കനത്ത പ്രതിഷേധം:; സമാധി സ്ഥലം പൊളിക്കല്‍ നിര്‍ത്തി; ഗോപന്‍ സ്വാമിയുടെ കുടുംബത്തെ കേള്‍ക്കുമെന്ന് സബ് കലക്ടര്‍,

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കുന്ന നടപടി താത്കാലികമായി നിര്‍ത്തി.

സമാധി സ്ഥലം പൊളിക്കുന്നതിനെതിരെ കുടുബവും ഒരുവിഭാഗം നാട്ടുകാരും പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് നടപടി. ഗോപന്‍ സ്വാമിയുടെ കുടുംബത്തിന്റെ ഭാഗംകൂടി കേള്‍ക്കുമെന്ന് സബ് കലക്ടര്‍ പറഞ്ഞു.

 അതേസമയം, കേസ് കോടതിയില്‍ നേരിടുമെന്ന് ഗോപന്‍സ്വാമിയുടെ കുടുംബം പറഞ്ഞു. ഗോപന്‍ സ്വാമിയുടെ സമാധിസ്ഥലം എന്ന പേരില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് അറ തുറക്കാനും പരിശോധന നടത്താനും കലക്ടര്‍ പൊലീസിന് അനുമതി നല്‍കിയിരുന്നു.

കല്ലറ തുറക്കാനായി പൊലീസ് എത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഗോപന്‍ സ്വാമിയുടെ ഭാര്യയും മക്കളും മരുമകളും സമാധിസ്ഥലത്ത് കിടന്ന് പ്രതിഷേധിച്ചു. ഓം നമശിവായ എന്ന പ്രാര്‍ത്ഥനയോടെയാണ് ഗോപന്‍ സ്വാമിയുടെ കല്ലറയ്ക്ക് മുന്നില്‍ സ്വാമിയുടെ വൃദ്ധയായ ഭാര്യ പ്രതിഷേധിച്ചത്. 

പിതാവ് സമാധിയിരിക്കുന്ന സ്ഥലമാണ്. വിശുദ്ധമായ സ്ഥലമാണിത്. സമാധിയെക്കുറിച്ച് പഠിച്ചിട്ടു വേണം സംസാരിക്കാന്‍. പൊലീസിന്റെ നടപടി ഏകപക്ഷീയമാണ്. തങ്ങളുടെ മരണത്തിനു ശേഷമേ കല്ലറ പൊളിക്കാന്‍ കഴിയൂവെന്നും മകന്‍ പറഞ്ഞു.

കല്ലറ പൊളിക്കുന്നതിനെതിരെ കുടുംബത്തെ അനുകൂലിക്കുന്ന ഏതാനും ഹൈന്ദവ സംഘടനകളും രംഗത്തു വന്നിരുന്നു. വീട്ടുകാരുടെ വിശ്വാസത്തിന്റെ പ്രശ്നമാണെന്നും, ഹൈന്ദവ വിശ്വാസത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അവര്‍ ആരോപിച്ചു. കല്ലറ പൊളിക്കുന്നത് ശരിയല്ലെന്നും, പൊലീസിന്റെ നീക്കത്തിനെതിരെ കോടതിയെ അടക്കം സമീപിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. 

ഇവരുടെ സ്ഥലം വഴിക്ക് വിട്ടുകൊടുക്കണമെന്നത് നേരത്തെ വീട്ടുകാര്‍ വിസമ്മതിച്ചിരുന്നു. ഇതാണ് നാട്ടുകാരുടെ പരാതിക്ക് പിന്നിലെന്നും കുടുംബത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. പൊലീസിന്റെ വാദം മാത്രമല്ല, വീട്ടുകാരുടെ നിലപാട് കൂടി കേള്‍ക്കാന്‍ സബ് കലക്ടര്‍ ബാധ്യസ്ഥനാണെന്ന് ഇവര്‍ വ്യക്തമാക്കി.

പൊലീസ് ബലംപ്രയോഗിച്ച് പിന്നീട് വീട്ടുകാരെ സ്ഥലത്തു നിന്നും മാറ്റുകയായിരുന്നു. പ്രതിഷേധക്കാരെയും സ്ഥലത്തു നിന്നും മാറ്റി. ജില്ലാ കലക്ടറുടെ അനുമതി ലഭിച്ചതോടെയാണ് ഗോപന്‍ സ്വാമിയുടെ കല്ലറ തുറന്നു പരിശോധിക്കാന്‍ പൊലീസ് എത്തിയത്. സബ് കലക്ടറുടെ സാന്നിധ്യത്തില്‍ കല്ലറ പൊളിച്ച് പരിശോധിക്കാനാണ് കലക്ടര്‍ അനുമതി നല്‍കിയത്. 

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സേനയെയും സ്ഥലത്തെത്തിച്ചിരുന്നു. ഫോറന്‍സിക് സംഘം അടക്കം എത്തിയശേഷം നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ച് കല്ലറ പൊളിച്ച് പരിശോധന നടത്തുമെന്ന് സ്ഥലത്തെത്തിയ സബ് കലക്ടര്‍ അറിയിച്ചു.

ഗോപന്‍ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകന്‍ രാജസേനന്‍ പറയുന്നത്. തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് കല്ലറയില്‍ അടച്ചുവെന്നാണ് ഗോപന്‍ സ്വാമിയുടെ മകനും വീട്ടുകാരും പറയുന്നത്. 

എന്നാല്‍ ഗോപന്‍ സ്വാമി അതീവ ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നാണ് ബന്ധുവിന്റെ മൊഴി. കിടപ്പിലായിരുന്ന ഗോപന്‍ സ്വാമിയെ വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നതായും ബന്ധു പൊലീസിനോട് പറഞ്ഞു.

വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ഗോപന്‍സ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്.

കല്ലറ തുറന്ന് ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയും, ഗോപന്‍ സ്വാമി മരിച്ചതിനു ശേഷമാണോ, അതിനു മുമ്പാണോ കല്ലറയില്‍ അടക്കിയതെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം തുടര്‍നടപടിയിലേക്ക് നീങ്ങാനാണ് പൊലീസ് ആലോചിക്കുന്നത്. ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന പരാതിയിലാണ് പൊലീസ് നിലവില്‍ കേസെടുത്തിട്ടുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !