തിരുവനന്തപുരം: സ്പാർക്കുമായി ബന്ധപ്പെട്ട പരാതികളും അപേക്ഷകളും പ്രോസസ് ചെയ്യുന്നതിന് ഓൺലൈൻ ടിക്കറ്റിങ് സോഫ്റ്റ്‌വെയർ സംവിധാനം നടപ്പിലാക്കുന്നു. ഇതു സംബന്ധിച്ച ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങി. സുരക്ഷാപ്രശ്‌നങ്ങളാണ് ചൂണ്ടികാണിച്ചാണ് നടപടി. www.info.spark.gov.in എന്ന വെബ്‌സൈറ്റിൽ ഇതിനുള്ള സംവിധാനം ജനുവരി 25 മുതൽ നിലവിൽ വരും.
ഇത് പരാതിയുടെ രജിസ്‌ട്രേഷൻ, പ്രോസസ്സിങ്, ട്രാക്കിങ് എന്നിവയ്ക്ക് കൂടുതൽ ഫലപ്രദമാകും. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ജനുവരി 25 മുതൽ സ്പാർക്ക് പി.എം.യു. മുമ്പുപയോഗിച്ചിരുന്ന ഇമെയിൽ സംവിധാനം നിലയ്ക്കും.
നിലവിലെ സംവിധാനത്തിനു പുറമേ, വലിയ തോതിൽ സമാന്തരസംവിധാനങ്ങൾ പരാതികൾക്കായി ഉപയോഗിക്കുന്നതും അവയ്ക്ക് മറുപടി നൽകുവാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാകുന്നതും സാങ്കേതികവും ഭരണപരവുമായ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നതും സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിരുന്നു.
തുടർന്നാണ് ടിക്കറ്റ് നമ്പർ അടിസ്ഥാനമാക്കിയുള്ള പരാതിപരിഹാര സംവിധാനം സർക്കാർ വികസിപ്പിച്ചത്.
സ്പാർക്കിലെ ഡി.ഡി.ഒമാർ മാത്രമല്ല, PEN (പെർമനെന്റ് എംപ്ലോയീ നമ്പർ) ഉള്ള എല്ലാ ജീവനക്കാർക്കും അവരുടെ PEN, ഇ-മെയിൽ ഐ.ഡി., മൊബൈൽ നമ്പർ എന്നിവ നൽകി പരാതി/അപേക്ഷ രജിസ്റ്റർ ചെയ്യാം. അപ്പോൾ തന്നെ ഒരു ടിക്കറ്റ് ജനറേറ്റ് ചെയ്യപ്പെടും.
ഇതിലൂടെ അനന്തര നടപടികൾ സ്പാർക്ക് പി.എം.യു.യുടെ ആഭ്യന്തര സംവിധാനത്തിലൂടെ ട്രാക്ക് ചെയ്യാനാവും. ഡി.ഡി.ഒമാർക്കും ജീവനക്കാർക്കും തൽസ്ഥിതി അറിയാനും സാധിക്കും. ഒരു പരാതിയുടെ മുൻവിവരങ്ങൾ, പ്രക്രിയകളുടെ പുരോഗതി, തീർപ്പാക്കലിന്റെ സമയക്രമം എന്നിവ തത്സമയം ലഭ്യമാക്കുവാനും ഒഴിവാക്കാനും പുതിയ സംവിധാനം സഹായിക്കും.
പുതിയ സോഫ്റ്റ്‌വെയർ നടപ്പിലാകുന്നതിലൂടെ സംവിധാനത്തിന്റെ കാര്യക്ഷമതയും സുതാര്യതയും വർധിക്കും, കൂടുതൽ ഏകീകൃതമാവും. ധനകാര്യ ജോയിന്റ് സെക്രട്ടറി സുരേഷ് കുമാർ ഒ.ബിയാണ് ഉത്തരവിൽ ഒപ്പുവെച്ചിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.