റായ്‌പൂർ: ഛത്തീസ്ഗഡില്‍ അഴിമതി വെളിച്ചത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രകറിനെ റോഡ് നിർമാണ കരാറുകാരനായ സുരേഷ് ചന്ദ്രകറും സംഘവും കൊന്നത് അതിക്രൂരമായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്.
ശരീരത്തിന്റെ പല ഭാഗത്തും ഗുരുതര ഒടിവുകളും ആന്തരികാവയവങ്ങളില്‍ വരെ മുറിവുകള്‍ ഉള്ളതായുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടില്‍ പറയുന്നത്.മുകേഷ് ചന്ദ്രകറിന്റെ കഴുത്ത് ഒടിഞ്ഞതായും തലയോട്ടിയില്‍ മാത്രം 15 ഫ്രാക്ച്ചറുകള്‍ ഉള്ളതായും കണ്ടെത്തി. മുകേഷിനെ കൊന്നത് എത്രത്തോളം ക്രൂരമായാണെന്ന് ആന്തരികാവയവങ്ങള്‍ക്കുള്ള പരിക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മുകേഷിന്റെ ഹൃദയം കീറി മുറിക്കപ്പെട്ടതായും, കരള്‍ നാല് കഷ്ണം ആക്കിയതായും റിപ്പോർട്ടില്‍ പറയുന്നു. വാരിയെല്ലുകളില്‍ മാത്രം അഞ്ച് ഒടിവുകളാണുള്ളത്. കേസില്‍ കരാറുകാരനായ സുരേഷ് ചന്ദ്രകറെ പൊലീസ് ഹൈദരാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
റോഡ് നിർമാണവുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവന്നതിന്റെ പക മൂലമാണ് സ്വതന്ത്ര്യ മാധ്യമപ്രവർത്തകനായിരുന്ന മുകേഷ് ചന്ദ്രാകർ കൊല്ലപ്പെട്ടത്. 28കാരനായ മുകേഷ് നിരന്തരം ജനകീയ വിഷയങ്ങളില്‍ ഇടപെടുന്നയാളായിരുന്നു. ബിജാപൂർ നഗരത്തിലെ റോഡ് കോണ്‍ട്രാക്ടറായ സുരേഷ് ചന്ദ്രകറിന്റെ വീട്ടില്‍ സെപ്റ്റിക് ടാങ്കിലാണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്.
ജനുവരി ഒന്ന് മുതലാണ് മുകേഷിനെ കാണാതായത്. മുകേഷിന്റെ അവസാന ലൊക്കേഷൻ സുരേഷിന്റെ വീടിന് അടുത്തായിരുന്നു എന്നതാണ് പൊലീസിനെ പ്രതിയിലേക്കെത്താൻ സഹായിച്ചത്.
ഇവിടം പരിശോധന നടത്തിയ പൊലീസ് പുതുതായി കോണ്‍ക്രീറ്റ് ഉപയോഗിച്ച് മൂടിയ നിലയില്‍ ഒരു സെപ്റ്റിക്ക് ടാങ്ക് കണ്ടെത്തി. ഇതില്‍ സംശയം തോന്നി പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.