ന്യൂഡൽഹി: യമുനാ നദിയിൽ ഹരിയാന സർക്കാർ വിഷം കലക്കുന്നുവെന്ന ആരോപണത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു വിശദീകരണം നൽകി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കടുത്ത വിമർശനത്തിനു പിന്നാലെയാണു 14 പേജുള്ള വിശദീകരണക്കത്ത് കേജ്‍രിവാൾ കൈമാറിയത്.
ജലശുദ്ധീകരണ പ്ലാന്റുകൾക്കു പൂർണശേഷിയിൽ പ്രവർത്തിക്കാൻ കഴിയാത്ത തരത്തിൽ യമുനയിലെ അമോണിയ അളവ് ഉയർന്നെന്നു ഡൽഹി ജല ബോർഡിനെ ഉദ്ധരിച്ച് കേജ്‌രിവാൾ പറഞ്ഞു. ‘‘ഹരിയാനയിൽനിന്നും ഉത്തർപ്രദേശിൽനിന്നുമാണു ഡൽഹിക്കു കുടിവെള്ളം കിട്ടുന്നത്. അടുത്തിടെ ലഭിക്കുന്ന വെള്ളം വളരെ മലിനവും ആരോഗ്യത്തിനു ദോഷമുള്ളതുമാണ്. അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഹരിയാനയിലെ ബിജെപി സർക്കാർ വെള്ളത്തിൽ വിഷം കലർത്തുകയാണ്. ഡൽഹി ജല ബോർഡിന്റെ ജാഗ്രത കൊണ്ടാണു തടയാനായത്’’– കേജ്‍രിവാൾ പറഞ്ഞു.
ഡൽഹിയിലെ ജനങ്ങൾക്കു നല്ല വെള്ളം ലഭ്യമാക്കാൻ ഹരിയാനയോടു നിർദേശിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനോടു കേജ്‌രിവാൾ അഭ്യർഥിച്ചു. എഎപി തലവനായ കേജ്‌രിവാളിനെതിരെ ബിജെപിയും കോൺഗ്രസും രംഗത്തെത്തി. താൻ കുടിക്കുന്ന വെള്ളത്തിൽ ഹരിയാനയിലെ ബിജെപി സർക്കാർ വിഷം കലർത്തുമോ എന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചത്.
‘‘5 വർഷം മുൻപു കേജ്‌രിവാൾ യമുനയിൽ കുളിക്കുമെന്നും വെള്ളം കുടിക്കുമെന്നും പറഞ്ഞു. ഇന്നുവരെ അദ്ദേഹം യമുനയിലെ വെള്ളം കുടിച്ചിട്ടില്ല’’ എന്നായിരുന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.