കൊച്ചി: കൂത്താട്ടുകുളം നഗരസഭാ സംഘർഷത്തിൽ സ്വന്തം പാർട്ടിയുടെ കൗൺസിലറെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ സിപിഎം നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ശനിയാഴ്ച. അറസ്റ്റ് തടയണമെന്ന ആവശ്യം എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി അംഗീകരിച്ചില്ല. കൂത്താട്ടുകുളം മുൻസിപ്പൽ ചെയർപഴ്സൻ അടക്കമുള്ള പ്രതികളാണു മുന്‍കൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നാണു ഹർജിക്കാരുടെ വാദം.
മുനിസിപ്പൽ ചെയർപഴ്സൻ അടക്കമുള്ളവരാണു തങ്ങളെന്നും നിരവധി ഉത്തരവാദിത്തങ്ങൾ ഉള്ള ഇവർക്ക് കേസ് നിലനിൽക്കുന്നതിനാൽ പൊതുരംഗത്തേക്ക് ഇറങ്ങി പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്നും ഹർജിക്കാർ വാദിച്ചു. സംഭവത്തിന്റെ നാലു വിഡിയോ ദൃശ്യങ്ങളും പരിശോധിച്ചശേഷമാണ് ഹർജിയിൽ ശനിയാഴ്ച വിധി പറയാമെന്നു കോടതി വ്യക്തമാക്കിയത്.
കൗൺസിലർ കല രാജുവിനെ തങ്ങൾ തട്ടിക്കൊണ്ടു പോയെന്ന കേസ് കെട്ടിച്ചമച്ചതാണെന്നു ഹർജിക്കാർ വാദിച്ചു. കല രാജു പാർട്ടി ഓഫിസിൽ സന്തോഷത്തോടെയാണു സമയം ചെലവഴിച്ചത്. മുനിസിപ്പൽ ഓഫിസിന് 200 മീറ്റർ മാത്രം അകലെയാണ് പാർട്ടി ഓഫിസ്. കല രാജു രാവിലെ 10.30 മുതൽ 4.30 വരെയാണ് പാർട്ടി ഓഫിസിൽ ചെലവഴിച്ചത്. അവിടെനിന്ന് അവരെ വീട്ടില്‍ കൊണ്ടുവിട്ടു.
പിന്നീട് പൊലീസ് എത്തിയാണ് കൂത്താട്ടുകുളം താലൂക്ക് ആശുപത്രിയിലേക്ക് കല രാജുവിനെ കൊണ്ടുപോകുന്നത്. താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ദേഹത്ത് പരുക്കുകൾ ഒന്നുമില്ലെന്നാണ് റിപ്പോർട്ടെന്നും ഹർജിക്കാർ പറയുന്നു. കൂത്താട്ടുകുളത്തുനിന്ന് കല രാജുവിനെ നേരെ കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലേക്കാണു കൊണ്ടുപോയതെന്നും എന്നാൽ പോകുന്ന വഴിയിൽ മറ്റു വലിയ ആശുപത്രികൾ ഉണ്ടായിരുന്നിട്ടും അവിടെയൊന്നും കയറിയില്ലെന്നും ഹർജിക്കാർ വാദിച്ചു. കല രാജു ആശുപത്രിയിൽ എത്തിയതിനുശേഷം മാധ്യമങ്ങളോടു സംസാരിച്ചിരുന്നു. എന്നാൽ നാലുദിവസം കഴിഞ്ഞ് രഹസ്യമൊഴി രേഖപ്പെടുത്താൻ സ്ട്രക്ചറിൽ ആണ് കൊണ്ടുപോയതെന്നും കല രാജുവിന്റേത് അഭിനയമായിരുന്നു എന്നുമാണ് ഹർജിക്കാർ വാദിച്ചത്. അവരിപ്പോൾ എല്ലാ ദിവസവും വാർത്ത സമ്മേളനം നടത്തുന്നുണ്ടെന്നും യാതൊരു ആരോഗ്യ പ്രശ്നങ്ങളുമില്ലെന്നും ഹർജിക്കാർ വാദിച്ചു.അവിശ്വാസ പ്രമേയ ചർച്ചയുമായി ബന്ധപ്പെട്ടാണ് കൂത്താട്ടുകുളത്ത് സംഘർഷമുണ്ടാവുന്നതും കല രാജുവിനെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങളുമുണ്ടാകുന്നത്. കല രാജുവിെന കൂട്ടുപിടിച്ച് കോൺഗ്രസ് കുതിരക്കച്ചവടം നടത്തുകയായിരുന്നു എന്നാണ് സിപിഎം ആരോപണം. എന്നാൽ സിപിഎം പ്രവർത്തകർ തന്നെ വസ്ത്രാക്ഷേപം നടത്തുകയും വലിച്ചിഴച്ച് വാഹനത്തിൽ കൊണ്ടുപോയെന്നും മക്കളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും കല രാജു പൊലീസില്‍ പരാതി നൽകുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.