കൊച്ചി: കെപിസിസി നേതൃമാറ്റത്തിലും ശശി തരൂരുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പ്രതികരണം മയപ്പെടുത്തി കോൺഗ്രസ് നേതാക്കൾ. കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ.സുധാകരനെ മാറ്റുന്നതു സംബന്ധിച്ച് ചർച്ചകളൊന്നുമുണ്ടായിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഇക്കാര്യത്തിൽ ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്നു രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
കൊച്ചിയിൽ യുഡിഎഫ് നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു നേതാക്കളുടെ പ്രതികരണം. ശശി തരൂർ പാർട്ടിക്ക് എതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഇരുവരും പ്രതികരിച്ചു.
കെപിസിസി അധ്യക്ഷനെ മാറ്റുന്നതിൽ ചർച്ചകളൊന്നും നടക്കുന്നില്ലെന്നായിരുന്നു സതീശന്റെ വാക്കുകൾ. ‘‘ചർച്ചയുണ്ടെങ്കിൽ ഞാൻ അറിയേണ്ടേ? അറിഞ്ഞിട്ടില്ല. ഇത്തരം കാര്യങ്ങളൊക്കെ കോൺഗ്രസ് ഹൈക്കമാൻഡാണ് തീരുമാനിക്കുന്നത്.
ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം അവർ എടുക്കും. നാളെ ഡൽഹിയിൽ നടക്കുന്ന യോഗം 2026ൽ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിലെ നേതാക്കളെ ഡൽഹിക്കു വിളിപ്പിച്ചതാണ്. കോൺഗ്രസില്‍ യാതൊരു തർക്കവുമില്ല. തർക്കമുണ്ടെന്ന് മാധ്യമങ്ങള്‍ ഓരോ ദിവസവും പറയുന്നു എന്നു മാത്രമേയുള്ളൂ’’– സതീശൻ പറഞ്ഞു. തരൂർ വിഷയത്തിലും കാര്യമായ പ്രതികരണത്തിന് സതീശൻ തയാറായില്ല. ‘‘ഒരു വിഷയത്തിൽ അദ്ദേഹം അഭിപ്രായം പറഞ്ഞു. ഞങ്ങൾ തർക്കിക്കുകയോ വഴക്കിടുകയോ ചെയ്തില്ലല്ലോ’’– സതീശൻ ചോദിച്ചു. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായത് എൽഡിഎഫിനാണെന്നും യുഡിഎഫിന് 9 സീറ്റ് ഉണ്ടായിരുന്നത് 13 ആയെന്നും സതീശൻ പറഞ്ഞു.സുധാകരൻ വിഷയത്തിൽ കോൺഗ്രസിൽ ഔദ്യോഗികമായ ചർച്ചകളൊന്നും നടന്നതായി തനിക്ക് അറിയില്ലെന്നാണു ചെന്നിത്തല പറഞ്ഞത്. ‘‘ശശി തരൂരുമായി ഞാൻ ഫോണിൽ സംസാരിച്ചിരുന്നു. തരൂരിന് അങ്ങനെ പ്രത്യേകമായി എന്തെങ്കിലും പ്രശ്നമുള്ളതായി അറിയില്ല.
പാർട്ടിക്ക് എതിരായി അദ്ദേഹം സംസാരിക്കുമെന്ന് ഞാൻ കരുതുന്നില്ല. കോൺഗ്രസ് ജനാധിപത്യ പാർട്ടി ആയതുകൊണ്ട് ഓരോ വിഷയങ്ങൾ ഉണ്ടാകുമ്പോള്‍ ഭിന്നാഭിപ്രായങ്ങളുണ്ടാകും. കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് ഹൈക്കമാൻഡാണ്’’– ചെന്നിത്തല പറഞ്ഞു. മുന്നണിയിലെ പ്രശ്നങ്ങൾ യോഗത്തിൽ ചർച്ചയ്ക്കു വരുമെന്നാണ് കരുതുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച ചർച്ചകളും ഉണ്ടായേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.