തൃശൂര്‍: മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ നിരീക്ഷിക്കാന്‍ വനപാലക സംഘത്തോടൊപ്പം ഡോക്ടര്‍മാരുടെ സംഘവും അതിരപ്പിള്ളി വനം റേഞ്ചിലെ വനമേഖലയിലെത്തി.
അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍മാരായ ഡോ. ബിനോയ് സി. ബാബു, ഡോ. ഒ.വി. മിഥുന്, പാലക്കാട് വെറ്റിനറി ഓഫീസര്‍ ഡോ. ഡേവിഡ് എന്നിവരാണ് വാടാമുറി വനമേഖലയിലെത്തിയിട്ടുള്ളത്. കൊമ്പനെ നിരീക്ഷിച്ച് ആവശ്യമായ പരിചരണം നല്‍കാനാണ് വിദഗ്ധ സംഘം എത്തിയിരിക്കുന്നത്.നിലവില്‍ മുറിവില്‍ മണ്ണ് വാരിയിട്ടശേഷം പുഴയില്‍ മുങ്ങി കരയ്ക്കെത്തുന്ന രീതിയിലാണ് ഇപ്പോള്‍ കാട്ടുകൊമ്പന്. ഇത് ആനയ്ക്ക് ആശ്വാസം നല്‍കുന്നുണ്ടെന്നാണ് വിദഗ്ധ സംഘത്തിന്റെ നിഗമനം. ആനയുടെ മുറിവില്‍ പഴുപ്പുണ്ടെന്ന വാര്‍ത്ത സ്ഥിരീകരിക്കാനായിട്ടില്ല. വാടാമുറിയിലും പറയന്‍പാറയിലും സമീപത്തെ തുരുത്തിലുമാണ് ആന മാറി മാറി നില്‍ക്കുന്നത്.
ചൊവ്വാഴ്ച തീറ്റയെടുക്കല്‍ അധികം നടന്നിട്ടില്ല. എന്നാല്‍ ആന ക്ഷീണിതനുമല്ല. മനുഷ്യ സാമീപ്യം ഉള്ളതിനാലായിരിക്കാം ആന തീറ്റെയെടുക്കാത്തതെന്നും സംശയമുണ്ട്. രാത്രിയിലും നിരീക്ഷണം തുടരാന്‍ സാധിക്കുംവിധമാണ് കാര്യങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. വിദഗ്ധ വെറ്ററിനറി ഡോക്ടറായ അരുണ്‍ സക്കറിയ ബുധനാഴ്ച സ്ഥലത്തെത്തും. അദ്ദേഹത്തിന്റെ നിര്‍ദേശം കൂടി അറിഞ്ഞ ശേഷമായിരിക്കും തുടര്‍നടപടികള്‍. അതുവരെ നിരീക്ഷണം തുടരും. ആവശ്യമാണെങ്കില്‍ വയനാട് നിന്നും കുങ്കി ആനകളെ എത്തിച്ച് കാട്ടുകൊമ്പനെ വരുതിയിലാക്കാനുള്ള ആലോചനയും വനംവകുപ്പിനുണ്ട്. അതിരപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജീഷ്മ ജനാര്ദനന്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി. കെ. ശിവരാമന്, സെക്ഷന്‍ ഫോറസ്റ്റുമാരായ പി.എ. അജേഷ്, സി. എസ്. സനില്‍കുമാര്‍, എച്ച്. നൗഷാദ്, ആഷിക് ബി. വര്‍ഗീസ് കോശി, പി.എം. സുധീര്‍ എന്നിവരടങ്ങിയ സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്. ചാലക്കുടി, വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് നിരീക്ഷണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.