ചണ്ഡീഗഢ്: സമരം തുടരുന്ന പഞ്ചാബിലെ കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും. വിളകളുടെ താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉള്‍പ്പെടെയുള്ള കര്‍ഷകരുടെ ആവശ്യങ്ങളില്‍ ഫെബ്രുവരി 14 ന് ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കര്‍ഷകനേതാവ് ജഗ്ജീത് സിങ് ദല്ലേവാള്‍ ചികിത്സാസഹായം സ്വീകരിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ച കണ്‍വീനര്‍ ദല്ലേവാളിന്റെ മരണം വരെയുള്ള ഉപവാസസമരം ശനിയാഴ്ചയോടെ അമ്പത്തിനാല് ദിവസം പൂര്‍ത്തിയായിരുന്നു. എന്നാല്‍ ഉപവാസം അവസാനിപ്പിക്കാന്‍ ദല്ലേവാള്‍ തയ്യാറായില്ല.
വിളകളുടെ താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഏര്‍പ്പെടുത്താനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതുവരെ അനിശ്ചിതകാല ഉപവാസസമരം ദല്ലേവാള്‍ പിന്‍വലിയ്ക്കില്ലെന്ന് കര്‍ഷകനേതാവ് സുഖ്ജീത് സിങ് ഹര്‍ദോഝാണ്ഡെ അറിയിച്ചു. അദ്ദേഹം ചികിത്സ തേടിയതായുള്ള ചിത്രങ്ങള്‍ പിന്നീട് കര്‍ഷകര്‍ പുറത്തുവിട്ടിരുന്നു.
കേന്ദ്ര കൃഷിമന്ത്രാലയം ജോയിന്റ് സെക്രട്ടറി പ്രിയ രഞ്ജന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ദല്ലേവാളും മറ്റ് കര്‍ഷകപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് പതിനൊന്ന് മാസമായി നടത്തിവരുന്ന സമരത്തില്‍ ആശ്വാസം പകരുന്ന ഒരു നീക്കുപോക്ക് കര്‍ഷകരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. സമരത്തിന്റെ നേതൃനിരയിലുള്ള സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച തുടങ്ങിയ സംഘടകളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
ഫെബ്രുവരി 14-ന് ചര്‍ച്ച നടത്താമെന്ന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ചികിത്സാസഹായം സ്വീകരിക്കാന്‍ കര്‍ഷകനേതാക്കള്‍ ദല്ലേവാളിനോട് അഭ്യര്‍ഥിക്കുകയായിരുന്നു. ഫെബ്രുവരിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായി ചികിത്സാസഹായം സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികളും ദല്ലേവാളിനെ നിര്‍ബന്ധിച്ചു. ചണ്ഡീഗഢിലെ മഹാത്മ ഗാന്ധി സ്റ്റേറ്റ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ വൈകിട്ട് അഞ്ച് മണിക്കാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.
ചികിത്സാസഹായം സ്വീകരിക്കുന്നതിനുമുമ്പ് അനിശ്ചിതകാല ഉപവാസസമരം നടത്തുന്ന 121 കര്‍ഷകരുടെ സമ്മതം ദല്ലേവാള്‍ തേടിയിരുന്നു. കുറച്ചുദിവസം മുമ്പാണ് 111 കര്‍ഷകരുടെ ഒരു സംഘം ദല്ലേവാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉപവാസം ആരംഭിച്ചത്. പിന്നീട് പത്ത് കര്‍ഷകര്‍ കൂടി സമരത്തില്‍ പങ്കുചേര്‍ന്നു. കഴിഞ്ഞ നവംബര്‍ 26 മുതലാണ് ദല്ലേവാള്‍ ഉപവാസം ആരംഭിച്ചത്. ഉപവാസത്തെ തുടര്‍ന്ന് ദല്ലേവാളിന്റെ ശരീരഭാരം 20 കിലോഗ്രാം കുറഞ്ഞതായി നേതാക്കള്‍ അറിയിച്ചു.
ദല്ലേവാളിന്റെ ആരോഗ്യനിലയിലുള്ള ആശങ്ക കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥസംഘത്തെ കൂടിക്കാഴ്ചയ്ക്കായി അയച്ചതെന്ന് പ്രിയ രഞ്ജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഉപവാസം അവസാനിപ്പിക്കാനും ചികിത്സാസഹായം സ്വീകരിക്കാനും ദല്ലേവാളിനെ നിര്‍ബന്ധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞകൊല്ലം ഫെബ്രുവരി എട്ട്, 12, 15, 18 തീയതികളില്‍ കേന്ദ്രസര്‍ക്കാരും കര്‍ഷകനേതാക്കളുമായി ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ചര്‍ച്ചകളെല്ലാം തന്നെ പരാജയമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.