ചണ്ഡിഗഡ്∙ കഴിഞ്ഞവർഷം ക്രമക്കേടു നടത്തിയതു കയ്യോടെ പിടികൂടിയ ചണ്ഡിഗഡ് കോർപറേഷനിൽ ഇത്തവണ നടന്ന മേയർ തിരഞ്ഞെടുപ്പിൽ എഎപി–കോൺഗ്രസ് സഖ്യത്തിനെതിരെ ബിജെപിക്ക് വിജയം. എഎപി–കോൺഗ്രസ് സഖ്യത്തിന്റെ സ്ഥാനാർഥി പ്രേംലതയ്ക്ക് 17 വോട്ടും ബിജെപി സ്ഥാനാർഥി ഹർപ്രീത് കൗർ ബാബ്‌ലയ്ക്ക് 19 വോട്ടുകളുമാണ് ലഭിച്ചത്. വ്യാഴാഴ്ച രാവിലെ 11.20ന് ചണ്ഡിഗഡ് മുൻസിപൽ കോർപറേഷന്റെ അസംബ്ലി ഹാളിൽ ആരംഭിച്ച പോളിങ് ഉച്ചയ്ക്ക് 12.19നാണ് അവസാനിച്ചത്.
തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ, വോട്ടവകാശമുള്ള ചണ്ഡിഗഡ് എംപി എന്നിവർ ഉൾപ്പെടെ 35 അംഗങ്ങളാണ് കോർപറേഷന്റെ ഭാഗമായുള്ളത്. ബിജെപി –16 ,എഎപി –13, കോൺഗ്രസ്– 6 ചണ്ഡിഗഡ് എംപി (കോൺഗ്രസ്)–1 എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിനു മുൻപുള്ള അംഗങ്ങളുടെ എണ്ണം. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മുൻപ് ഒരു കോൺഗ്രസ് കൗൺസിലർ ബിജെപിയിലേക്ക് കൂറുമാറിയതോടെയാണ് അവരുടെ എണ്ണം 16 ആയി ഉയർന്നത്.
രഹസ്യ ബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ് നടന്നത്. പഞ്ചാബ്–ഹരിയാന ഹൈക്കോടതി മുൻ ജഡ്ജി ജയ്ശ്രീ ഠാക്കൂർ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര നിരീക്ഷകയായി പങ്കെടുത്തു. കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പ് ക്രമക്കേട് സുപ്രീം കോടതി വരെ എത്തിയതിനാൽ തിരഞ്ഞെടുപ്പ് സുതാര്യമാക്കാൻ കോടതി തന്നെയാണ് നിരീക്ഷകനെ നിയമിച്ചത്. കഴിഞ്ഞ വർഷം നടന്ന മേയർ തിരഞ്ഞെടുപ്പിൽ വരണാധികാരി ക്രമക്കേടു കാട്ടിയതു വിവാദമായിരുന്നു.
ഇന്ത്യ മുന്നണിയുടെ കുൽദീപ് കുമാറിനു 20 വോട്ടും ബിജെപിയുടെ മനോജ് സൊൻകറിനു 16 വോട്ടുമാണു ലഭിച്ചത്. എന്നാൽ ഇന്ത്യമുന്നണിയുടെ 8 വോട്ടുകൾ വരണാധികാരി അസാധുവാക്കി ബിജെപി സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചു. വിഷയം സുപ്രീം കോടതിയിലെത്തുകയും കോടതി കുൽദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.