കോട്ടയം: നീണ്ട ഇടവേളക്കു ശേഷം മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എൻ.എസ്.എസ് ആസ്ഥാനത്തെത്തി. 11 വർഷത്തെ അകൽച്ചക്കു ശേഷമാണ് ചെന്നിത്തല എൻ.എസ്.എസ് ആസ്ഥാനത്ത് എത്തിയത്. 148ാമത് മന്നംജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് അദ്ദേഹം പെരുന്നയിലെത്തിയത്.
മന്നം ജയന്തിയോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്യുന്നത്. മന്നം ജയന്തിയിൽ പങ്കെടുക്കാനുള്ള എൻ.എസ്.എസിന്റെ ക്ഷണം സ്വീകരിച്ചാണ് ചെന്നിത്തല എത്തിയിരിക്കുന്നത്. മന്നംജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ കെ. ഫ്രാൻസിസ് ജോർജ് എം.പി, എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ എന്നിവർ സംസാരിക്കും.
മന്നം ജയന്തിയിലേക്ക് എൻ.എസ്.എസ് ക്ഷണിച്ചതിന് പിന്നാലെ ചെന്നിത്തലക്ക് പിന്തുണയുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. ശിവഗിരി തീർത്ഥാടന പദയാത്രയുമായി ബന്ധപ്പെട്ട സമ്മേളനത്തിലേയ്ക്കും എസ്.എൻ.ഡി.പി രമേശ് ചെന്നിത്തലയെ ക്ഷണിക്കുകയും ചെയ്തു.
പിന്നാലെ സമസ്തയുടെ വേദികളിലേക്കും ചെന്നിത്തല ക്ഷണിക്കപ്പെട്ടു. ജാമിഅഃ നൂരിയ സമ്മേളനത്തിലെ ഒരു സെഷന്റെ ഉദ്ഘാടകനായാണ് രമേശ് ചെന്നിത്തലയെ നിശ്ചയിച്ചിരിക്കുന്നത്. ജനുവരി നാലിന് എം.കെ. മുനീർ അധ്യക്ഷനാകുന്ന സെഷൻ ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജനുവരി 11ന് മഞ്ചേരി ജാമിഅ ഇസ്‍ലാമിയ്യയുടെ വാർഷിക സമ്മേളനത്തിലും മുഖ്യാതിഥിയായി രമേശ് ചെന്നിത്തല പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.