കൊച്ചി: സ്കൂള്‍ കലോത്സവ വാര്‍ത്താ അവതരണത്തിനിടെ ദ്വയാര്‍ഥ പ്രയോഗം നടത്തിയെന്ന പരാതിയിൽ എടുത്ത പോക്സോ കേസില്‍ റിപ്പോര്‍ട്ടര്‍ ടി.വി. വാര്‍ത്താ അവതാരകനും കണ്‍സള്‍ട്ടിങ് എഡിറ്ററുമായ കെ. അരുണ്‍ കുമാറിനും സബ് എഡിറ്റര്‍ ഷാബാസ് അഹമ്മദിനും ഇടക്കാല മുന്‍കൂര്‍ ജാമ്യം. എന്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്.
'ഇരയ്ക്ക് പരാതിയില്ല, രക്ഷിതാക്കള്‍ക്ക് ആവലാതിയില്ല. ഇത് പബ്ലിസിറ്റിക്കുവേണ്ടിയാണോ? പ്രതി മാധ്യമപ്രവര്‍ത്തകനാണ്. എന്തിനാണ് അയാളെ ബുദ്ധിമുട്ടിക്കുന്നത്. അറസ്റ്റുചെയ്താല്‍ ജാമ്യത്തില്‍ വിടണം', കോടതി പറഞ്ഞു. കേസിനാധാരമായ വീഡിയോ കുട്ടിയുടേയും രക്ഷിതാക്കളുടേയും അനുമതിയോടെ ചെയ്ത ടെലി സ്കിറ്റാണെന്ന് പ്രതികള്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. സ്വന്തം ജാമ്യത്തിലാണ് അരുണ്‍ കുമാറിനെ ജാമ്യത്തില്‍ വിട്ടത്.
സംസ്ഥാന സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിനിടെയുള്ള ദ്വയാര്‍ഥപ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി.വി.യിലെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. കെ. അരുണ്‍കുമാര്‍ ഒന്നാം പ്രതിയും സബ് എഡിറ്റര്‍ ഷാബാസ് രണ്ടാം പ്രതിയും കണ്ടാലറിയാവുന്നയാളെ മൂന്നാംപ്രതിയാക്കിയുമായിരുന്നു കേസ്. പോക്സോ നിയമത്തിലെ സെക്ഷന്‍ 11,12 ഉള്‍പ്പെടുത്തിയാണ് കേസ്. വനിതാ ശിശുക്ഷേമ ഡയറക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിരുന്നു.
കലോത്സവത്തില്‍ പങ്കെടുത്ത ഒപ്പന ടീമിനെയുള്‍പ്പെടുത്തി ചാനല്‍ തയ്യാറാക്കിയ പരിപാടിയും പിന്നീട് ഇതുമായി ബന്ധപ്പെട്ട് അരുണ്‍കുമാറും സഹപ്രവര്‍ത്തകരും നടത്തിയ സംഭാഷണവുമാണ് കേസിന് വഴിയൊരുക്കിയത്. ചാനല്‍ തയ്യാറാക്കിയ പരിപാടിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിനുപിന്നാലെയാണ് ബാലാവകാശ കമ്മിഷന് ഇടപെട്ടത്. കമ്മിഷന് ചാനല്‍ മേധാവിയില്‍നിന്നും ജില്ലാ പോലീസ് മേധാവിയില്‍നിന്നും റിപ്പോര്‍ട്ടും തേടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.