തിരുവനന്തപുരം: ആലപ്പുഴ ചെങ്ങന്നൂർ ചെറിയനാട് സ്വദേശി ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതിയും കാരണവരുടെ മരുമകളുമായ ഷെറിന് ശിക്ഷാ കാലയളവില്‍ ഇളവ് അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നല്‍കി.
ഷെറിന് ശിക്ഷയില്‍ ഇളവ് അനുവദിക്കുന്നത് നിയമവിരുദ്ധവും സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുന്നതുമാണെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.മൂന്ന് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടയാളെന്ന് മാത്രമല്ല തടവില്‍ കഴിയവേ, സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലില്‍ പ്രശ്നങ്ങളുണ്ടാക്കിയതിനാല്‍ നാലു തവണ ജയില്‍ മാറ്റിയ ഷെറിനെ ജയില്‍ മോചിതയാക്കാനുള്ള മന്ത്രസഭ തീരുമാനം മിന്നല്‍ വേഗത്തിലായിരുന്നു.
25 വർഷത്തിലധികമായി തടവിലുള്ളവരെ വിട്ടയയ്ക്കണമെന്ന് ജയില്‍ ഉപദേശക സമിതികളുടെ ശുപാർശകളില്‍ തീരുമാനം നീളുമ്പോഴാണ് 14 വർഷം മാത്രം പൂർത്തിയാക്കിയെന്ന കാരണം പറഞ്ഞ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം. ഇത് മന്ത്രിസഭയിലെ തന്നെ ഉന്നതരുടെ സ്വാധീനം മൂലമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
കണ്ണൂർ ജയില്‍ ഉപദേശക സമിതി ഡിസംബറില്‍ നല്‍കിയ ശുപാർശ പരിഗണിച്ചാണ് ഷെറിനെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം ഉണ്ടായിരിക്കുന്നത്. യുഎസില്‍ നിന്നു മടങ്ങിയെത്തിയ ഭാസ്കര കാരണവരെ മരുമകളും മൂന്ന് ആണ്‍സുഹൃത്തുക്കളും ചേർന്നാണ് 2009 നവംബർഎട്ടിനു കൊലപ്പെടുത്തിയത്. 2010 ജൂണ്‍ 11 ന് മാവേലിക്കര അഡിഷണല്‍ ആൻഡ് സെഷൻസ് കോടതി (ഫാസ്റ്റ് ട്രാക്ക്) പ്രതികള്‍ക്കു മൂന്ന് ജീവപര്യന്തം കഠിന തടവ് ശിക്ഷിച്ചു. കഴിഞ്ഞ 14 വർഷങ്ങള്‍ക്കിടെ 500 ദിവസത്തോളം ഷെറീന് പരോള്‍ അനുവദിച്ചിരുന്നു.
അതിനിടെയാണ് മുൻഗണനകള്‍ ലംഘിച്ച് ഷെറിൻ്റെ ജയില്‍മോചനത്തിനുള്ള മന്ത്രിസഭാ ശുപാർശ വന്നത്. ഇതു മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി. 20, 25 വർഷം വരെ തടവു ശിക്ഷ അനുഭവിച്ചവരെ പിന്തള്ളിയാണ് ഷെറീനെ മോചിപ്പിക്കാൻ മന്ത്രിസഭ ഗവർണറോടു ശുപാർശ ചെയ്തത്. ഇത് പ്രതിക്ക് ഉന്നതങ്ങളിലുള്ള സ്വാധീനം മൂലമാണെന്നും ചെന്നിത്തല പറഞ്ഞു.ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കാരണവരുടെ കുടുംബാംഗങ്ങളും നാട്ടുകാരും ശക്തമായി രംഗത്തു വന്നിട്ടുണ്ട്. കുറ്റവാളികളും രാഷ്ട്രീയ ഉന്നതരും തമ്മിലുള്ള ഗൂഢ ബന്ധത്തിന്റെ മറവിലാണ് കണ്ണൂർ വനിതാ ജയില്‍ ഉപദേശക സമിതി ഷെറിനെ വിടുതല്‍ ചെയ്യാൻ ശുപാർശ ചെയ്തത്. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്കടക്കം ഈ ഇളവുകള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരം ശുപാർശകള്‍ക്ക് ഗവർണർ അംഗീകാരം നല്‍കിയാല്‍ കുറ്റവാളികള്‍ക്കു പ്രോത്സാഹനവും നിയമവ്യവസ്ഥയ്ക്കു വെല്ലുവിളിയുമാകുമെന്നു
മാത്രമല്ല 58 വെട്ടേറ്റ് കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരൻ കേസില്‍ ജീവ പര്യന്തം ശിക്ഷിക്കപ്പെട്ടവർക്കും പുറത്തിറങ്ങാൻ അവസരമൊരുക്കുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ പ്രതിക്ക് ഒരു കാരണവശാലും ശിക്ഷാ ഇളവ് അനുവദിക്കരുതെന്നും ഷെറിനെ വെറുതെ വിടാനുള്ള ഫയലില്‍ ഒപ്പിടരുതെന്നും ചെന്നിത്തല ഗവർണർക്കു നല്‍കിയ കത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.