പറവൂർ: പറവൂർ ചേന്ദമംഗലത്ത് അയല്‍വാസി മൂന്നുപേരെ വീട്ടില്‍ കയറി അടിച്ചുകൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കിഴക്കുമ്പറത്ത് പെരയപ്പാടം കാട്ടുപറമ്പില്‍ വേണു (65), ഭാര്യ ഉഷ (58), മകള്‍ വിനീഷ (32) എന്നിവരാണ് മരിച്ചത്.വിനീഷയുടെ ഭർത്താവ് ജിതിൻ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണം നടത്തിയ അയല്‍വാസി ഋതു ജയനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊലക്ക് ശേഷം 'നാലെണ്ണത്തെ ഞാൻ തീർത്തിട്ടുണ്ട്' എന്ന് സമീപവാസികളോട് വിളിച്ചുപറഞ്ഞ് ജിതിന്റെ സ്കൂട്ടറുമെടുത്താണ് അക്രമി സ്ഥലംവിടുന്നത്. എന്നാല്‍ ആ വഴി വന്ന വടക്കേക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥിരം കുറ്റവാളിയായ ഋതുവിനെ കാണുകയും പന്തികേടു സംശയിച്ചു നടത്തിയ ചോദ്യം ചെയ്യലില്‍ കൊലപാതക വിവരം പുറത്തുവരികയുമായിരുന്നു. ഋതുവിനെ ഉടൻ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പറവൂർ, വടക്കേക്കര സ്റ്റേഷനുകളില്‍ നിരവധി കേസുകളുള്ള പ്രതി പ്രദേശത്ത് സ്ഥിരം ശല്യക്കാരനും ലഹരിക്കടിമയുമാണ്. 2022 മുതല്‍ പൊലീസിന്‍റെ റൗഡി ലിസ്റ്റിലുള്ളയാളാണ് പ്രതി. ഇയാളുടെ നിരന്തര ശല്യത്തിനെതിരെ വേണുവിന്‍റെ വീട്ടുകാർ പൊലീസില്‍ പരാതി നല്‍കിയിരുന്നു.ശല്യം രൂക്ഷമായതോടെ വീട്ടില്‍ സി.സി.ടി.വി കാമറയും സ്ഥാപിച്ചിരുന്നു. പ്രതി ഋതുവും കൊല്ലപ്പെട്ട വേണുവിന്റെ കുടുംബവും തമ്മില്‍ കൊലപാതകത്തിനു തൊട്ടു മുൻപ് വീട്ടില്‍ വളർത്തിയിരുന്ന നായയെ ചൊല്ലി തർക്കം നടന്നിരുന്നുവെന്നാണു വിവരം. വേണുവിന്റെ വീട്ടിലെ നായ തന്റെ വീട്ടിലേക്ക് വന്നിരുന്നുവെന്നു പറഞ്ഞാണ് ഋതു ഇവരുടെ വീട്ടിലെത്തിയത്.
കൈയില്‍ കരുതിയിരുന്ന ഇരുമ്പ് വടികൊണ്ട് വേണു, ഭാര്യ ഉഷ, മരുമകൻ ജിതിൻ, മകള്‍ വിനീഷ എന്നിവരെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ജിതിൻ ഒഴികെ മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
ബംഗളൂരുവില്‍ ജോലി ചെയ്തിരുന്ന പ്രതി രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്. ആക്രമണം നടത്താൻ ഉപയോഗിച്ച രണ്ട് പൈപ്പുകള്‍ കണ്ടെത്തി. വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികളെ ബന്ധുവീടുകളിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.