തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിനു കേന്ദ്രത്തോട് 2,000 കോടിയുടെ ഗ്രാന്റാണ് ചോദിച്ചിരുന്നതെന്നും കിട്ടിയത് വായ്പയാണെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കുറഞ്ഞസമയത്തിനുള്ളില്‍ പണം ചെലവഴിക്കണമെന്ന നിര്‍ദേശം പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
‘‘ഇത്തരം സാഹചര്യങ്ങളില്‍ ഗ്രാന്റായാണ് സാധാരണ സഹായം നല്‍കുക. എന്നാല്‍ നമ്മൾക്ക് ഗ്രാന്റായിട്ടുള്ള തുക അല്ല കിട്ടിയത്. അടിയന്തരമായി പുരനധിവാസം നടത്തേണ്ടതിനാല്‍ വായ്പയും കേരളം ചോദിച്ചിരുന്നു. കാപെക്‌സ് സ്‌കീം അനുസരിച്ച് 529.50 കോടി രൂപയുടെ വായ്പയാണു ലഭിച്ചത്.വായ്പ തിരിച്ചടയ്ക്കണം. വളരെ പെട്ടെന്നു തന്നെ ചെലവു ചെയ്തു തീര്‍ത്താല്‍ മാത്രമേ വായ്പയുടെ ഗുണം കിട്ടൂ. ഒന്നരമാസം കൊണ്ട് 530 കോടി ഉപയോഗിക്കുക എന്നതു പ്രായോഗികമായ കാര്യമല്ല. എങ്ങനെ ചെയ്യാന്‍ പറ്റുമെന്നാണു നോക്കുന്നത്. പ്രശ്‌നങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തും.’’ – ധനമന്ത്രി പറഞ്ഞു.
‘‘ഇത്രയും തുക മാര്‍ച്ച് 31നു മുന്‍പ് കൊടുക്കുകയെന്നതു പ്രായോഗികമായി വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. പണം ആര്‍ക്കെങ്കിലും വിതരണം ചെയ്യാനാണെങ്കില്‍ ബാങ്ക് അക്കൗണ്ട് വഴി കൊടുക്കാന്‍ കഴിയും. പക്ഷെ കെട്ടിടങ്ങളും റോഡും നിര്‍മിക്കാനും പൈപ്പ് ലൈന്‍ ഇടാനും സ്‌കൂളുകള്‍ നിര്‍മിക്കാനുമുള്ള പണം ആകുമ്പോള്‍ അത്ര പെട്ടെന്നു ചെയ്യാന്‍ പറ്റുന്നതല്ല.
അതിനു പുറമേ എല്ലാം നമ്മള്‍ ഉദ്ദേശിക്കുന്ന പുനരധിവാസത്തിനു ഉപയോഗിക്കാനും കഴിയില്ല. യൂട്ടിലിട്ടി സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതുള്‍പ്പെടെ എങ്ങനെ അതിനെ മറികടക്കാമെന്നാണു ധനവകുപ്പ് ആലോചിക്കുന്നത്. ഇതുപോലെയാണു പല കേന്ദ്രപദ്ധതികളുടെയും പ്രായോഗികമായ അനുഭവം. എന്തായാലും പരമാവധി എങ്ങനെ ഫണ്ട് ഉപയോഗിക്കാമെന്നാണു നോക്കുന്നത്.’’ – ബാലഗോപാൽ പറഞ്ഞു.
‘‘നിയമസഭയുടെ എസ്ഡിജിയില്‍ ചേര്‍ത്ത് പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി നമ്മള്‍ മുന്നോട്ടു പോകുകയാണ്. വായ്പ തരാന്‍ ഏറെ വൈകി എന്ന പ്രശ്‌നവുമുണ്ട്. കുറച്ചുകൂടി മുന്‍പ് അനുവദിക്കാമായിരുന്നു. ഏതു സംസ്ഥാനത്താണ് ഇതു സംഭവിക്കുന്നതെങ്കിലും ഗ്രാന്റായി തന്നെ കിട്ടേണ്ടതാണ്. അതതു സംസ്ഥാനങ്ങളെ സഹായിക്കാന്‍ വായ്പയ്ക്കു പകരം പ്രത്യേകഫണ്ട് വയ്ക്കണം. വായ്പ കൊടുത്തു മാത്രം പരിഹരിക്കാന്‍ പറ്റുന്നതല്ല അത്. പ്രത്യേക ഗ്രാന്റ് തരുമ്പോള്‍ ഇതു തട്ടിക്കുറയ്ക്കുകയാണെങ്കില്‍ നല്ലതാണ്. ഗ്രാന്റ് കിട്ടുമെന്നു തന്നെയാണു പ്രതീക്ഷ. പക്ഷെ അതുവരെ കാത്തിരിക്കാന്‍ കഴിയില്ലാത്തുകൊണ്ടാണ് വായ്പയ്ക്കു ശ്രമിച്ചത്. നമുക്ക് പ്രത്യേകമായ സഹായം കിട്ടിയിട്ടില്ല. എന്തായാലും സ്‌പെഷല്‍ വായ്പ എടുത്തു മുന്നോട്ടു പോകുകയാണ്. എല്ലാ അനുമതികളും കിട്ടിയാല്‍ അടുത്ത വര്‍ഷം തന്നെ ദുരിതാശ്വാസത്തിന്റെ ആദ്യ പ്രവര്‍ത്തനമായി ടൗണ്‍ഷിപ്പും മറ്റുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും.’’ – ധനമന്ത്രി പറഞ്ഞു.
അതേസമയം, വയനാട് പുനരധിവാസത്തിനു 530 കോടിയുടെ മൂലധന നിക്ഷേ വായ്പ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി വയനാടിന് ആശ്വാസമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രസർക്കാർ നിലപാട് മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതരുടെ പുനരധിവാസം സാധ്യമാക്കും.സംസ്ഥാന സർക്കാരിന്റെ അനാസ്ഥ കാരണം മുടങ്ങിക്കിടക്കുകയായിരുന്ന പുനരധിവാസ പ്രവർത്തനങ്ങളാണ് ഇനി യാഥാർത്ഥ്യമാവുക. 50 വർഷത്തേക്കുള്ള പലിശരഹിത വായ്പ തത്വത്തിൽ വയനാടിനുള്ള കൈത്താങ്ങ് തന്നെയാണ്. ദുരന്തബാധിത പ്രദേശത്തെ 16 പദ്ധതികൾക്കാണ് സഹായം ലഭ്യമാവുക. ഇതോടെ സ്വപ്നമായി മാത്രം ഒതുങ്ങുമായിരുന്ന ടൗൺഷിപ്പ് പദ്ധതി വേഗത്തിൽ ആരംഭിക്കാൻ സാധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.