തിരുവനന്തപുരം: നേമത്ത് ഹോട്ടല്‍ ജീവനക്കാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.
തൊടുപുഴ സ്വദേശി അനന്തകൃഷ്ണ പ്രസാദിൻ്റെ(60) മരണവുമായി ബന്ധപ്പെട്ട് കൂടെ താമസിച്ചിരുന്ന വയോധികയെ നേമം പൊലീസ് അറസ്റ്റുചെയ്തു. നേമം കുളക്കുടിയൂർക്കോണത്ത് മൂന്നുമാസം മുമ്പാണ് വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ അനന്തകൃഷ്ണ പ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെത്തുടർന്നുള്ള അന്വേഷണത്തില്‍ ദേവസ്വം ബോർഡ് ജീവനക്കാരിയായിരുന്ന അമ്പലപ്പുഴ സ്വദേശിനി ശാന്തകുമാരി(71) യെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ഭർത്താവിന്റെ മരണശേഷം ശാന്തകുമാരി ഹോട്ടല്‍ ജീവനക്കാരനായ അനന്തകൃഷ്ണ പ്രസാദിനൊപ്പം കഴിഞ്ഞ പത്തുവർഷമായി കഴിയുകയായിരുന്നു.
കഴിഞ്ഞ ഒക്‌ടോബർ ആറിനാണ് വാടകവീട്ടില്‍ അനന്തകൃഷ്ണ പ്രസാദിനെ തലയ്ക്കു പരിക്കേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്ന് പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തിരുന്നു.
പതിവായി മദ്യം കഴിക്കുമായിരുന്ന രണ്ടുപേരും തമ്മില്‍ സംഭവദിവസം രാത്രി വഴക്കുണ്ടാവുകയും അനന്തകൃഷ്ണ പ്രസാദ് ശാന്തകുമാരിയെ മർദിക്കുകയും ചെയ്തതാണ് തുടക്കം. ഇതു പ്രതിരോധിക്കാൻ ശാന്തകുമാരി വിറകുകഷണം ഉപയോഗിച്ച് അനന്തകൃഷ്ണ പ്രസാദിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്.മരിച്ചത് എങ്ങനെ എന്നറിയില്ലന്നായിരുന്നു ശാന്തകുമാരിയുടെ മൊഴി. ബന്ധുക്കളാരും എത്താത്തതിനാല്‍ അനന്തകൃഷ്ണ പ്രസാദിന്റെ മൃതദേഹം കോർപ്പറേഷനാണ് ഏറ്റെടുത്തു സംസ്‌കരിച്ചത്.
തലയ്‌ക്കേറ്റ മുറിവാണ് മരണകാരണമായതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ ഉണ്ടായിരുന്നത്. അയല്‍വാസികളുടെ ഉള്‍പ്പടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പൊലീസിൻ്റെ സംശയം ശാന്തകുമാരിയിലേക്ക് നീണ്ടത്. പതിവായി തർക്കമുണ്ടാകുമെന്നും പരസ്പരം മർദ്ദിക്കാറുണ്ടെന്നും സമീപവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം വാടക വീടൊഴിഞ്ഞുപോയ ശാന്തകുമാരിയെ കണ്ടെത്താൻ തെരച്ചിലാരംഭിച്ചെങ്കിലും ഒരു സ്ഥലത്തും സ്ഥിരമായി നില്‍ക്കാത്ത ഇവരുടെ രീതികള്‍ വെല്ലുവിളിയായിരുന്നു. ഒടുവില്‍ ബാലരാമപുരത്തിന് സമീപം ഉണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ പിന്തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു. റിമാൻഡിലായ പ്രതിയെ തെളിവെടുപ്പിനായി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.