തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ.
ഗോപന്‍സ്വാമിയുടെ പോസ്റ്റ്മോര്‍ട്ടം വ്യാഴാഴ്ച ഉച്ചയോടെ പൂര്‍ത്തിയായി. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുമെന്നാണ് കരുതുന്നത്. വിശദമായ റിപ്പോര്‍ട്ടും വൈകാതെ ലഭ്യമാകും. ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്കും അയക്കും. ഇതിന്റെ പരിശോധനാഫലം ലഭിക്കാന്‍ ഒരാഴ്ചയോളം സമയമെടുക്കും.
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഗോപന്‍സ്വാമിയുടെ മകന് സനന്ദനും വി.എച്ച്.പി. നേതാക്കള്‍ അടക്കമുള്ളവരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്. കനത്ത പോലീസ് സുരക്ഷയും ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിനിടെ, കല്ലറ പൊളിച്ച് പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഏറ്റുവാങ്ങില്ലെന്നായിരുന്നു ഗോപന്‍സ്വാമിയുടെ മകനും കുടുംബാംഗങ്ങളും ആദ്യം പറഞ്ഞിരുന്നത്. ആചാരങ്ങള്‍ ലംഘിച്ച് മൃതദേഹം പുറത്തെടുത്തതിനാലാണ് ഏറ്റുവാങ്ങാന്‍ ഇവര്‍ ആദ്യം വിസമ്മതിച്ചത്. എന്നാല്‍, വി.എച്ച്.പി. നേതാക്കളടക്കം ഇടപെട്ട് ഇവരെ അനുനയിപ്പിക്കുകയും മൃതദേഹം ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയുമായിരുന്നു. അതേസമയം, മൃതദേഹം നേരത്തെ 'സമാധി ഇരുത്തി'യെന്ന് പറയുന്ന കല്ലറയില്‍തന്നെ വീണ്ടും സംസ്കരിക്കുമോ എന്നതില്‍ വ്യക്തതയില്ല.
വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഗോപന്‍സ്വാമിയുടെ സമാധിയിടം പൊളിച്ചുതുടങ്ങിയത്. സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. സ്ലാബ് പൊളിച്ചുമാറ്റിയതിന് പിന്നാലെ കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി. കല്ലറയ്ക്കുള്ളില്‍ മൃതദേഹത്തിന്റെ നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു. തുടര്‍ന്ന് മൃതദേഹം കല്ലറയ്ക്കുള്ളില്‍നിന്ന് പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി.
മൃതദേഹം പൂര്‍ണമായും അഴുകിയിട്ടില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജില്‍വെച്ച് പോസ്റ്റ്മോര്‍ട്ടം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്നാണ് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഗോപന്‍സ്വാമിയുടെ മകനെയും പോലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് കൊണ്ടുപോയിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നതിന് മുമ്പ് സബ് കളക്ടറും പോലീസ് ഉദ്യോഗസ്ഥരും ഗോപന്‍സ്വാമിയുടെ കുടുംബവുമായി കാര്യങ്ങള്‍ സംസാരിച്ചു. കുടുംബാംഗങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതായി സബ് കളക്ടര്‍ ഒ.വി. ആല്‍ഫ്രഡ് മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.