വാഷിംഗ്ടണ്‍: സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കിയതിനു പിന്നാലെ അടുത്ത ആഴ്ചയോടെ പ്രതിരോധവകുപ്പിലെ 5400 പ്രൊബേഷണറി ജീവനക്കാരെകൂടി പുറത്താക്കുമെന്ന് ട്രംപ് ഭരണകൂടം. നിയമനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്നും പ്രതിരോധവകുപ്പ് അറിയിച്ചു. പ്രതിരോധവകുപ്പിന്റെ ആസ്ഥാനമായ പെന്റഗണ്‍ സര്‍ക്കാര്‍ കാര്യക്ഷമത വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് തീരുമാനം പുറത്തുവിട്ടത്.
സര്‍ക്കാര്‍ കാര്യക്ഷമത വകുപ്പ് നല്കിയ പട്ടികയിലുള്ള ഉദ്യോഗസ്ഥരെയാണ് പുറത്താക്കുന്നത്. കാര്യക്ഷമത വര്‍ധിപ്പിക്കാനും പ്രസിഡന്റിന്റെ തീരുമാന പ്രകാരവുമാണ് ജീവനക്കാരുടെ എണ്ണം അഞ്ച് മുതല്‍ എട്ട് ശതമാനം വരെ കുറക്കാന്‍ തീരുമാനിച്ചതെന്ന് പ്രതിരോധ അണ്ടര്‍ സെക്രട്ടറി ഡാരിന് സെല്‍നിക് പറഞ്ഞു.'' നിര്‍ണായകമല്ലാത്ത വ്യക്തികളെ നിലനിര്‍ത്തുന്നത് പൊതുതാല്‍പ്പര്യത്തിന് നിരക്കാത്തതാണ്. പിരിച്ചുവിടലുകള്‍ എവിടെവരെ നടപ്പാക്കും എന്നത് കാണാന്‍ നികുതിദായകര്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഡാരിന് പറഞ്ഞു.നിലവിലെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്‍മാനായ ജനറല്‍ സിക്യു ബ്രൗണ്‍ ജൂനിയറിനെ ഡോണാള്‍ഡ് ട്രംപ് ശനിയാഴ്ച പുറത്താക്കിയിരുന്നു. പ്രതിരോധ വകുപ്പില്‍ അരലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ നഷ്ടം സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിന്റെ പ്രാരംഭ നടപടിയാകാം ഇപ്പോള്‍ 5400 പേരെ പുറത്താക്കുന്നതെന്ന് കരുതപ്പെടുന്നു. പ്രതിരോധ വകുപ്പാണ് ഏറ്റവും വലിയ സര്‍ക്കാര്‍ ഏജന്‍സി. ഇവിടെ 700,000-ത്തിലധികം മുഴുവന്‍ സമയ സിവിലിയന്‍ തൊഴിലാളികളുണ്ടെന്നാണ് 2023-ല്‍ ഗവണ്മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് കണ്ടെത്തിയത്. സേനയില്‍ 5-8% കുറവ് വരുത്തിയാല്‍ 35,000 നും 60,000 നും ഇടയില്‍ ആളുകളുടെ പിരിച്ചുവിടല്‍ ഉണ്ടാകും എന്നും കണക്കാക്കുന്നു.
എലോണ്‍ മസ്കിന്റെ 'ഗവണ്മെന്റ് കാര്യക്ഷമത വകുപ്പ്' സംരംഭത്തിലെ (ഡോജ്) ജീവനക്കാര്‍ ആഴ്ചയുടെ തുടക്കത്തില്‍ പെന്റഗണില്‍ എത്തിയിരുന്നുവെന്നും അവര്‍ തയ്യാറാക്കിയ പട്ടിക ലഭിച്ചതിനുശേഷമാണ് വെട്ടിക്കുറവ് പ്രഖ്യാപിച്ചതെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആ പട്ടികയില്‍ യൂണിഫോം ധരിച്ച സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു, അവര്‍ക്ക് ഇളവുണ്ട്.
പ്രൊബേഷണറി ജീവനക്കാര്‍ പൊതുവെ ഒരു വര്‍ഷത്തില്‍ താഴെ ജോലിയില്‍ ഉള്ളവരും ഇതുവരെ സിവില്‍ സര്‍വീസ് സംരക്ഷണം ലഭിക്കാത്തവരുമാണ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വെട്ടിക്കുറവുകളെ പിന്തുണച്ചിട്ടുണ്ട്, പെന്റഗണിന് 'കൊഴുപ്പ് (എച്ച്ക്യു) കുറയ്ക്കാനും പേശി വളര്‍ത്താനും (യുദ്ധവീരന്മാര്)' ഈ നടപടികള്‍ ആവശ്യമാണെന്ന് കഴിഞ്ഞ ആഴ്ച അദ്ദേഹം എക്സില്‍ പോസ്റ്റ് ചെയ്തു.
ട്രംപിന്റെ മുന്‍ഗണനകള്‍ക്കായി അടുത്ത വര്‍ഷം വെട്ടിക്കുറയ്ക്കാന്‍ സാധ്യതയുള്ള 50 ബില്യണ്‍ ഡോളറിന്റെ പദ്ധതികള്‍ തിരിച്ചറിയാന്‍ ഹെഗ്സെത്ത് സൈനിക ഏജന്‍സികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആ സമ്പാദ്യം ട്രംപിന്റെ മുന്‍ഗണനകള്‍ക്കായി തിരിച്ചുവിടാന്‍ വേണ്ടിയാണ് ഇത്. സൈന്യത്തിന്റെ ബജറ്റിന്റെ ഏകദേശം 8% തുകയാണ് ഈ വെട്ടിക്കുവിനെ പ്രതിനിധീകരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.