കൊച്ചി: പെരിയ ഇരട്ടകൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കെവി കുഞ്ഞിരാമൻ അടക്കം നാല് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
സിപിഐഎം മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമൻ ഉള്‍പ്പെടെ നാല് പ്രതികളാണ് അപ്പീല്‍ നല്‍കിയത്. പ്രത്യേക സിബിഐ കോടതി വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കിയത്. കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ വി ഭാസ്കരൻ എന്നിവരാണ് അപ്പീല്‍ നല്‍കിയ മറ്റു മൂന്നുപേർ. അഞ്ചുവർഷം തടവിന് ശിക്ഷിച്ചതോടെ ഇവരുടെ ജാമ്യം റദ്ദാക്കിയിരുന്നു. നിലവില്‍ കണ്ണൂർ സെൻട്രല്‍ ജയിലിലാണ് നാലുപേരും.കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കഴിഞ്ഞ ദിവസം കോടതി വിധിച്ചത്. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. എറണാകുളം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.
സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമൻ, സിപിഐഎം ഉദുമ മുൻ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ, സിപിഐഎം പാക്കം മുൻ ലോക്കല്‍ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവർക്ക് അഞ്ച് വർഷം തടവും 10000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരുന്നത്.
2019 ഫെബ്രുവരി 17 നായിരുന്നു കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം കാസര്‍കോട് പെരിയില്‍ നടന്നത്. രാത്രി ഏഴരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത്ത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോള്‍ ശരതിന് ഇരുപത്തിമൂന്നും കൃപേഷിന് പത്തൊമ്പതുമായിരുന്നു പ്രായം.
ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവം ആദ്യം ലോക്കല്‍ പൊലീസിന്റെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ പൊലീസ് അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് കാണിച്ച് ശരതിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.
പെരിയയില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നും പ്രതികള്‍ സിപിഐഎം ബന്ധമുള്ളവരാണെന്നും കോണ്‍ഗ്രസ് അന്ന് തന്നെ ആരോപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.