ലിവര്‍പൂള്‍: ബ്രിട്ടനില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ ബിഷപ്പ്, മലയാളിയായ റൈറ്റ് റെവറണ്ട് ഡോക്ടര്‍ ജോണ്‍ പെരുമ്പളത്ത്, തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ എല്ലാം നിഷേധിക്കുകയണ്. ബ്രിട്ടനിലെ ഒരു ടെലിവിഷന്‍ ഷോയില്‍ രണ്ട് സ്ത്രീകള്‍ ഉയര്‍ത്തിയ ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കവെ ആണ് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറയുന്നത്.
മലയാളിയായ ഡോക്ടര്‍ ജോണ്‍ പെരുമ്പളത്ത് ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ (സി എന്‍ ഐ) സഭ്യയിലാണ് 1994 ല്‍ ആദ്യമായി പൗരോഹിത്യം സ്വീകരിക്കുന്നത്. ഇങ്ങനെ, സി എസ് ഐ, സി എന്‍ ഐ സഭകളിലെ നിരവധി പുരോഹിതര്‍ ബ്രിട്ടനിലെത്തി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ വൈദികരാകാറുണ്ട്. അത് അത്ര അസാധാരണമായ ഒരു കാര്യമൊന്നുമല്ല. ഡോക്ടര്‍ ജോണ്‍ പെരുമ്പളത്തും അത്തരത്തിലാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ വൈദികനാകുന്നത്.
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ബിഷപ്പ് പദവി ഏറെ പ്രാധാന്യമുള്ള ഒന്നാണ്. ബ്രിട്ടീഷ് രാജകുടുംബം പോലും ഈ സഭയിലെ അംഗങ്ങളാണ് എന്ന് മാത്രമല്ല, കിരീടാവകാശികളെ രാജാവായും രാജ്ഞിയായുമൊക്കെ കിരീടധാരണം നടത്തുന്നത് സഭയുടെ കാന്റന്‍ബറി ആര്‍ച്ച് ബിഷപ്പാണ്. ആംഗ്ലിക്കന്‍ സഭയിലെ ബിഷപ്പുമാര്‍ക്ക്, ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഉപരിസഭയായ (ഇന്ത്യയിലെ രാജ്യസഭയ്ക്ക് തുല്യമായ സഭ) പ്രഭു സഭയില്‍ അംഗത്വം ലഭിക്കാന്‍ വരെ ഏറെ സാധ്യതയുള്ളതാണ്. ഡോ. ജോണ്‍ പെരുമ്പളത്തിനെ കൂടാതെ മറ്റൊരു മലയാളി ബിഷപ്പ് കൂടി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലുണ്ട്.
ചാനല്‍ 4 എന്ന ടി വി ചാനലിലായിരുന്നു ജോണ്‍ പെരുമ്പളത്തിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പെരുമ്പളത്ത് ബ്രാഡ്വെല് ബിഷപ്പായിരുന്ന സമയത്ത്, എസ്സെക്സിലെ ചെംസ്ഫോര്‍ഡ് രൂപതയില്‍ വെച്ച് ഒരു സ്ത്രീയെ പീഡിപ്പിച്ചു എന്നാണ് ചാനല്‍ സമ്പ്രേക്ഷണം ചെയ്ത പരിപാടിയില്‍ ആരോപണമുയര്‍ന്നത്. 2019നും 2023നും ഇടയിലാണ് ഈ സംഭവം എന്നും പറയുന്നു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ ബിഷപ്പായ ഒരു വനിതയാണ് പെരുമ്പളത്തിനെതിരെ ലൈംഗികാരോപണവുമായി എത്തിയിരിക്കുന്ന രണ്ടാമത്തെ വനിത.
രണ്ട് ആരോപണങ്ങളെയും നിഷേധിച്ച ബിഷപ്പ് പെരുമ്പളത്ത്, നാഷണല്‍ സേഫ്ഗാര്‍ഡിംഗ് ടീമിന്റെ (എന്‍ എസ് ടി) ഏതൊരു വിധത്തിലുള്ള അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അറിയിച്ചു. താന്‍ എന്തെങ്കിലും തെറ്റുകള്‍ ചെയ്തതായി കരുതുന്നില്ല എന്നും, ഈ അനുഭവങ്ങളിലൂടെ താന്‍ പല പാഠങ്ങളും പഠിച്ചു എന്നും അദ്ദെഹം പറഞ്ഞു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും ബിഷപ്പിന് പ്രതിരോധം തീര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. ലിവര്‍പൂള്‍ ബിഷപ്പായി നിയമിതനായ ശേഷമാണ് പരാതി ഉയരുന്നതെന്ന് സഭാ വക്താവ് ചൂണ്ടിക്കാണിച്ചു.
എന്‍ എസ് ടി അതിന്റെ മാനദണ്ഡങ്ങള്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി ഈ പരാതിയില്‍ അന്വേഷണം നടത്തിയതാണെന്നും, ഏതെങ്കിലും തരത്തിലുള്ള ആശങ്കക്ക് വകയുള്ളതായി കണ്ടെത്തിയില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ഇക്കാര്യം പോലീസ് അന്വേഷിക്കുകയും യാതൊരു തുടര്‍ നടപടിയും എടുക്കാതെ വിട്ടു കളയുകയും ചെയ്തതുമാണ്. രണ്ടാമത്തെ പരാതി, ഒരു വര്‍ഷം എന്ന പരിധിക്ക് പുറത്തു നിന്നും വന്നതാണെന്നും വക്താവ് പറയുന്നു. ചാനല്‍ 4 ന്റെ റിപ്പോര്‍ട്ടില്‍ കൃത്യതയില്ലെന്നും സഭാ വക്താവ് ആരോപിച്ചു.
ഈ പരാതിക്ക് പുറകില്‍ വംശീയ വിവേചനമാണെന്ന ആരോപണവും ഉയരുന്നുണ്ട്. സഭയ്ക്കുള്ളിലെ അധികാര വടംവലികളുടെ ഭാഗമാണിതെന്ന് സംശയിക്കുന്നവരും കുറവല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.