ദുബായ്: ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിലെ ‘ചൂടൻ പോരാട്ട’ത്തിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍ ബാറ്റു ചെയ്യുന്നു. ബാബർ അസമും ഇമാം ഉൾ ഹഖുമാണ് പാക്കിസ്ഥാനു വേണ്ടി ബാറ്റു ചെയ്യുന്നത്. ഒരോവർ അവസാനിക്കുമ്പോൾ വിക്കറ്റു പോകാതെ ആറു റൺസെന്ന നിലയിലാണു പാക്കിസ്ഥാൻ. ടോസ് വിജയിച്ച പാക്ക് ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ ബാറ്റിങ് തിരഞ്ഞെടുത്തു.ഏകദിനത്തിൽ ഇന്ത്യയ്ക്കു തുടർച്ചയായ 12–ാം മത്സരത്തിലാണ് ടോസ് നഷ്ടമാകുന്നത്.
2023 ലോകകപ്പ് ഫൈനൽ മുതൽ ഇന്ത്യയ്ക്ക് ടോസ് ലഭിച്ചിട്ടില്ല. ബംഗ്ലദേശിനെ നേരിട്ട അതേ ടീമുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. അതേസമയം പാക്കിസ്ഥാൻ ടീമിൽ ഒരു മാറ്റമുണ്ട്. പരുക്കേറ്റ ഫഖർ സമാനു പകരം, ഇമാം ഉൾ ഹഖ് പ്ലേയിങ് ഇലവനിലെത്തി.ചാംപ്യൻസ് ട്രോഫി ഗ്രൂപ്പ് എയിൽ ആദ്യ മത്സരം ജയിച്ച ഇന്ത്യ രണ്ടാം സ്ഥാനത്താണെങ്കിൽ ഉദ്ഘാടന മത്സരത്തിൽ ന്യൂസീലൻഡിനോട് തോൽവി വഴങ്ങിയ പാക്കിസ്ഥാൻ അവസാന സ്ഥാനത്താണ്. ഇന്ന് ജയിച്ചാൽ ഇന്ത്യയ്ക്ക് സെമിഫൈനൽ ബെർത്ത് ഏറക്കുറെ ഉറപ്പാക്കാം. മറുവശത്ത് ഇന്ന് തോറ്റാൽ പാക്കിസ്ഥാന് ടൂർണമെന്റിനു പുറത്തേക്കുള്ള വഴി തെളിയും.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഹർഷിത് റാണ പാക്കിസ്ഥാൻ ടീം: ഇമാം ഉൾ ഹഖ്, ബാബർ അസം, സൗദ് ഷക്കീൽ, മുഹമ്മദ് റിസ്‌വാൻ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), സൽമാൻ ആഗ, തയ്യബ് താഹിർ, ഖുഷ്ദിൽ ഷാ, ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.
ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ പോരാട്ടമെന്ന് ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തെ വിശേഷിപ്പിച്ചത് ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും മുൻ പരിശീലകനായിരുന്ന ഗാരി കിർസ്റ്റനാണ്. കാലമെത്ര കഴിഞ്ഞാലും ലോകമെത്ര മാറിയാലും ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരുമ്പോൾ ക്രിക്കറ്റ് ലോകം മറ്റെല്ലാം മറന്ന് ആഘോഷിക്കും. ആ സൂപ്പർ പോരാട്ടത്തിന് ഇന്നു വേദിയാകുന്നത് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം.
കണക്കിലും കളിക്കരുത്തിലും ഒരു പണത്തൂക്കം മുന്നിലാണ് ടീം ഇന്ത്യ. ബാറ്റിങ്ങിൽ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ മിന്നും ഫോമിലാണ്. ക്യാപ്റ്റൻ രോഹിത് ശർമ പവർപ്ലേയിൽ മികച്ച തുടക്കം നൽകുന്നു. മധ്യനിരയിൽ മികവു തുടരുന്ന ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ എന്നിവർക്കൊപ്പം വിരാട് കോലി കൂടി ഫോമിലേക്ക് ഉയർന്നാൽ ഇന്ത്യൻ ബാറ്റിങ് സുശക്തം. അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ എന്നിങ്ങനെ ഓൾറൗണ്ടർമാരുടെ കരുത്തിലും ഇന്ത്യ തന്നെ മുന്നിൽ. ബോളിങ്ങിൽ ജസ്പ്രീത് ബുമ്രയുടെ അഭാവത്തിൽ ആക്രമണച്ചുമതല ഏറ്റെടുത്ത മുഹമ്മദ് ഷമി ആദ്യ മത്സരത്തിൽ 5 വിക്കറ്റ് നേട്ടത്തോടെ വരവറിയിച്ചുകഴിഞ്ഞു. ഇടംകൈ ബാറ്റർമാർ ഏറെയുള്ള പാക്ക് ടീമിനെതിരെ ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവിനെ ഫലപ്രദമായി ഉപയോഗിക്കാനായാൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമാകും.ടൂർണമെന്റിനു തൊട്ടുമുൻപു നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ തോൽവിയും ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഏറ്റ പരാജയവും പാക്കിസ്ഥാന്റെ ആത്മവിശ്വാസത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ബാറ്റിങ്ങിൽ ആദ്യ മത്സരത്തിൽ അർധ സെഞ്ചറി നേടിയെങ്കിലും മെല്ലെപ്പോക്കിന്റെ പേരിൽ ബാബർ അസം പഴികേട്ടു. ബാബറിനെ മാറ്റിനിർത്തിയാൽ മറ്റു ബാറ്റർമാർക്ക് ആദ്യ മത്സരത്തിൽ കാര്യമായ താളം കണ്ടെത്താൻ സാധിച്ചില്ല. സൽമാൻ അലി ആഗ, ഖുഷ്ദിൽ ഷാ എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ. ടീമിലെ ബിഗ് ഹിറ്റർ ഫഖർ സമാൻ പരുക്കേറ്റു പുറത്തായതും പാക്കിസ്ഥാന് തിരിച്ചടിയാണ്. ബോളിങ്ങിൽ പേസർമാർ ദയനീയ ഫോം തുടരുന്നു. അനുഭവസമ്പത്തുള്ള സ്പെഷലിസ്റ്റ് സ്പിന്നറുടെ അഭാവവും പാക്കിസ്ഥാനെ അലട്ടുന്നുണ്ട്.
ഏകദിന ലോകകപ്പ് : ഇന്ത്യ ജയം– 8 പാക്ക് ജയം– 0
ചാംപ്യൻസ് ട്രോഫി: ഇന്ത്യ ജയം– 02 പാക്ക് ജയം– 03
അവസാന മത്സരഫലം: ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം (2023 ഏകദിന ലോകകപ്പ്)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.