കൊയിലാണ്ടി : വർഷങ്ങളായി പൂക്കാടില്‍ സ്ഥിരതാമസമാക്കി പ്രതിമകള്‍ നിർമിച്ച് ഉപജീവനം നടത്തിവന്ന രാജസ്ഥാൻകാരായ കുടുംബത്തോട് സമൂഹവിരുദ്ധരുടെ ക്രൂരത.
റോഡരികില്‍ നിർമാണം പൂർത്തിയാക്കി വില്‍പ്പനയ്ക്കായി നിരത്തിവെച്ച പ്രതിമകള്‍ ഇരുട്ടിന്റെ മറവില്‍ ആരോ കൂട്ടത്തോടെ തച്ചുടച്ചു. വെള്ളസിമന്റില്‍ നിർമിച്ച പ്രതിമകളാണ് നശിപ്പിച്ചത്.നിറംകൊടുത്തശേഷം ഉണക്കാനും വില്‍പ്പനയ്ക്കുമായി റോഡരികിലാണ് പ്രതിമകള്‍ നിരത്തിവെച്ചിരുന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് പ്രതിമകള്‍ നശിപ്പിച്ചനിലയില്‍ കണ്ടത്. പ്രതിമകള്‍ തകർത്തശേഷം വിരികൊണ്ട് മൂടിയിട്ടനിലയിലായിരുന്നു.
രാജസ്ഥാനില്‍നിന്നുള്ള കിഷണ്‍ലാല്‍, കുമാർ എന്നിവരുടെ കുടുംബങ്ങളാണ് പൂക്കാടില്‍ പ്രതിമനിർമിക്കുന്നത്. പ്രതിമ തകർത്തതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതിനല്‍കിയിട്ടില്ലെന്ന് കുമാർ പറഞ്ഞു.
രാജസ്ഥാനില്‍നിന്നുള്ള ഒട്ടേറെ കുടുംബങ്ങള്‍ 25 വർഷത്തിലേറെയായി റോഡരികില്‍ ടെന്റ് കെട്ടി താമസിക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളുംവരെ പ്രതിമനിർമാണത്തില്‍ ഏർപ്പെടുന്നു. നാട്ടുകാരുമായി വളരെ സൗഹൃദത്തിലാണ് ഇവർ കഴിഞ്ഞുകൂടുന്നത്. വിഷുവിന് കണിവെക്കാനായി ഒട്ടേറെപ്പേർ പ്രതിമകള്‍ വാങ്ങാൻ ഇവിടെയെത്താറുണ്ട്. അതുകൊണ്ടുതന്നെ വിഷുവിപണി ലക്ഷ്യമാക്കി പ്രതിമകള്‍ കൂടുതലായി ഉണ്ടാക്കിത്തുടങ്ങിയിരുന്നു. 500 മുതല്‍ രണ്ടായിരം രൂപയിലധികം വിലവരുന്ന വിഗ്രഹങ്ങള്‍ നശിപ്പിച്ചിട്ടുണ്ടെന്ന് പ്രതിമനിർമാതാക്കള്‍ പറഞ്ഞു.
പ്രതിമകള്‍ തകർത്തസംഭവം പ്രതിഷേധാർഹമാണെന്ന് ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.