ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത് രേഖ ഗുപ്ത. ഡൽഹി രാംലീല മൈതാനത്ത് നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന സത്യവാചകം ചൊല്ലികൊടുത്തു.
രേഖ ഗുപ്തക്കൊപ്പം പർവേശ് വർമ്മ, മാൻജീന്ദർ സിങ് സിർസ, കപിൽ മിശ്ര തുടങ്ങിയവരും കാബിനറ്റ് മന്ത്രിമാരായും ആശിഷ് സൂദ്, പങ്കജ് കുമാർ സിങ്, രവീന്ദർ ഇന്ദ്രജ് സിങ് എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പന്ത്രണ്ടാം നാളാണ് ബി.ജെ.പി ഡൽഹിയിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാളിനെ തോൽപ്പിച്ച് ഈ തെരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ പർവേശ് വർമ മുഖ്യമന്ത്രിസ്ഥാനത്ത് എത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ നറുക്ക് വീണത് പക്ഷേ ഷാലിമാർ ബാഗിൽ നിന്നുള്ള എം.എൽ.എ രേഖ ഗുപ്തക്കാണ്.ദീർഘകാല രാഷ്ട്രീയ പരിചയമുള്ള നേതാവാണ് നിയുക്ത ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത.
1974 ജൂലൈ 19ന് ഹരിയാനയിലെ ജിന്ദിലുള്ള നന്ദ്ഗഡ് ഗ്രാമത്തിൽ ബാങ്ക് ഉദ്യോഗസ്ഥന്‍റെ മകളായാണ് രേഖ ഗുപ്ത ജനിച്ചത്. ചെറുപ്രായത്തിൽതന്നെ കുടുംബം ഡൽഹിയിലേക്ക് മാറിയിരുന്നു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് രേഖ ബി.ജെ.പിയിലേക്ക് എത്തുന്നത്.
അഭിഭാഷകയായ അവർ ഡൽഹി യൂനിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റായാണ് രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. 1996-97 കാലയളവിലായിരുന്നു ഇത്. പിന്നീട് മുൻസിപ്പൽ തെരഞ്ഞെടുപ്പുകളിലേക്ക് ചുവടുമാറ്റി. 2007ൽ ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ വിജയിച്ചു. 2012ലും വിജയമാവർത്തിക്കാൻ അവർക്ക് സാധിച്ചതോടെ മുതിർന്ന നേതാക്കളുട ശ്രദ്ധ പിടിച്ചുപറ്റാനും രേഖ ഗുപ്തക്കായി. നിലവിൽ ഡൽഹി ബി.ജെ.പിയിൽ ജനറൽ സെക്രട്ടറിയാണ് രേഖ ഗുപ്ത. ബി.ജെ.പി മഹിള മോർച്ച ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനവും അവർ വഹിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.