അമ്പലപ്പുഴ ;സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് പണയ സ്വർണ തട്ടിപ്പ് നടത്തിയ കേസിൽ 2 ജീവനക്കാർ ഉൾപ്പെടെ 3 പേർ അമ്പലപ്പുഴ പൊലീസിന്റെ പിടിയിൽ.
മുളമൂട്ടിൽ ഫിനാൻസിന്റെ പുറക്കാട് ശാഖയിൽ പണയ സ്വർണ തിരിമറിയിലൂടെ 14 ലക്ഷം രൂപയും സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 50,000 രൂപയും അപഹരിച്ചുവെന്നാണു കേസ്. സ്ഥാപനത്തിലെ ജീവനക്കാരായി പുറക്കാട് പഴയങ്ങാടി ഇല്യാസ്പറമ്പ് വീട്ടിൽ ബിന്ദു (48), കാരിക്കാപറമ്പ് വീട്ടിൽ സുൽഫിയ ഹസ്സൻ (37) എന്നിവരും ഇവരുടെ സഹായി പുറക്കാട് മൂരിപ്പാറ വീട്ടിൽ മായയുമാണ് (44) അറസ്റ്റിലായത്.മൂവരും ചേർന്നു പലരുടെ പേരിൽ 23 പവനോളം സ്വർണം പലപ്പോഴായി പണയം വച്ച് 14 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ലോക്കറിൽ സൂക്ഷിച്ചിരുന്ന ഈ സ്വർണം പിന്നീട് ഇവർ തന്നെ അനധികൃതമായി കൈക്കലാക്കി. 22ന് സ്ഥാപനത്തിൽ പരിശോധനയ്ക്ക് ഓഡിറ്ററും, അപ്രൈസറും എത്തിയപ്പോൾ ബാങ്കിന്റെ ചുമതലക്കാരിയായ ഒന്നാം പ്രതി ബിന്ദു ലോക്കറിന്റെ താക്കോൽ നൽകിയില്ല.
പിന്നാലെ ബിന്ദുവിനെ കാണാനില്ലെന്ന മകളുടെ പരാതിയിൽ അമ്പലപ്പുഴ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഇതോടെ സംശയം തോന്നിയ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് സ്വർണവും ശാഖയിൽ സൂക്ഷിച്ചിരുന്ന 50,000 രൂപയും കാണാതായതായി മനസ്സിലായത്. തുടർന്ന് സ്ഥാപനം അധികാരികൾ സ്റ്റേഷനിൽ പരാതി നൽകി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ബിന്ദുവിന്റെ ഫോൺ പുറക്കാട് ഭാഗത്ത് ഉണ്ടെന്ന് കണ്ടെത്തി. എന്നാൽ ഇതു പൊലീസിനെ കബളിപ്പിക്കാൻ ഫോൺ വീടിന്റെ പരിസരത്ത് ചാക്കിൽ കെട്ടി ഉപേക്ഷിച്ചതാണെന്നു കണ്ടെത്തി. സമീപത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ ബിന്ദു ഒരു സ്ത്രീയുടെ കൂടെ സ്കൂട്ടറിൽ കയറി പോകുന്നതായി കണ്ടു. സേലത്ത് ജോലി ശരിയായി എന്നും അങ്ങോട്ട് പോകുകയാണെന്നുമാണ് ബിന്ദു തന്നോടു പറഞ്ഞതെന്നു ആ സ്ത്രീ പൊലീസിനെ അറിയിച്ചു.
ബിന്ദു പോയ ബസ് കണ്ടെത്തി ക്യാമറ ദൃശ്യങ്ങളും ടിക്കറ്റും പരിശോധിച്ചതിൽ ഇവർ തൃശൂരിൽ ഇറങ്ങിയതായി കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് പുതിയാപ്പയിൽനിന്ന് ബിന്ദുവിനെ പിടികൂടുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച് ബിന്ദുവിനെ വിശദമായി ചോദ്യം ചെയ്തപ്പോൾ മറ്റു രണ്ടു പ്രതികളുടെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചതോടെ ഇവരെയും പിടികൂടുകയായിരുന്നു.അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അമ്പലപ്പുഴ എസ്എച്ച്ഒ എം.പ്രതീഷ്കുമാർ, എസ്ഐമാരായ വി.മധു, എ.എൽ.ഷാജി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനൂപ് കുമാർ, ജി.വിഷ്ണു, വി.ജോസഫ് ജോയ്, സിവിൽ പൊലീസ് ഓഫിസർ എം.ഗാർഗി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.