കോട്ടയം: തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം അനശ്വരയിൽ സിനിമയ്ക്കായ് ഒത്ത് കൂടിയ സിനിമാസ്വാദകർ പുതുമയായി. സിനിമ കണ്ടപ്പോൾ തമസ്കരിക്കപ്പെട്ട ചരിത്രങ്ങളെ സിനിമയിലൂടെ പുറത്ത് കൊണ്ടുവരുന്ന ലക്ഷ്മൺ ഉടെക്കർ ഉൾപ്പെടെയുള്ളവരെ നന്ദിപൂർവ്വം സ്മരിച്ചു പോയെന്ന് ശേഷം നടന്ന ചർച്ചകളിൽ പങ്കെടുത്ത് പ്രമുഖർ പ്രതികരിച്ചു. സിനിമ കണ്ടതിനു ശേഷം തമ്പ് ഫിലിം സൊസൈറ്റിയുടെ സെകട്ടറി അഡ്വ. അനിൽ ഐക്കര തയ്യാറാക്കിയ റിവ്യൂ വായിക്കാം. ഛാവ - ചരിത്രത്തിലെ കറുത്ത സത്യത്തിന്റെ ദൃശ്യാവിഷ്‌കാരം.
ഭാരതം കണ്ട ഏറ്റവും നിഷ്കരുണനും ക്രൂരനുമായ മുഗൾ ഇസ്‌ലാമിക ഏകാധിപതിയായിരുന്നു ഔറംഗസീബ്. രാജ്യാധികാരത്തിനായി സ്വന്തം സഹോദരനെ കൊലപ്പെടുത്തുകയും, മറ്റൊരു സഹോദരനെ തൂക്കിലേറ്റുകയും ചെയ്ത ഔറംഗ് ഉറ്റബന്ധുവിനെയും തൂക്കിലേറ്റി, പോരാത്തതിന് സ്വന്തം പിതാവിനെ തുറുങ്കിലടയ്ക്കുകയും ചെയ്തു. അങ്ങനെ ഏറ്റവും മികച്ച പ്രണയ കുടീരമെന്നു പലരും വിവരിക്കുന്ന താജ്മഹൽ നിർമ്മിക്കപ്പെട്ടത്തിനു കാരണക്കാരായ മാതാപിതാക്കളുടെ മകൻ ആ പ്രണയ കുടീരത്തിന്റെ സൃഷ്ടാവിനെ, സ്വന്തം പിതാവിനെ തുറുങ്കിലടച്ചത് ചരിത്രത്തിൽ നമ്മൾ കാണുന്നു. അതായിരുന്നു സാക്ഷാൽ ഔറംഗസേബ്.
ഇങ്ങനെ അധികാരമേറ്റ ഔറംഗയിൽ നിന്ന് ഭാരതീയ രാജാക്കന്മാർക്ക് എന്നല്ല ഒരാൾക്കും നീതി പ്രതീക്ഷിക്കുവാനാവില്ലല്ലോ. അങ്ങനെയൊരു കഥയാണ്, കഥയല്ല ചരിത്ര സംഭവമാണ് ഛാവ എന്ന ഹിന്ദി സിനിമയിൽ വിവരിക്കുന്നത്. ഭാരതീയ വീര സാമ്രാട്ടായ വീര ശിവാജിയുടെ സാക്ഷാൽ പുത്രനായി മാറാത്തയുടെ അധികാരമേറ്റ സംഭാജിയുടെ ചരിത്രം. ഭാരത ചരിത്രത്തിലെ കറുത്ത സത്യത്തിന്റെ കഥയെന്നാണ് ഉത്തരേന്ത്യൻ മാധ്യമങ്ങൾ ഈ സിനിമയെ പറ്റി വർണ്ണിച്ചത്.
പതിവ് പോലെ ഛാവ എന്ന ചരിത്ര സത്യ സിനിമയും കേരളത്തിൽ റിലീസ് ചെയ്യുവാൻ വിതരണക്കമ്പനികളും തീയേറ്ററുകളും മടി കാണിച്ചു. എന്നാൽ റിലീസ് ചെയ്തതോടെ തീയേറ്ററുകളിൽ നിന്ന് പിൻ വലിക്കാനാവാത്ത വിധം പൊതുജനം സിനിമയെ സ്വീകരിച്ച് തുടങ്ങി. അത്തരമൊരു നിറഞ്ഞ സദസ്സിൽ ഇന്ന് സിനിമ കാണുവാനിടയായി. ഹിന്ദി സിനിമകളിൽ സാധാരണ കാണുന്ന സിനിമാ ശൈലിയൊക്കെ ചേർന്നുള്ള ആദ്യപകുതിയിൽ സിനിമയോടൊപ്പം സഞ്ചരിക്കുവാൻ ഒരല്പം ബുദ്ധിമുട്ട് തോന്നാമെങ്കിലും രണ്ടാമത്തെ പകുതിയിൽ സിനിമ ഞെട്ടിപ്പിക്കുക തന്നെ ചെയ്യുന്നു.
