ആലപ്പുഴ ;ഉദ്ഘാടനം നടത്തി അഞ്ചു വർഷം ആയിട്ടും പ്രവർത്തനം ആരംഭിക്കാതെ നഗരസഭയുടെ ശതാബ്ദി മന്ദിരം. 2017ൽ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് കെട്ടിടം നിർമാണം ആരംഭിക്കുകയും 2020 ഒക്ടോബറിൽ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
കാലപ്പഴക്കം ഏറെയുള്ള നിലവിലെ നഗരസഭാ കെട്ടിടം അസൗകര്യങ്ങളിൽ വീർപ്പുമുട്ടുമ്പോഴാണ് കോടികൾ ചെലവഴിച്ച പുതിയ നഗരസഭാ മന്ദിരം പ്രവർത്തനം ആരംഭിക്കാതെ നിൽക്കുന്നത്. പഴയ കെട്ടിടത്തിൽ പാർക്കിങ് സൗകര്യം ഇല്ലാത്തതും ഓഫിസുകളിലെ സ്ഥല പരിമിതിയും നഗരസഭയുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്.കൗൺസിൽ ഹാളും പ്രധാന വകുപ്പുകളുമെല്ലാം മുകൾ നിലയിലാണ് പ്രവർത്തിക്കുന്നത്. ലിഫ്റ്റ് സംവിധാനമില്ലാത്തതിനാൽ പ്രായമായവരും ഭിന്നശേഷിക്കാരും നഗരസഭയുടെ വിവിധ ഓഫിസുകളിലെത്താൻ ബുദ്ധിമുട്ടുകയാണ്.2020ൽ ശതാബ്ദി മന്ദിരം വൈദ്യുതി കണക്‌ഷനോ കുടിവെളള കണക്‌ഷനോ ലഭിക്കാതെയാണ് ഉദ്ഘാടനം നടത്തിയതും രണ്ട് വർഷം മുൻപ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണതും കൂടാതെ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും വിള്ളലും ചോർച്ചയും ഉണ്ടാവുകയും ചെയ്തതോടെ ഭരണ–പ്രതിപക്ഷ അംഗങ്ങൾ അഴിമതിയാരോപണങ്ങൾ ഉന്നയിച്ചിരുന്നു.
കോവിഡ് കാലത്ത് പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമായി ശതാബ്ദി മന്ദിരം ഉപയോഗിച്ചിരുന്നു.കെട്ടിടത്തിന്റെ 90 ശതമാനം ജോലികൾ പൂർത്തിയായിട്ടും നഗരസഭയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നത് വിവിധ കാരണങ്ങളാൽ നീളുകയാണ്.ഇടിഞ്ഞു വീണ ഭാഗത്തെ പുന:നിർമാണ പ്രവർത്തനങ്ങളടക്കം തങ്ങളെ ഏൽപിച്ച എല്ലാ ജോലികളും നേരത്തെ പൂർത്തിയാക്കിയതായി നിർമാണച്ചുമതലയുള്ള ഹാബിറ്റാറ്റ് അധികൃതർ പറഞ്ഞു.
നഗരസഭയുടെ വിവിധ സേവനങ്ങൾ ഒരു കുടക്കീഴിലാക്കുന്നതിനു വേണ്ടി കലക്ടറേറ്റ് ജംക്‌ഷനു കിഴക്ക് അമ്മൻകോവിലിനടുത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള 60 സെന്റ് സ്ഥലത്താണ് പതിനൊന്ന് കോടിയിലധികം രൂപ ചെലവഴിച്ച് അഞ്ചു നിലകളിലായി 4500 ചതുരശ്ര അടി വിസ്തീർണത്തിൽ ശതാബ്ദി മന്ദിരം നിർമിച്ചത്. ഭാവിയിൽ കോർപറേഷൻ ആയാൽ ഉപയോഗപ്പെടുത്തുന്നതിനായി ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.