കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ഏഴുമാസമായിട്ടും ഗുണഭോക്താക്കളുടെ പൂർണ ലിസ്റ്റ് പുറത്തുവിടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ചൂരൽമല - മുണ്ടക്കൈ ദുരന്തബാധിതരുടെ ജനകീയ സമിതി സമരത്തിലേക്ക്. ആദ്യഘട്ടമായി തിങ്കളാഴ്ച കലക്ടറേറ്റിനു മുന്നിൽ ഉപവാസ സമരം നടത്തും.
ഗുണോഭോക്താക്കളുടെ ലിസ്റ്റ് ജനകീയ സമിതിയും പഞ്ചായത്തും ചേർന്ന് സർക്കാരിനു സമർപ്പിച്ചതാണെന്ന് ചെയർമാൻ ജെ.എം.ജെ മനോജ് പറഞ്ഞു. ഇത് പരിശോധിച്ച് അംഗീകാരം നൽകിയാൽ മാത്രം മതിയാകും. വീട് ലഭിക്കുമോ എന്ന കാര്യത്തിൽ പലർക്കും ആശങ്കയുണ്ട്.
രണ്ട് എസ്റ്റേറ്റുകളും ഒന്നിച്ച് ഏറ്റെടുത്ത് പുനരധിവാസം വേഗത്തിലാക്കണം. രണ്ട് ഘട്ടമായി ഏറ്റെടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. നെടുമ്പാല എസ്റ്റേറ്റിലേതുപോലെ കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിലും 10 സെന്റ് ഭൂമിയിൽ വീട് നിർമിക്കണമെന്നും മനോജ് ആവശ്യപ്പെട്ടു.

ആദ്യഘട്ടത്തിൽ കൽപറ്റ ടൗണിനോട് ചേർന്ന എൽസ്റ്റൺ എസ്റ്റേറ്റ് മാത്രം ഏറ്റെടുത്ത് ടൗൺഷിപ്പ് നിർമിക്കാനാണ് സർക്കാർ തീരുമാനമെടുത്ത്. 242 പേരുടെ ഗുണഭോക്തൃ പട്ടികയാണ് അന്തിമമായി അംഗീകരിച്ചത്. വാസയോഗ്യമല്ലാത്ത സ്ഥലത്ത് വീടുള്ളവരുടെ ഉൾപ്പെടെ പട്ടിക തയാറായിട്ടില്ല. 813 പേരെയാണ് സർക്കാർ വാടക വീടുകളിലേക്ക് മാറ്റിയത്.
ഇതിൽ പലരും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വീട് നിർമാണം പൂർത്തിയാക്കി. ചിലർ സർക്കാർ അനുവദിച്ച 15 ലക്ഷം രൂപ വാങ്ങി ടൗൺഷിപ്പിനു പുറത്ത് വീടുവയ്ക്കാൻ താൽപര്യപ്പെടുന്നുണ്ട്. പൂർണമായ ഗുണഭോക്തൃ പട്ടിക പുറത്തുവിട്ടാൽ മാത്രമേ എത്ര വീടുകൾ ടൗൺഷിപ്പിൽ നിർമിക്കണമെന്നുൾപ്പെടെ തീരുമാനമാകൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.