കൊച്ചി: സമൂഹമാധ്യമങ്ങളിൽ അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ തനിക്കെതിരെ ഒട്ടേറെ കുറിപ്പുകൾ പ്രസിദ്ധീകരിച്ചെന്ന നടിയുടെ പരാതി സംവിധായകൻ സനൽകുമാർ ശശിധരനു കൂടുതൽ കുരുക്കാകും. നിലവിലെ കേസിനു പുറമെ മുൻ കേസിൽ ലഭിച്ച ജാമ്യം റദ്ദാകുന്നതിലേക്കുവരെ നടപടികൾ നീളാം. പരാതി സംബന്ധിച്ച് പൊലീസ് ഇന്നു നടിയുടെ വിശദമായ മൊഴിയും രേഖപ്പെടുത്തി.2022ൽ സമാനമായ വിധത്തിൽ നടിക്കെതിരെ പരാമർശങ്ങൾ നടത്തിയതിന് സനൽകുമാർ ശശിധരന്‍ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ സമാനമായ കുറ്റകൃത്യമാണു ചെയ്തിരിക്കുന്നത് എന്നതിനാലും പരാതിക്കാരിയെ ഭീഷണിപ്പെടുത്തി എന്നതും ചൂണ്ടിക്കാട്ടി സനലിന്റെ ജാമ്യം റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പൊലീസ്.
അമേരിക്കയിലുണ്ടെന്നു കരുതുന്ന സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടികളും പൊലീസ് ശ്രമിച്ചു വരികയാണ്. നയതന്ത്ര മേഖലകൾ വഴിയും സനലിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും സജീവമാണെന്ന് പൊലീസ് പറയുന്നു. സനൽകുമാർ ശശിധരന്റെ സമൂഹമാധ്യമ പോസ്റ്റുകൾ തനിക്ക് അവമതിപ്പുണ്ടാക്കുന്നതാണെന്നു കാട്ടിയാണു നടി പരാതി നൽകിയത്.
നടിയുടേത് എന്ന മട്ടിൽ ചില ശബ്ദസന്ദേശവും ഇത്തരത്തിൽ സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ചിരുന്നു. ഇതോടെയാണു നടി പരാതി നൽകിയതും പൊലീസ് കേസെടുത്തതും. ഇതിനെതിരെയും സനൽകുമാർ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുകയും പിന്നാലെ മറ്റൊരു ശബ്ദസന്ദേശം കൂടി പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാൽ ഇതിന്റെ ആധികാരികത ഉറപ്പാക്കിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.