ബെംഗളൂരു: ഡിംസബര്‍ 31-ന് ചിത്രദുര്‍ഗ എസ്.പി രഞ്ജിത്ത് കുമാര്‍ ബെണ്ടാരുവിന് ഒരു ഫോണ്‍വിളിയെത്തി. ചിത്രദുര്‍ഗ അബ്ബിനഹള്ളി ഗ്രാമത്തിലെ 11 വയസ്സുകാരായ രണ്ട് വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നും അവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെന്നുമായിരുന്നു ഫോണ്‍വിളിച്ചയാൾ പറഞ്ഞത്. ഇതോടെ എസ്.പിയുടെ നേതൃത്വത്തില്‍ വ്യാപക അന്വേഷണം ആരംഭിച്ചു. പിന്നീടാണ് കഥയിൽ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുണ്ടായത്. ഹോംവർക്ക് ചെയ്യാത്തതിന്‍റെ പേരിൽ ശിക്ഷ ലഭിക്കാതിരിക്കാൻ രണ്ട് കുട്ടികൾ ചേർന്ന് കെട്ടിച്ചമച്ച കള്ളക്കഥയായിരുന്നു അത്.
സ്‌കൂള്‍ബാഗില്ലാതെ കുട്ടികള്‍ ഡിസംബര്‍ 31-ാം തീയതി രാവിലെ പത്ത് മണിയോടെ വീട്ടില്‍ തിരിച്ചെത്തിയത് മുതലാണ് സംഭവത്തിന്റെ തുടക്കം. സാധാരണ രാവിലെ 6.30-ന് ധര്‍മുത്രയില്‍ നിന്ന് ബസ്സില്‍ കയറി ട്യൂഷന്‍ക്ലാസ് കഴിഞ്ഞശേഷം 9.30 ഓടെയാണ് കുട്ടികള്‍ സ്‌കൂളിലേക്കെത്തുക. വൈകീട്ട് തിരിച്ചെത്തുകയും ചെയ്യും. അന്നേദിവസം നേരത്തെ വീട്ടില്‍ തിരിച്ചെത്തിയതിനേക്കുറിച്ച് ചോദിച്ചപ്പോഴാണ് തങ്ങളെ ചിലർ 'തട്ടിക്കൊണ്ടുപോയ' കഥ ഇവർ വീട്ടുകാരോട് പറഞ്ഞത്.
സ്‌കൂളിലേക്ക് പോകുംവഴി വെള്ള മാരുതി ഒമ്‌നി വാനിലെത്തിയ മുഖംമൂടി ധരിച്ച മൂന്നംഗ സംഘം തങ്ങളെ ബലമായി വാനില്‍ കയറ്റിയെന്നും മുഖത്ത് മയങ്ങിപ്പോകാനുള്ള മരുന്ന് സ്‌പ്രേചെയ്‌തെന്നും ഇവര്‍ വീട്ടുകാരോട് പറഞ്ഞു. കുറച്ചുകഴിഞ്ഞ് ബോധം തെളിഞ്ഞപ്പോള്‍ തങ്ങൾ ഉദ്ദേശിച്ച കുട്ടികളെല്ല ഇവരല്ലെന്ന് സംഘം പറയുന്നത് കേട്ടെന്നും പിന്നീട് വഴിയരികിൽ ഇറക്കിവിടുകയായിരുന്നുവെന്നുമാണ് കുട്ടികള്‍ പറഞ്ഞത്.
രക്ഷിതാക്കള്‍ പോലീസിനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞതോടെ എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. കുട്ടികളുടെ പെരുമാറ്റത്തിലും സംസാരത്തിലുമൊന്നും പോലീസിന് സംശയം തോന്നിയതുമില്ല.
കുട്ടികള്‍ പറഞ്ഞ സ്ഥലങ്ങളിലെ സി.സി.ടി.വിയടക്കം പരിശോധിച്ചെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചില്ല. മാത്രമല്ല, പരിസരവാസികളോട് ചോദിച്ചപ്പോള്‍ അങ്ങനെയൊരു ഓമ്‌നി വാന്‍ വന്നിട്ടില്ലെന്ന് വ്യക്തമാവുകയും ചെയ്തു. തുടര്‍ന്ന് സ്‌കൂള്‍ അധ്യാപികയോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പോലീസിന് സംശയം തോന്നിയത്. ഇതോടെ വിദ്യാര്‍ഥികളെ പ്രത്യേകമായി വിളിച്ച് പോലീസ് കാര്യങ്ങള്‍ ചോദിച്ചു. സത്യം പറഞ്ഞാല്‍ ശിക്ഷിക്കില്ലെന്ന് ഉറപ്പ് പറഞ്ഞതോടെയാണ് കുട്ടികള്‍ ഹോവര്‍ക്കിന്റെ കാര്യം പറഞ്ഞത്.
കുട്ടികള്‍ക്ക് ക്ലാസില്‍ ഹോംവര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, രണ്ട് പേരും അത് പൂര്‍ത്തിയാക്കിയിരുന്നില്ല. ഹോംവര്‍ക്ക് ചെയ്തില്ലെങ്കില്‍ ശിക്ഷകിട്ടുമെന്നും രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിക്കുമെന്നും കുട്ടികള്‍ക്ക് അറിയാമായിരുന്നു. ഇതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ കഥയുണ്ടാക്കാന്‍ ഇവർ തീരുമാനിച്ചത്. സമൂഹ മാധ്യമങ്ങളില്‍ നിന്നാണ് കുട്ടികള്‍ക്ക് ഈ ആശയം കിട്ടയതെന്നും പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.