റാഞ്ചി: 27 വർഷങ്ങളായി കാണാതെയായ കുടുംബാംഗത്തെ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയില്‍ കണ്ടെത്തി ജാർഖണ്ഡിലെ ഒരു കുടുംബം.
ഗംഗസാഗർ യാദവ് എന്ന 65കാരനെയാണ് 27 വർഷങ്ങള്‍ക്ക് ശേഷം ബുധനാഴ്ച കണ്ടെത്തിയത്. ഗംഗസാഗർ ഇപ്പോള്‍ സന്യാസ ജീവിതം നയിച്ചുവരുകയാണ്. അഘോരി വിഭാഗത്തിലെ സന്യാസിയാണ് ബാബ രാജ്‌കുമാർ എന്നറിയപ്പെടുന്ന ഗംഗാസാഗർ.വർഷങ്ങളായി പ്രതീക്ഷ നഷ്പ്പെട്ട കുടുംബത്തിന് കുംഭമേളക്കെത്തിയ ഒരു ബന്ധുവാണ് ആശ്വാസമായത്. കുംഭമേളയില്‍ ഗംഗസാഗറിനെ പോലെ കാണാൻ സാമ്യമുള്ള ഒരാളെ ശ്രദ്ധയില്‍പ്പെട്ട ഇയാള്‍ ഫോട്ടോയെടുത്ത് കുടുംബത്തിന് അയച്ചുകൊടുക്കുകയായിരുന്നു.
തുടർന്ന് അത് ഗംഗസാഗർ തന്നെയാണെന്ന് തിരിച്ചറിയുകയും ഉടൻ തന്നെ ഭാര്യ ധൻവ ദേവിയും രണ്ട് ആണ്മക്കളും കൂടി കുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലേക്ക് പുറപ്പെടുകയുമായിരുന്നുവെന്ന് ഗംഗസാഗറിന്റെ സഹോദരൻ മുരളി യാദവ് പറഞ്ഞു.1998ല്‍ പട്നയിലേക്ക് പോകുംവഴിയാണ് ഗംഗസാഗറിനെ കാണാതെപോയത്. കുടുംബം ഒരുപാട് ശ്രമങ്ങള്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ധൻവ ദേവിയാണ് ഗംഗസാഗറിന്റെ ഭാര്യ. കമലേഷ്, വിമലേഷ് ഇവരുടെ ആണ്‍മക്കളാണ്. ഗംഗാസാഗറിനെ തിരോധാനം കുടുംബത്തെയും കുട്ടികളെയും വല്ലാതെ ബാധിച്ചിരുന്നു. മൂത്ത മകന് 2 വയസ്സ് മാത്രം പ്രായമായിരുന്നു അന്നുണ്ടായിരുന്നത്.
തിരിച്ചറിഞ്ഞ് എത്തിയ കുടുംബത്തോട് താൻ വാരണാസിയില്‍ നിന്നുമുള്ള സന്യാസിയാണെന്നും പേര് ബാബ രാജ്‌കുമാർ എന്നുമാണെന്ന് അവകാശപെട്ടുകൊണ്ട് കഴിഞ്ഞുപോയ ജീവിതകാലത്തെ ഇയാള്‍ നിരസിക്കുകയായിരുന്നു. എന്നാല്‍ നീണ്ട പല്ലുകളും, നെറ്റിയില്‍ ഉള്ള മുറിവിന്റെ പാടും, മുട്ടിലെ തഴമ്പുമുള്ള ഇയാള്‍ ഗംഗാസാഗർ തന്നെയാണെന്ന് കുടുംബം ഉറപ്പിച്ച് പറയുകയായിരുന്നു.
സംഭവത്തെ കുറിച്ച് കുടുംബം കുംഭമേളയിലെ പൊലീസ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. അതേസമയം കുംഭമേള കഴിയുന്നതുവരെ ഞങ്ങള്‍ ഇവിടെയുണ്ടാകും, ആവശ്യമെങ്കില്‍ ഡിഎൻഎ പരിശോധന നടത്തും. പരിശോധനയില്‍ ഫലം നെഗറ്റീവ് ആണെങ്കില്‍ ഞങ്ങള്‍ ബാബ രാജ്‌കുമാറിനോട് ക്ഷമാപണം നടത്തുമെന്നും കുടുംബം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.