ആദ്യമേ തന്നെ ഔറംഗ എന്ന മുഗൾ രാജാവിനെപ്പറ്റി പറയുവാനിടയായത് ഈ സിനിമയിൽ ആറംഗസേബിനെ അവതരിപ്പിക്കുന്ന അക്ഷയ് ഖന്ന എന്ന നടന്റെ അവിസ്മരണീയ ഭാവ ഹാവാദികൾ കൊണ്ട് തന്നെയാണ്.ഏറ്റവും ക്രൂരനായ ഒരു ഭരണാധികാരിയെ അവതരിപ്പിച്ചു കൊണ്ട് പ്രതിനായകൻ നായകനാവുന്ന ഒരു ചിത്രമാണീ സാംബാജിയുടെ കഥയായ ഛാവ. ' എനിക്ക് ശേഷം ഓരോ വീട്ടിലും ഓരോ ശിവജിയും സംഭാജിയും പിറക്കും, എന്നാൽ നിങ്ങളോട് കൂടി മുഗൾ വംശം അവസാനിക്കും' എന്ന ശാപം സിനിമയിൽ നിന്ന് മാറി നമ്മളെ ചിന്തിപ്പിക്കുന്ന ഒന്നാകുന്നു.
1681 കാലഘട്ടത്തിന്റെ ചരിത്രപശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മറാത്ത ഭരണാധികാരി ഛത്രപതി സംഭാജി മഹാരാജിന്റെ ‘സ്വരാജ്യ’ത്തോടുള്ള സ്നേഹത്തെയാണ് ഈ ചിത്രം ചിത്രീകരിക്കുന്നത്. നടൻ വിക്കി കൗശലിന്റെ കരുത്തുറ്റ പ്രകടനമാണ് സിനിമയുടെ മറ്റൊരു പ്രാധാന്യം. മെൽ ഗിബ്‌സൺ ന്റെ സിനിമയായ പാഷൻ ഓഫ് ക്രൈസ്ട് ലെ ക്രിസ്തുവിന്റെ പീഡാനുഭവ ചിത്രീകരണത്തെ വിസ്മയിപ്പിക്കുന്ന വിധത്തിലാണ് ഛാവ യിലെ അതിക്രൂരമായ സംഭാജിയുടെ വധ ശിക്ഷയുടെ ചിത്രീകരണം നടത്തിയിരിക്കുന്നത്. സംവിധായകനായ ലക്ഷ്മൺ ഉടെക്കർ ലോക നിലവാരത്തിലേക്കുയരുകയാണ് രണ്ടാമ പകുതിയിലെ ഈ ചിത്രീകരണങ്ങളിലൂടെ. ഒപ്പം നടനെന്ന നിലയിൽ വിക്കി കൗശലിന്റെ അവിസ്മരണീയ പ്രകടനവും കൂടിയാകുമ്പോൾ, സിനിമ നൽകുന്ന ചരിത്ര ദു:ഖത്തിൽ നമ്മൾ അറിയാതെ വികാരഭരിതരാകുന്നു. ചിത്രീകരണം കൊണ്ടും ശ്രദ്ധേയമാണ് ഈ സിനിമ. തലകൾ വെട്ടുന്നതും, കൈയും കാലും മുറിയുന്നതും, മുറിവുകളുടെ സ്വാഭാവിക ദൃശ്യങ്ങളും അസ്വാഭാവികതകൾക്കൊപ്പം ശ്രദ്ധിക്കപ്പെടും. നവീന സിനിമാ നിരീക്ഷിക്കുന്നവർക്ക് ഛാവ ഒരു പ്രത്യേക ദൃശ്യാനുഭവം നൽകും. അതുകൊണ്ട് തന്നെ ഫെബ്രുവരി 14 ന് ഇറങ്ങിയ ചിത്രം 2025ലെ ഇതുവരെയുള്ള ഏറ്റവും വലിയ ഓപ്പണിങ് റെക്കോർഡുമായി ബോക്സ് ഓഫിസിൽ ശക്തമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 130 കോടി ബജറ്റിൽ നിർമിച്ച ചിത്രം. ആഗോള കളക്ഷനായി ചിത്രം 300 കോടിയിൽ വളരെ വേഗം എത്തിഎന്നാണ് കണക്കുകൾ പറയുന്നത്.
സംഭാജി മഹാരാജാവിന്റെ ഭാര്യയായ മഹാറാണി യേശുഭായ് ഭോൻസാലെയായി എത്തുന്നത് രശ്മിക മന്ദാനയാണ്. അശുതോഷ് റാണ, ദിവ്യ ദത്ത എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. മഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജയനാണ് ചിത്രം നിർമ്മിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.