കാസർകോട്: സുഹൃത്തിന്റെ ഭാര്യയില്‍ നിന്നും കടം വാങ്ങിയ സ്വർണ്ണം പണയപ്പെടുത്തിയ ശേഷം തിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ചോടിയ യുവാവ് പൊലീസ് പിടിയില്‍.
കാസർകോട് മാലോം സ്വദേശി ഷാജിയെ ആണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കാശിന് അത്യാവശ്യം വന്നപ്പോഴാണ് മാലോം ചുള്ളിനായ്ക്കർ വീട്ടില്‍ ഷാജി തൻ്റെ സുഹൃത്തിൻ്റെ ഭാര്യയുടെ കൈയില്‍ നിന്ന് സ്വർണ്ണമാല കടം വാങ്ങിയത്. ഇത് ബാങ്കില്‍ പണയം വെച്ച് കാശു വാങ്ങി. അവധി കഴിഞ്ഞതോടെ സുഹൃത്തിന്റെ ഭാര്യ മാല തിരിച്ചു ചോദിച്ചു. പക്ഷേ തിരിച്ചെടുക്കാൻ ഷാജിയുടെ കയ്യില്‍ കാശില്ല. തുടർന്നാണ് സ്വർണ്ണമാല പൊട്ടിക്കുക എന്ന വഴി തേടിയത്. തോട്ടില്‍ തുണി കഴുകാനായി പോയ വീട്ടമ്മയുടെ കഴുത്തില്‍ അണിഞ്ഞിരുന്ന സ്വർണ്ണ മാല പട്ടാപകല്‍ ഷാജി പൊട്ടിച്ചോടി. 2024 സെപ്റ്റംബറിലാണ് മാലോം കാര്യോട്ട് ചാലിലെ മഞ്ജു ജോസിൻ്റെ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണ മാല ഇയാള്‍ തട്ടിപ്പറച്ചത്. പോലീസ് അന്വേഷണം തുടങ്ങി. പക്ഷേ പ്രതിയെ കണ്ടെത്താനായില്ല.ഷാജിയാണെന്നതിന് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. ഏറെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പിടിയിലായത്. പൊട്ടിച്ചെടുത്ത മാല ഷാജി മാലക്കല്ലിലെ ഒരു ജ്വലറിയില്‍ വിറ്റ ശേഷം, മുക്കാല്‍ പവൻ തൂക്കം വരുന്ന മറ്റൊരു സ്വർണ്ണമാല വാങ്ങുകയുമായിരുന്നു.
കടം വാങ്ങിയതിന് പകരമായി സുഹൃത്തിൻ്റെ ഭാര്യയ്ക്ക് ഈ മാല നല്‍കുകയും ചെയ്തു. ജില്ലയില്‍ മുൻപ് നടന്നിട്ടുള്ള മറ്റേതെങ്കിലും മോഷണകേസില്‍ ഷാജിക്ക് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.