ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് ബിജെപി പ്രകടനപത്രിക. സൗജന്യങ്ങൾ, സബ്‌സിഡി, അടിസ്ഥാനവികസനം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളാണ് ആദ്യഘട്ട പത്രികയിലൂടെ ഡൽഹിയിലെ വോട്ടർമാർക്ക് ബിജെപി വാഗ്ദാനം ചെയ്യുന്നത്. വനിതകൾക്ക് പ്രതിമാസം 2500 രൂപയാണ് വാഗ്ദാനം. ഗർഭിണികൾക്ക് ഒറ്റത്തവണ 21,000 രൂപയും ആറ് പോഷകാഹാര കിറ്റുകളും കൂടാതെ ആദ്യ കുട്ടിക്ക് 5,000 രൂപയും രണ്ടാമത്തെ കുട്ടിക്ക് 6,000 രൂപയും നൽകുമെന്നും ബിജെപിയുടെ പ്രകടനപത്രികയിൽ പറയുന്നു.
ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ബിജെപി മന്ത്രിസഭ അധികാരമേറ്റാലുടൻ രാജ്യതലസ്ഥാനത്ത് ആയുഷ്മാൻ ഭാരത് പദ്ധതി പൂർണമായും നടപ്പാക്കും. അതിനുപുറമെ, മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപയുടെ അധിക സഹായവും നൽകും. ആകെ പത്തുലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയാണ് പത്രിക വാഗ്ദാനം ചെയ്യുന്നത്.
സ്ത്രീകൾക്ക് മാത്രം ലഭിക്കുന്ന സൗജന്യ ബസ് യാത്രാ പദ്ധതിയിൽ വിദ്യാർഥികളെയും മുതിർന്ന പൗരന്മാരെയും ഉൾപ്പെടുത്തുമെന്നും ബിജെപി പറയുന്നു. വീടുകളിൽ 300 യൂണിറ്റും ആരാധനാലയങ്ങൾക്ക് 500 യൂണിറ്റ് വരെയും സൗജന്യ വൈദ്യുതിയും ബിജെപി വാദ്ഗാനം ചെയ്യുന്നു.ദീപാവലിക്കും ഹോളിക്കും സൗജന്യ ഗ്യാസ് സിലിണ്ടർ നൽകുമെന്നാണ് മറ്റൊരു വാഗ്ദാനം.60-70 പ്രായപരിധിയിലുള്ളവർക്ക് 2,000-2,500 രൂപയും 70 വയസ്സിനു മുകളിലുള്ളവർക്ക് 3,000 രൂപയും ലഭിക്കുന്ന പെൻഷൻ പദ്ധതിയും പ്രഖ്യാപിച്ചു. വിധവകൾക്കുള്ള സഹായം മൂവായിരം രൂപയായി ഉയർത്തും.
എല്ലാ ചേരികളിലും അടൽ കന്റീനുകൾ സ്ഥാപിക്കുമെന്നും അവിടെ 5 രൂപയ്ക്ക് ഊണ് നൽകുമെന്നും വാഗ്ദാനം ചെയ്യുന്നു. മൊഹല്ല ക്ലിനിക്കുകളുമായി ബന്ധപ്പെട്ട അഴിമതിയിൽ ബിജെപി അധികാരത്തിലെത്തിയാൽ എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്നും അതിൽ ഉൾപ്പെട്ടവരെ ജയിലിലടക്കുമെന്നും ജെ.പി. നഡ്ഡ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.