്ടെടുത്ത ആത്മഹത്യ കുറിപ്പിൽ സ്വർണവും കാറും സ്വത്തുവകകളുമെല്ലാം ഇളയ സഹോദരിക്ക് നൽകണമെന്ന് മനീഷ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ എന്താണ് മരണത്തിലേക്ക് നയിച്ചത് എന്ന കാര്യത്തിൽ ഇതിൽ സൂചനകളുണ്ടായിരുന്നില്ല. പൊലീസിന് വെല്ലുവിളിയാകാൻ പോകുന്നതും ഇവരെ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്തെന്ന് കണ്ടെത്തുകയാണ്. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷന്റെ സംസ്ഥാന സർവീസ് പരീക്ഷയുമായി ബന്ധപ്പെട്ട കേസാണോ കാരണം എന്നതിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവായിരുന്ന ശാലിനി ഡപ്യൂട്ടി കലക്ടറായി ജോലി ചെയ്യുകയായിരുന്നു. എന്നാൽ രാഷ്ട്രീയ നേതാക്കളും ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരും അവരുടെ അടുത്ത ബന്ധുക്കൾക്കു നിയമനം നൽകാൻ പരീക്ഷയിലും അഭിമുഖത്തിലും കൃത്രിമം കാട്ടിയെന്ന് ആരോപണമുയർന്നു. ജാർഖണ്ഡ് പൊലീസ് നടത്തിയ അന്വേഷണം പിന്നീട് സിബിഐ ഏറ്റെടുത്തു. 12 വർഷത്തിനു ശേഷം കഴിഞ്ഞ നവംബറിൽ സിബിഐ ജെപിഎസ്‌സി മുന്‍ ചെയർമാൻ ഉൾപ്പെടെ ഒട്ടേറെ പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ശാലിനിയും ഈ കേസിൽ പ്രതിയാണ്. രണ്ടു വർഷം മുൻപ് അവധിയിൽ പ്രവേശിച്ച ശാലിനി പിന്നീടു മടങ്ങിയെത്തിയില്ലെന്നാണ് ജാർഖണ്ഡിലെ സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.ഈ കേസുമായി ബന്ധപ്പെട്ട് ഈ മാസം 15ന് ജാർഖണ്ഡ് സിബിഐ പ്രത്യേക കോടതിയിൽ ഹാജരാവാൻ ശാലിനിക്ക് സമൻസ് ലഭിച്ചിരുന്നു. സഹോദരിയുടെ ആവശ്യത്തിനു നാട്ടിലേക്ക് പോകുമെന്ന് വ്യക്തമാക്കി മനീഷ് ഒരാഴ്ചത്തെ അവധി എടുത്തിരുന്നു. എന്നാൽ ലീവ് കഴിഞ്ഞിട്ടും മനീഷ് ജോലിക്ക് എത്താതിരുന്നപ്പോഴാണ് അന്വേഷണം തുടങ്ങിയത്. കടുത്ത പ്രമേഹത്തെ തുടർന്ന് ശകുന്തള ഇൻസുലിൻ ഉപയോഗിച്ചിരുന്നു. അമ്മയെ ഡോക്ടറെ കാണിക്കാനായി 20ാം തിയതി വരാൻ മനീഷ് ഡ്രൈവറോട് പറഞ്ഞിരുന്നു. മനീഷിനെ ഫോൺ വിളിച്ചിട്ടും കിട്ടാതിരുന്നതോടെ നേരിട്ടു വന്നു നോക്കിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.