പഞ്ചാബ്: നമ്മുടെ രാജ്യത്ത് തന്നെ 11 വർഷമായി സംസ്കരിക്കാതെ സൂക്ഷിക്കുന്ന മറ്റൊരു സന്ന്യാസിയുടെ മൃതദേഹമാണ് ഇപ്പോള്‍ ചർച്ചകളില്‍ നിറയുന്നത്.
പഞ്ചാബ് സ്വദേശിയും ദിവ്യജ്യോതി ജാഗൃതി സൻസ്ഥാൻ സ്ഥാപകനുമായ അശുതോഷ് മഹാരാജ് എന്ന ആത്മീയ നേതാവിന്റെ മൃതദേഹമാണ് അനുയായികള്‍ 11 വർഷമായി സംരക്ഷിക്കുന്നത്. ഇദ്ദേഹം മരിച്ചിട്ടില്ല എന്നാണ് അനുയായികളുടെ നിലപാട്.തങ്ങളുടെ ഗുരു ധ്യാനത്തിലെന്നാണ് ഇവർ പറയുന്നത്. ധ്യാനത്തില്‍ നിന്നും എന്നെങ്കിലും അശുതോഷ് മഹാരാജ് ഉണരുമെന്നും ഇവർ വിശ്വസിക്കുന്നു. അതുവരെ ശരീരം കേടുകൂടാതിരിക്കാനായി മൃതശരീരം ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. 2014 ജനുവരിയിലാണ് ദിവ്യജ്യോതി ജാഗൃതി സൻസ്ഥാൻ സ്ഥാപകൻ അശുതോഷ് മഹാരാജ് മരിച്ചത്. ഹൃദയാഘാതമാണു കാരണമെന്നാണു സംശയം.
പക്ഷേ അദ്ദേഹം ഗാഢധ്യാനത്തിലാണെന്നും ഒരു ദിവസം ജീവിതത്തിലേക്കു തിരിച്ചുവരുമെന്നും അനുയായികള്‍ ഉറപ്പിച്ചു പറയുന്നു. ജലന്ധറിലെ വിശാലമായ ആശ്രമത്തിലെ ഫ്രീസറില്‍ അവർ അശുതോഷിന്റെ ശരീരം സൂക്ഷിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ മകനാണ് എന്നവകാശപ്പെടുന്ന ദിലീപ് കുമാർ ഝായും അശുതോഷിന്റെ ശിഷ്യരും തമ്മില്‍ ഇതിന്റെ പേരില്‍ കടുത്ത നിയമപോരാട്ടവും നടന്നു.
'ഹിന്ദു ആചാരമനുസരിച്ച് അശുതോഷിന്റെ ഭൗതിക ശരീരം ദഹിപ്പിക്കാൻ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഝാ കോടതിയെ സമീപിച്ചത്. എന്നാല്‍ അദ്ദേഹം മരിച്ചിട്ടില്ലെന്നും സമാധിയിലാണെന്നും ഒരു ദിവസം ധ്യാനത്തില്‍നിന്ന് ഉണരുമെന്നും അതിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നുമായിരുന്നു അനുയായികളുടെ വാദം.അതുകൊണ്ട് ശരീരം ഫ്രീസറില്‍ സൂക്ഷിക്കാൻ അനുവദിക്കണമെന്നും അവർ കോടതിയോട് അപേക്ഷിച്ചു. മൂന്നു വർഷം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ 2017 ല്‍ പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഝായുടെ ഹർജി തള്ളി. അനുയായികളുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തു.
1946 ല്‍ ബിഹാറിലെ ദർബംഗ ജില്ലയിലെ നഖ്‌ലോർ ഗ്രാമത്തിലാണ് മഹേഷ് ഝാ എന്ന അശുതോഷ് മഹാരാജ് ജനിച്ചത്. വിവാഹശേഷം ഏതാണ്ട് 18 മാസം കഴിഞ്ഞ് ഭാര്യയെയും മകനെയും ഉപേക്ഷിച്ച അശുതോഷ് മാനവ് ഉത്ഥാൻ സേവാ സമിതിയുടെ സ്ഥാപകനായ സത്പാല്‍ മഹാരാജിന്റെ ശിഷ്യത്വം സ്വീകരിച്ചു.
