യൂറോപ്പ്:കോവിഡ് മഹാമാരിയില്‍ തകര്‍ന്നടിഞ്ഞ ടൂറിസം മേഖല അതില്‍നിന്ന് പൂര്‍ണ്ണ തിരിച്ചുവരവ് നടത്തിയതായി ഐക്യരാഷ്ട്ര സഭയുടെ ടൂറിസം ഓര്‍ഗനൈസേഷന്റെ കണക്കുകള്‍. 2024-ല്‍ 140 കോടി ആളുകള്‍ അന്താരാഷ്ട്ര യാത്ര നടത്തിയെന്ന് യു.എന്‍.ഡബ്ല്യു.ടി.ഒ.യുടെ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് ലോകത്തെ ബാധിക്കുന്നതിന് മുമ്പുള്ള, 2019-ന് സമാനമായ കണക്കാണിത്.
കഴിഞ്ഞ വര്‍ഷം 1.9 ട്രില്യണ്‍ ഡോളറാണ് ടൂറിസ്റ്റുകള്‍ ചെലവഴിച്ചത്. അതായത് ഒരോ ടൂറിസ്റ്റും ശരാശരി 1000 ഡോളര്‍ (86000 രൂപയോളം) ചെലവഴിച്ചിട്ടുണ്ടെന്നും യുഎന്‍ ഓര്ഗനൈസേഷന് വ്യക്തമാക്കുന്നു.
യൂറോപ്പിലേക്കാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ കഴിഞ്ഞ വർഷം എത്തിയതെന്നും യു.എന്‍.ഡബ്ല്യു.ടി.ഒ. പറയുന്നു. യുക്രൈന്-റഷ്യ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ ഈ മേഖലയിലെ ചില പ്രദേശങ്ങളിലേക്ക് ടൂറിസ്റ്റുകളുടെ വരവ് നിലച്ചിരിക്കെ കൂടിയാണ് യൂറോപ്പിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കെന്നതും ശ്രദ്ധേയമാണ്.
ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ സന്ദര്‍ശിച്ചത് ഫ്രാന്‍സാണ്. 10 കോടിപേരാണ് ഇവിടെ എത്തിയത്. ഒമ്പത് കോടി സഞ്ചാരികളെ വരവേറ്റ് സ്പെയിന് രണ്ടാമതെത്തി.
സമ്മര്‍ ഒളിമ്പിക്സ്, പാരീസിലെ ഐതിഹാസികമായ നോത്രദാം പള്ളി തുറക്കല്‍, നോര്‍മാണ്ടിയിലെ ഡി-ഡേ ലാന്‍ഡിംഗിന്റെ 80-ാം വാര്‍ഷികം എന്നിവ കഴിഞ്ഞ വര്‍ഷം സഞ്ചാരികളെ ഫ്രാന്സിലേക്കെത്തിക്കുന്നതില് പ്രധാന പങ്കുവഹിച്ചു.
31.6 കോടി ആളുകള്‍ 2024-ല്‍ ഏഷ്യ-പസഫിക് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 21.3 കോടി സഞ്ചാരികള്‍ അമേരിക്കന്‍ ഭൂകണ്ഡത്തിലേക്കും 9.5 കോടി പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും സന്ദര്‍ശനം നടത്തി. ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത് 7.4 കോടി സഞ്ചാരികളാണ്.
മിഡില്‍ ഈസ്റ്റില്‍ വിനോദസഞ്ചാരികളെ എത്തിക്കുന്നിതല് ഖത്തര്‍ വന്‍കുതിപ്പ് നടത്തി. അവിടെ എത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ 137 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ മാത്രമല്ല ഖത്തര്‍ കുതിപ്പ് നടത്തിയിട്ടുള്ളത്.
2024-ല്‍ ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേയ്സ് തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളമാണ് ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന പദവി സ്വന്തമാക്കിയിട്ടുള്ളത്.
ഫ്രാന്‍സ്-സ്പെയിന് അതിര്‍ത്തിക്കിടയിലുള്ള ചെറിയ രാജ്യമായ അന്‍ഡോറ, കുവൈത്ത്, അല്‍ബേനിയ തുടങ്ങിയ ചെറിയ രാജ്യങ്ങളും ടൂറിസം മേഖലയില്‍ വന്‍കുതിപ്പ് നത്തിയതായും യുഎന്‍ ഓര്ഗനൈസേഷന് വിവരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.