പാട്‌ന: മരണശേഷം ഇന്ത്യയില്‍ തന്നെ സംസ്‌കരിക്കണമെന്ന ഓസ്‌ട്രേലിയൻ വയോധികന്റെ അവസാനത്തെ ആഗ്രഹം നിറവേറ്റി ബന്ധുക്കള്‍.
സിഡ്നി സ്വദേശിയായ ഡൊണാള്‍ഡ് സാംസിനെയാണ് (91)ക്രിസ്ത്യൻ ആചാര പ്രകാരം മുൻഗറില്‍ സംസ്‌കരിച്ചത്. മരിക്കുന്നതിന് മുൻപ് സാംസെഴുതിയ വില്‍പ്പത്രത്തില്‍ അവസാനത്തെ ആഗ്രഹമായി ഇത് സൂചിപ്പിച്ചിരുന്നു. ഇതനുസരിച്ചാണ് ബന്ധുക്കള്‍ അദ്ദേഹത്തിന്റെ മൃതദേഹം ഇന്ത്യയില്‍ സംസ്കരിക്കാൻ തയ്യാറായത്. ഇന്ത്യയില്‍ 12-ാം സന്ദർശനം നടത്താനെത്തിയതായിരുന്നു സാംസ്. 42 ഓസ്‌ട്രേലിയൻ സഞ്ചാരികള്‍ക്കൊപ്പമാണ് അദ്ദേഹം ക്രൂയിസ് കപ്പലില്‍ പാട്നയില്‍ എത്തിയത്. യാത്രയ്ക്കിടയില്‍ തളർന്നുവീണ സാംസിനെ മുൻഗറിലെ നാഷണല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.ജില്ലാ ഭരണകൂടവും മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തുടർന്ന് ഓസ്‌ട്രേലിയൻ എംബസിയുടെയും ഭാര്യ ആലീസ് സാംസിന്റെ അനുമതി പ്രകാരമാണ് മൃതദേഹം മുൻഗറില്‍ തന്നെ സംസ്‌കരിക്കാൻ തീരുമാനമെടുത്തത്.
മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാതെയാണ് സംസ്കാരം നടത്തിയത്. ചുരമ്പായിലെ ക്രിസ്ത്യൻ സെമിത്തേരിയില്‍ വച്ചാണ് അന്ത്യകർമങ്ങള്‍ പൂർത്തിയാക്കിയത്. എംബസിയുടെ നിർദ്ദേശപ്രകാരമാണ് ശവസംസ്‌കാര ചടങ്ങുകള്‍ പൂർത്തിയാക്കിയതെന്ന് മുൻഗറിലെ ജില്ലാ മജിസ്‌ട്രേറ്റ് അവ്നിഷ് കുമാർ സിംഗ് അറിയിച്ചു.സാംസിന്റെ ഭാര്യയുടെ ആഗ്രഹമനുസരിച്ച് പോസ്റ്റ്‌മോർട്ടം നടത്തിയില്ല. ഓസ്‌ട്രേലിയൻ സഞ്ചാരികള്‍ എത്തിയ കപ്പല്‍ ബാബുവ ഘട്ടില്‍ നങ്കൂരമിട്ടതായും അദ്ദേഹം വ്യക്തമാക്കി.
ഡൊണാള്‍ഡ് സാംസ് ഓസ്‌ട്രേലിയൻ ഹൈക്കമാൻഡില്‍ നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥനായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് സാംസിന്റെ പിതാവ് അസമില്‍ ജോലി ചെയ്തിരുന്നുവെന്ന് ആലീസ് പങ്കുവച്ചു. പിതാവിനോടുള്ള ആദരസൂചകമായി, സാംസ് ഇന്ത്യയിലേക്ക് പോകുമ്പോഴെല്ലാം അസം സന്ദർശിക്കുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.