സിഡ്നി: ബോര്‍ഡര്‍ ഗാവസ്ക്കര്‍ പരമ്പരയില്‍ മോശം പ്രകടനം നടത്തിയ താരങ്ങളുടെ ടീമിലെ നിലനില്പ് ചോദ്യം ചെയ്യപ്പെടുകയാണെന്ന് റിപ്പോര്‍ട്ട്. സിഡ്നിയില്‍ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന അവസാന ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സാന്നിധ്യം പോലും ഉറപ്പിച്ചു പറയാന്‍ കോച്ച് ഗൗതം ഗംഭീര്‍ തയ്യാറായിരുന്നില്ല. ഇപ്പോഴിതാ പരമ്പരയില്‍ മോശം പ്രകടനം നടത്തിയ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും സിഡ്നി ടെസ്റ്റിലെ ടീമിലുണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
മത്സര ദിവസത്തെ പിച്ച് കണ്ടതിനു ശേഷമേ പ്ലേയിങ് ഇലവനെ തീരുമാനിക്കൂ എന്നാണ് ഗംഭീര്‍ കണിശമായി പറഞ്ഞത്. ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് പന്തിന്റെ പ്രകടനങ്ങള്‍ കുറച്ചുകാലമായി നിരീക്ഷണത്തിലാണ്. മെല്‍ബണില്‍ നടന്ന നാലാം ടെസ്റ്റിനിടെ രണ്ട് തവണയും പന്ത് അശ്രദ്ധമായി വിക്കറ്റ് കളഞ്ഞത് വലിയ വിമര്‍ശനത്തിന് കാരണമായി. ഒന്നാം ഇന്നിങ്സില്‍ മോശം ഷോട്ടില്‍ പുറത്തായ പന്തിനെ വിഡ്ഢി എന്ന് വിളിച്ചായിരുന്നു മുന്‍ താരം സുനില്‍ ഗാവസ്ക്കര്‍ രോഷം പ്രകടിപ്പിച്ചത്. സമനിലയിലാക്കാമായിരുന്ന മത്സരം അവസാന ദിനം അവസാന സെഷനിലെ മോശം പ്രകടനത്തിലാണ് ഇന്ത്യ കൈവിട്ടത്. ഈ ബാറ്റിങ് തകര്‍ച്ചയുടെ തുടക്കവും പന്തില്‍ നിന്നായിരുന്നു.
പരമ്പരയില്‍ ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ പന്തിനായിട്ടില്ല. ഇതോടെയാണ് അവസാന ടെസ്റ്റില്‍ പന്തിനെ ഒഴിവാക്കി പകരം റിസര്‍വ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെലിന് ഒരു മത്സരത്തില്‍ അവസരം നല്കാന് ടീം മാനേജ്മെന്റ് ആലോചിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓസ്ട്രേലിയ എയ്ക്കെതിരായ ഇന്ത്യ എയുടെ പരിശീലന ടെസ്റ്റില്‍ ജുറെല്‍ 80, 68 എന്നിങ്ങനെ സ്കോര്‍ ചെയ്തിരുന്നു. എന്നാല്‍ പെര്‍ത്ത് ടെസ്റ്റില്‍ അവസരം ലഭിച്ചെങ്കിലും താരത്തിന് തിളങ്ങാനായിരുന്നില്ല.
സിഡ്നിയില്‍ തുടങ്ങുന്ന അഞ്ചാം ടെസ്റ്റ് ജയിച്ചാലേ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താനുള്ള ചെറിയസാധ്യതയെങ്കിലും ശേഷിക്കൂ. ഇതിനിടെ, താരങ്ങളും ടീം മാനേജ്മെന്റുമായി കോച്ച് ഗൗതം ഗംഭീര്‍ അകല്‍ച്ചയിലാണെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ടുചെയ്തു. മെല്‍ബണില്‍നടന്ന നാലാംടെസ്റ്റില് വിജയസാധ്യതയിലെത്തിയശേഷം ഇന്ത്യ നിരുപാധികം കീഴടങ്ങിയശേഷം ഗംഭീര്‍ താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ചതായി അറിയുന്നു. ഋഷഭ് പന്ത്, രോഹിത് ശര്‍മ തുടങ്ങിയവര്‍ പുറത്തായ രീതിയില്‍ കടുത്തനീരസം പ്രകടിപ്പിച്ച കോച്ച് 'എനിക്കു മതിയായി' എന്നു തുറന്നടിച്ചു.
പൊതുവേ കര്‍ക്കശക്കാരനായി അറിയപ്പെടുന്ന ഗംഭീര്‍ പരിശീലകനായി ചുമതലയേറ്റ ഉടന്‍ കളിക്കാരുടെ അവരുടെ രീതിക്കനുസരിച്ച് കളിക്കാന്‍ അനുവദിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ പരമ്പര വഴിത്തിരിവിലെത്തിയതോടെ ഓരോരുത്തരും കളിക്കേണ്ട രീതിയെക്കുറിച്ച് കോച്ച് വിശദമായ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍, ഗ്രൗണ്ടില്‍ ഇതൊന്നും പാലിച്ചില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.