കേജ്‌രിവാളും സിസോദിയയും ‘മദ്യ കുംഭകോണത്തിന്റെ ശിൽപികൾ’ എന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി ;നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടിലേക്കു നീങ്ങുന്നതിനിടെ മുൻ മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാളിനെയും മനീഷ് സിസോദിയയെയും കടന്നാക്രമിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 

കേജ്‌രിവാളിനെയും സിസോദിയയെയും ‘മദ്യ കുംഭകോണത്തിന്റെ ശിൽപികൾ’ എന്ന് വിശേഷിപ്പിച്ച രാഹുൽ, കേജ്‌രിവാളിനെതിരെ ബിജെപി പ്രധാന പ്രചാരണ ആയുധമാക്കുന്ന ‘ശീഷ്മഹൽ’ വിവാദവും ആവർത്തിച്ചു. ആരോഗ്യകാരണങ്ങളാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് രണ്ടാഴ്ചയിലേറെയായി വിട്ടുനിന്ന രാഹുൽ ഇന്നലെ പൂർവാധികം ശക്തിയോടെ തിരിച്ചെത്തിയാണ് പട്പട്ഗഞ്ചിൽ നടന്ന കോൺഗ്രസിന്റെ റാലിയിൽ എഎപിക്കും ബിജെപിക്കുമെതിരെ രൂക്ഷവിമർശനങ്ങൾ ചൊരിഞ്ഞത്.

കേജ്‌രിവാൾ ആദ്യമായി മുഖ്യമന്ത്രിക്കസേരയിലേക്കെത്തുമ്പോൾ ഒരു ചെറിയ കാറായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നതെന്നും രാഹുൽ ഓർമിപ്പിച്ചു. ‘പുതിയൊരുതരം രാഷ്ട്രീയം അവതരിപ്പിക്കുമെന്നും അന്ന് കേജ്‌രിവാൾ പ്രഖ്യാപിച്ചു. ഡൽഹിയെ വലിയതോതിൽ മാറ്റിമറിക്കുമെന്ന വാഗ്ദാനമുണ്ടായി. 

എന്നാൽ, ഡൽഹിയിലെ സാധാരണ ജനങ്ങൾക്ക് അദ്ദേഹത്തെ ആവശ്യമുള്ളപ്പോൾ, അദ്ദേഹത്തെ എവിടെയും കണ്ടില്ല. ഡൽഹിയിൽ കലാപം നടന്നപ്പോൾ അദ്ദേഹത്തെ എവിടെയും കാണാനില്ലായിരുന്നു. അഴിമതിരഹിത ഭരണം പ്രഖ്യാപിച്ച കേ‌ജ്‌രിവാളും സംഘവും രാജ്യത്തെ ഏറ്റവും വലിയ മദ്യ കുംഭകോണക്കേസിൽ പ്രതികളായതും ഡൽഹിയിലെ ജനങ്ങൾ കണ്ടു’– രാഹുൽ ആരോപിച്ചു.

‘കേജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ബംഗ്ലാവ് പുതുക്കിപ്പണിയാൻ എഎപി 45 കോടി രൂപ ചെലവഴിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിജി എന്നെ വീട്ടിൽനിന്ന് പുറത്താക്കാൻ ശ്രമിച്ചപ്പോൾ ഞാൻ അവർക്ക് താക്കോൽ കൈമാറുകയാണ് ചെയ്തത്. പക്ഷേ, കേജ്‌രിവാൾജി ജനങ്ങളുടെ പണം കൊണ്ടൊരു ‘ശീഷ്മഹൽ’ നിർമിച്ച് അവിടെയാണ് താമസിക്കുന്നത്’– രാഹുൽ കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിക്ക് മറുപടിയുമായി രാത്രിയോടെ കേ‌ജ്‌രിവാളും രംഗത്തെത്തി. ‘മദ്യക്കച്ചവടം പോലുള്ള വ്യാജ കേസുകളുണ്ടാക്കി പോലും മോദിജി ആളുകളെ ജയിലിലടയ്ക്കുന്നു. നാഷനൽ ഹെറാൾഡ് പോലുള്ള സത്യമായ കേസുകളിൽ നിങ്ങളെയും കുടുംബത്തെയും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല? റോബർട്ട് വാദ്‌രയ്ക്ക് ബിജെപിയിൽനിന്ന് ക്ലീൻചിറ്റ് എങ്ങനെ ലഭിച്ചു? ഭയത്തെയും ധൈര്യത്തെയും കുറിച്ച് നിങ്ങൾ പ്രസംഗിക്കാതിരിക്കുന്നതാണ് നല്ലത്. ആരാണ് ഭീരുവെന്നും ആരാണ് ധീരനെന്നും രാജ്യത്തിന് അറിയാം’– കേ‌ജ്‌രിവാൾ സമൂഹമാധ്യമത്തിൽ കുറിച്ചു.

മദ്യനയക്കേസിൽ അറസ്റ്റിലായി ജയിലിലടക്കപ്പെട്ടപ്പോൾ കേജ്‌രിവാളിനെയും സിസോദിയ ഉൾപ്പെടെയുള്ള നേതാക്കളെയും പിന്തുണച്ച രാഹുൽ ഗാന്ധി ഇന്നലെ എഎപിക്കെതിരെ തിരിഞ്ഞതു ശ്രദ്ധേയമാണ്. കേജ്‌രിവാളിനെതിരെ കോൺഗ്രസിനായി സന്ദീപ് ദീക്ഷിത് മത്സരിക്കുന്ന ന്യൂഡൽഹി മണ്ഡലം, എഎപി സ്ഥാനാർഥിയായി സിസോദിയ വീണ്ടും ജനവിധി തേടുന്ന പട്പട്ഗഞ്ച് എന്നിവിടങ്ങളിലാണ് രാഹുൽ ഇന്നലെ റാലി നടത്തിയത്. 

വരുംദിനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ രാഹുൽ സജീവമാകുമെന്നു കോൺഗ്രസ് അറിയിച്ചു. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസും എഎപിയും ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പരസ്പരം മത്സരിക്കുകയാണ്. സഖ്യത്തിന്റെ ഭാഗമായുള്ള മറ്റു ചില പാർട്ടികൾ എഎപിക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"Greeshma |കുശാഗ്രബുദ്ധിയുള്ളക്രിമിനലാണ് ഗ്രീഷ്മ | Adv V.S Vineeth Kumar" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !