മുംബൈ: വിവിധ ജില്ലകളുടെ ഗാർഡിയൻ മന്ത്രിമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് മഹായുതിയിൽ തർക്കം രൂക്ഷമായി. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ശിവസേനാ (ഷിൻഡെ) നേതാക്കൾ എന്നിവരുടെ അതൃപ്തി മൂലം നാസിക്, റായ്ഗഡ് ജില്ലകളുടെ ഗാർഡിയൻ മന്ത്രി നിയമനം സർക്കാർ പിൻവലിച്ചു. എൻസിപി മന്ത്രി അദിതി തത്ക്കറെ, ബിജെപി മന്ത്രി ഗിരീഷ് മഹാജൻ എന്നിവർക്കായിരുന്നു റായ്ഗഡ്, നാസിക് ജില്ലകളുടെ ചുമതല യഥാക്രമം നൽകിയിരുന്നത്.
എന്നാൽ, മുതിർന്ന ശിവസേനാ (ഷിൻഡെ) നേതാക്കളായ മന്ത്രി ദാദാജി ബുസെ (നാസിക്), മന്ത്രി ഭരത് ഗോഗാവ്‌ലെ (റായ്ഗഡ്) എന്നിവർക്ക് അവരുടെ ജില്ലയുടെ ഗാർഡിയൻ മന്ത്രി ചുമതല നൽകിയില്ലെന്നു മാത്രമല്ല ഗാർഡിയൻ മന്ത്രിമാരുടെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതാണ് ഷിൻഡെ വിഭാഗം നേതാക്കളെ ചൊടിപ്പിച്ചത്. അദിതി തത്ക്കറെയെ റായ്ഗഡിൽ നിയമിച്ചതിൽ പ്രതിഷേധിച്ച് ജില്ലയിലെ ശിവസേനയുടെ 38 നേതാക്കൾ സ്ഥാനം രാജിവച്ചു. ഇത്തരമൊരു തീരുമാനത്തിന് ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ എങ്ങനെ സമ്മതം കൊടുത്തുവെന്നും നേതാക്കൾ ചോദിച്ചു. സർക്കാർ തീരുമാനത്തിനെതിരെ ഗോഗാവ്‌ലെ പരസ്യമായി രംഗത്തുവന്നപ്പോൾ, തനിക്കു നൽകുന്ന ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റുമെന്ന് മാത്രമാണ് ബുസെ പ്രതികരിച്ചത്.
ഒട്ടേറെ കാലമായി നാസിക്, റായ്ഗഡ് ജില്ലകളിൽ പ്രവർത്തിക്കുന്ന ദാദാജി ബുസെ, ഭരത് ഗോഗാവ്‌ലെ എന്നിവരുടെ ഗാർഡിയൻ മന്ത്രി സംബന്ധമായ ആവശ്യം തീർത്തും ന്യായമാണെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി അജിത് പവാർ എന്നിവരുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും ശിവസേനാ നേതാവും ഉപമുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ പിന്നീട് പ്രതികരിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കുന്നതിനെ ചൊല്ലി മഹാവികാസ് അഘാഡിയിൽ ഭിന്നത നിലനിൽക്കുന്നതിനിടെ എൻസിപി നേതാവ് ശരദ് പവാറുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തി. ബിഎംസിയിൽ ഉൾപ്പെടെ ശിവസേന (ഉദ്ധവ്) ഒറ്റയ്ക്ക് മത്സരിക്കുമെന്ന തരത്തിൽ പ്രസ്താവനകൾ നടത്തുന്നതിനിടെയാണ് ഇരുവരും ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയത്.
എംവിഎ രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ശരദ് പവാർ, കോൺഗ്രസ്, ശിവസേന, എൻസിപി നേതാക്കൾ ഉടൻ യോഗം ചേരുമെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുമോ ഒറ്റയ്ക്ക് മത്സരിക്കുമോയെന്ന് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.