1983 ല്‍ സ്വന്തം സന്യാസിസംഘമായ ദിവ്യജ്യോതി ജാഗൃതി സൻസ്ഥാൻ സ്ഥാപിച്ചു. ആദ്യ കാലത്ത് ഗ്രാമങ്ങളില്‍ സത്സംഗങ്ങളും മറ്റും സംഘടിപ്പിച്ച അശുതോഷ് 1991 ല്‍ ഡല്‍ഹി കേന്ദ്രമായി പ്രവർത്തനം വ്യാപിപ്പിച്ചു.
ഇന്ന് രാജ്യത്തു പലയിടത്തുമായി അതിന് നൂറിലേറെ ശാഖകളും ലോകമെമ്പാടുമായി കോടിക്കണക്കിന് അനുയായികളുമുണ്ട്. ഇന്ത്യ, യുഎസ്, തെക്കേ അമേരിക്ക, ഓസ്ട്രേലിയ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലാണു കൂടുതല്‍ അനുയായികള്‍.
100 ഏക്കറിലേറെ വലുപ്പമുള്ള ആശ്രമ സമുച്ചയത്തില്‍ കനത്ത സുരക്ഷയിലാണ് അശുതോഷ് കഴിഞ്ഞിരുന്നത്. ''അദ്ദേഹം മരിച്ചിട്ടില്ല. സമാധിയിലും അദ്ദേഹം ബോധവാനാണ്. അദ്ദേഹത്തിന്റെ ധ്യാനം അവസാനിക്കുന്നതിനായി അനുയായികള്‍ കാത്തിരിക്കുന്നു. അതുവരെ, നൂർമഹല്‍ പട്ടണത്തിലെ ആശ്രമം തുറന്നിരിക്കും.
ധ്യാനങ്ങളും ആത്മീയ പരിപാടികളും നടത്തും. തിരിച്ചുവരുന്നതുവരെ ശരീരം സംരക്ഷിക്കണമെന്നു മഹാരാജ്‌ജി ഇപ്പോഴും അനുയായികളിലൂടെ സന്ദേശമയയ്ക്കുന്നുണ്ട്''- ആശ്രമ വക്താവ് സ്വാമി വിശാലാനന്ദ് വാർത്താ ഏജൻസിയോടു പറഞ്ഞു.
അശുതോഷിന്റെ ഭൗതികശരീരം ഫ്രീസറില്‍ വയ്ക്കാനുള്ള തീരുമാനത്തെ അദ്ദേഹത്തിന്റെ മുൻ ഡ്രൈവറെന്ന് അവകാശപ്പെടുന്ന ഒരാളും കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. ഗുരുവിന്റെ സ്വത്തുക്കളുടെ പങ്ക് ലഭിക്കാനാണു ചിലർ ശരീരം പുറത്തെടുക്കാത്തതെന്നും ആരോപിച്ചു.
വൈദ്യശാസ്ത്രപരമായി അശുതോഷ് മരിച്ചെന്നും ശരീരം എന്തു ചെയ്യണമെന്ന് അനുയായികള്‍ക്കു തീരുമാനിക്കാമെന്നും പഞ്ചാബ് സർക്കാർ പറഞ്ഞതിനാലാണു കോടതി ഹർജി തള്ളിയതെന്ന് അഡീഷനല്‍ അഡ്വക്കറ്റ് ജനറലായിരുന്നു റീത കോലി പറഞ്ഞു. കോടതി ഉത്തരവിട്ടതിനാല്‍ ഇടപെടാൻ കഴിയില്ല എന്നായിരുന്നു പൊലീസിന്റെ നിലപാട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.